രമ രാജ്മോഹന്‍
ഹിമകണമിറ്റുന്ന പുലരിയിലന്നു
ഞാനൊരു ചെറുമുകുളമായുത്ഭവിക്കേ,
മകളായ്പിറന്നതീമണ്ണിന്റെയുപ്പിലായ്,
മധുരിക്കും ബാല്യം കടന്നുപോയി.
അരുമക്കിടാവായരുവിപോലൊഴുകിഞാന-
കതാരില്‍ ചിന്തതന്‍ തേരിലേറി,
കൗമാരസ്വപ്നത്തിന് തിരയേറി വന്നൊരാ
നിറമേറും വര്ണ്ണമണിഞ്ഞുനിന്നു.
ആത്മവൃക്ഷത്തിന് ശിഖരങ്ങളങ്ങനെ
പൂവിട്ടു പൂര്‍ണ്ണഫലങ്ങള്‍ നല്കി.
പ്രണയത്തിന് യാത്രതന്‍ പരിണതിയായ് പിന്നെ,
പരിണയമെത്തി പതിവ്രതയായ്.
പടിയിറങ്ങിപ്പോന്ന വഴികളില്‍ തിരയവേ
മകളെന്ന സത്യം പിറകിലായി.
ചില്ലകള്‍ പൂവിട്ടു ഫലമിട്ടു നീളവേ,
അമ്മയായ് കാലം പരിണമിച്ചു.
കുഞ്ഞിളം ചുണ്ടുകള്ക്കമൃതംപകര്ന്നേകി,
അറിവിന്റെയാദ്യാക്ഷരങ്ങളോതി.
അവികലസ്നേഹത്തിന് ശ്രുതിമീട്ടി നില്ക്കവേ
ശിഖരങ്ങള്‍ വീണ്ടും പടര്‍ന്നുയര്‍ന്നു.
ജീവാംശമേകിയോര് ഫലമേകി നില്ക്കവേ
മുത്തശ്ശിയെന്ന പദത്തിലെത്തി.
ആത്മാംശമാകുമാ സ്നേഹനീരെന്നെന്നും
വറ്റാതെ തോരാതൊഴുകിടട്ടെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: