ന്യൂദല്‍ഹി: ഇന്ത്യ ഇസ്രയേലില്‍ നിന്നും രഹസ്യനിരീക്ഷണത്തിന് സഹായിക്കുന്ന പെഗാസസ് സോഫ്റ്റ് വെയര്‍ വാങ്ങിയെന്ന റിപ്പോര്‍ട്ടുമായി ന്യൂയോര്‍ക്ക് ടൈംസ് പത്രം എത്തിയിരിക്കുകയാണ്. 2017ലെ പ്രധാനമന്ത്രി മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനവേളയിലാണ് പെഗസസ് വാങ്ങിയതെന്നും ന്യൂയോര്‍ക്ക് ടൈംസ് ആരോപിക്കുന്നു.
2019ല്‍ ഇന്ത്യ ഇസ്രയേലിന് അനുകൂലമായി ഐക്യരാഷ്ട്ര സഭയില്‍ വോട്ട് ചെയ്തത് പെഗാസസ് സോഫ്റ്റ് വെയര്‍ കിട്ടാന്‍ വേണ്ടിക്കൂടിയാണെന്നും ന്യൂയോര്‍ക്ക് ടൈംസ് ആരോപിച്ചിട്ടുണ്ട്. എന്നാല്‍ ഈ ആരോപണം ശുദ്ധ വിഡ്ഡിത്തമാണെന്ന മറുപടിയുമായി ഇന്ത്യയുടെ മുന്‍ യുഎന്‍ പ്രതിനിധിയായ സയ്യിദ് അക്ബറുദ്ദീന്‍ രംഗത്തെത്തിയിരിക്കുകയാണ്. ‘യുഎന്നില്‍ 2019ല്‍ ഇന്ത്യ ഇസ്രയേലിന് അനുകൂലമായി വോട്ട് ചെയ്തത് പെഗാസസ് സോഫ്റ്റ് വെയര്‍ കിട്ടാനാണെന്ന ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിന്റെ ആരോപണം ശുദ്ധഅസംബന്ധമാണ്,’-സയ്യിദ് അക്ബറുദ്ദീന്‍ പറയുന്നു.അദ്ദേഹം തന്റെ ഈ അഭിപ്രായം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുമുണ്ട്.
2016 മുതല്‍ 2020 വരെ ഇന്ത്യയുടെ സ്ഥിരം യുഎന്‍ പ്രതിനിധിയായിരുന്നു സയ്യിദ് അക്ബറുദ്ദീന്‍. 2019ല്‍ പലസ്തീനിലെ ഒരു മനുഷ്യാവകാശ സംഘടനയ്ക്ക് ഐക്യരാഷ്ട്രസഭയില്‍ നിരീക്ഷക പദവി നല്‍കാനുള്ള തീരുമാനം വോട്ടിനിട്ടപ്പോള്‍ ഇന്ത്യ ഇസ്രയേലിന് അനുകൂലമായാണ് വോട്ട് ചെയ്തത്. അന്ന് ഇന്ത്യയ്ക്ക് വേണ്ടി ഇസ്രയേലിന് അനുകൂലമായി വോട്ട് ചെയ്തത് സയ്യിദ് അക്ബറുദ്ദീനായിരുന്നു. എന്നാല്‍ ഇസ്രയേലിന് അനുകൂലമായ ഈ വോട്ടിന് ന്യൂയോര്‍ക്ക് ടൈംസ് ആരോപിക്കുന്നതുപോലെ പെഗാസസ് സോഫ്റ്റ് വെയര്‍ കരാറുമായി യാതൊരു ബന്ധവുമില്ലെന്ന് സയ്യിദ് അക്ബറുദ്ദീന്‍ ആണയിട്ട് പറയുന്നു.
ഇതോടെ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിലെ ഒരു ഭാഗം തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്. 2017ല്‍ ഇസ്രയേല്‍ സന്ദര്‍ശിച്ചപ്പോള്‍ മോദി 200 കോടി ഡോളറിന്റെ കരാര്‍ ഇസ്രയേലുമായി ഒപ്പുവെച്ചെന്നും ഇതില്‍ പെഗാസസ് സോഫ്റ്റ് വെയര്‍ വാങ്ങാനുള്ള കരാറും ഉണ്ടായിരുന്നു എന്നതാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: