ന്യൂദല്‍ഹി: രാജ്യത്തെ മുതിര്‍ന്നവരില്‍ 75% പേര്‍ക്കും പൂര്‍ണമായി വാക്‌സിനേഷന്‍ നല്‍കിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യയുടെ വാക്‌സിനേഷന്‍ യജ്ഞവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യയുടെ ട്വീറ്റിന് മറുപടിയായി ആണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മുതിര്‍ന്നവരില്‍ 75% പേരും പൂര്‍ണ്ണമായും വാക്‌സിനേഷന്‍ എടുത്തവരാണ്. ഈ സുപ്രധാന നേട്ടം കൈവരിച്ച നമ്മുടെ പൗരന്മാര്‍ക്ക് അഭിനന്ദനങ്ങള്‍. രാജ്യത്തിന്റെ പ്രതിരോധ കുത്തിവയ്‌പ്പ് യജ്ഞം വിജയകരമാക്കുന്ന എല്ലാവരിലും അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി റീട്വീറ്റ് ചെയ്തു. ഇന്നു രാവിലെ ഏഴു മണിവരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 165.70 കോടി പിന്നിട്ടു.
1,81,35,047 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,22,682 ഡോസുകളാണ് നല്‍കിയതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 1,16,93,162 പേര്‍ കരുതല്‍ ഡോസും സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: