ഏറ്റുമാനൂര്‍: പേരൂര്‍ പുളിമൂട് എസ്ബിഐയുടെ എടിഎം കൗണ്ടറില്‍ മോഷണശ്രമം. പുലര്‍ച്ചെ 2.37നും 2.42നും മധ്യേയാണ് മോഷണശ്രമുണ്ടായത്. എടിഎം സ്ഥിതി ചെയ്യുന്ന എന്‍എസ്എസ് കരയോഗമന്ദിരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് മോഷണശ്രമം തിരിച്ചറിഞ്ഞത്. പിന്നില്‍ ബാഗ് തൂക്കി നീല തൊപ്പിയും മാസ്കും ധരിച്ച് മുടി പറ്റെ വെട്ടിയ യുവാവ് ഈ സമയം എടിഎമ്മിലേക്ക് കയറി തിരികെ പോകുന്നതായാണ് ദൃശ്യങ്ങള്‍. അതേസമയം എടിഎം കൗണ്ടറിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിക്കാനുണ്ട്.
വിരലടയാളവിദഗ്ധര്‍ എത്തി പരിശോധിച്ച ശേഷമേ പോലീസിനും ബാങ്ക് അധികൃതര്‍ക്കും കൗണ്ടറിനകത്തേക്ക് പ്രവേശിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്താനാവു. എസ്എച്ച്ഒ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ പോലീസും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി. കൗണ്ടറില്‍ നിന്നും മണം പിടിച്ച പോലീസ് നായ തൊട്ടടുത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ കയറി കറങ്ങിയ ശേഷം തിരിച്ചെത്തി.
സിഡിഎമ്മും എടിഎമ്മും കൂടിയുളളതാണ് ഇവിടെയുള്ള കൗണ്ടര്‍. യന്ത്രത്തിന്റെ മുന്‍ഭാഗം കുത്തിപൊളിച്ച നിലയിലാണ്. കൃത്യത്തിനുപയോഗിച്ചു എന്നു കരുതുന്ന കമ്പിപാര കൗണ്ടറിനുള്ളില്‍ കിടപ്പുണ്ട്. പുളിമൂട് കവലയില്‍ ബാങ്കിനോട് ചേര്‍ന്നുള്ള എടിഎം തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പത്ര വിതരണക്കാരന് വിവരം സമീപത്ത് താമസിക്കുന്ന റിട്ടയര്‍ഡ് പോലീസ് സബ് ഇന്‍സ്പെക്ടര്‍ പ്രസാദിനോട് പറയുകയും അദ്ദേഹം അറിയിച്ചതനുസരിച്ചു ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: