പി. നാരായണന്
ഇടപ്പള്ളി സ്റ്റേഷനു സമീപമുള്ള അമൃതാ ആസ്പത്രിയില്‍ ഇരുപത്തിമൂന്നുവര്ഷങ്ങളായി പതിവ് സന്ദര്‍ശകനായ എനിക്ക് അവിടെ സേവാഭാരതിയുടെ ദൗത്യം നിര്‍വഹിച്ചുവന്ന കെ. രാജഗോപാലനുമായി പരിചയപ്പെടാനുള്ള അവസരം വളരെ കുറച്ചേ ഉണ്ടായുള്ളൂ. 1999 ആഗസ്റ്റ് മാസത്തില്‍ അമൃതാ ആസ്പത്രിയിലേക്ക് ഹൃദ്രോഗ സംശയത്തിന്മേല് സുധീന്ദ്ര ആസ്പത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. ചെറിയാന് ശിപാര്‍ശ ചെയ്തതനുസരിച്ചു ഞാന്‍ പോയതായിരുന്നു ആദ്യയാത്ര. അന്നവിടെ പ്രവേശിപ്പിച്ചപ്പോള്‍ ഡോ. ഹരിദാസ് ആഞ്ജിയോ പ്ലാസ്റ്റി ചെയ്തു സുഖപ്പെടുത്തി വിട്ടു. അന്ന് പ്രാന്തകാര്യാലയത്തില്‍നിന്ന് പുരുഷോത്തമനാണ് എനിക്ക് വേണ്ട ഒത്താശകള്‍ അവിടെ ചെയ്തത്. ഞാനവിടെ പ്രവേശിപ്പിക്കപ്പെട്ട സമയത്ത് പരമേശ്വര്‍ജി അവിടെ പതിവു പരിശോധനയ്ക്കായി പ്രവേശിക്കപ്പെട്ടിരുന്നു. അദ്ദേഹം ഞാന്‍ കിടന്ന മുറിയില്‍ വരികയും അരമുക്കാല്‍ മണിക്കൂറോളം അവിടെ ചെലവഴിക്കുകയും ചെയ്തു. അതറിഞ്ഞ ആസ്പത്രി ചുമതല വഹിച്ചിരുന്ന സ്വാമിയും പിന്നീട് മുറിയില്‍ വന്ന് സൗകര്യങ്ങളെക്കുറിച്ചു സംസാരിച്ചു.
ജന്മഭൂമിയിലെ സഹപ്രവര്‍ത്തകരില്‍ ഒരാളുടെ സഹോദരി ആസ്പത്രിയില്‍ നഴ്സ് ആയിരുന്നു. അവിടത്തെ ചികിത്സ കഴിഞ്ഞു സുഖപ്പെട്ടശേഷം നടത്താറുണ്ടായിരുന്ന പതിവു സന്ദര്‍ശനങ്ങള്‍ക്കിടയില്‍ ആ പരിചയങ്ങള്‍ പുതുക്കാന്‍ സാധിച്ചു. ഡോ. ഹരിദാസിനുശേഷം ആ വിഭാഗത്തിന്റെ തലവനായിരുന്ന ഡോ. പ്രകാശ് കമ്മത്തുമായി നേരത്തെതന്നെ കാസര്‍കോട്ടെ സംഘം കോശാധ്യക്ഷനായിരുന്ന ജീവാനന്ദക്കമ്മത്തിന്റെ പുത്രനെന്ന പരിചയവുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാര്‍ഡിയോളജി പഠനത്തിന് ദല്‍ഹിയിലെ എയിംസിലെ സതീര്‍ഥ്യനായിരുന്ന തൊടുപുഴയിലെ ഡോ. മാത്യു അബ്രഹാമുമായി പങ്കിടാന്‍ എന്റെയും പത്നിയുടെയും ആരോഗ്യ സംബന്ധമായ റിപ്പോര്‍ട്ടുകള്‍ തരുമായിരുന്നു. ഡോ. കാമത്ത് ചികിത്സ അവസാനിപ്പിച്ച് സന്യസ്ത ജീവിതത്തിലേക്ക് പ്രവേശിക്കുകയാണെന്നും, അദ്ദേഹത്തെ ചെന്നു കാണുന്നത് നന്നായിരിക്കുമെന്നും ഡോ. മാത്യു അഭിപ്രായപ്പെട്ടതനുസരിച്ചു ഞങ്ങള്‍ ചെന്നു കണ്ടു. വളരെ ഹൃദയംഗമമായി സംസാരിച്ചും ഞങ്ങളെ പരിശോധിച്ചും ആ ദിവസം ഡോ.കാമത്ത് ചെലവഴിച്ചു. തന്റെ ഫോണ്‍ നമ്പര്‍ മാറുമെന്നും, ഇനി ചികിത്സാ സൗകര്യങ്ങളെപ്പറ്റി മറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹരിയേട്ടനുമായുള്ള തന്റെ ബന്ധത്തെയും അദ്ദേഹം അനുസ്മരിച്ചു. അതിനുശേഷം ഡോ. മാത്യുവായിരുന്നു ഞങ്ങള്‍ സന്ദര്‍ശിക്കാറുണ്ടായിരുന്ന ഭിഷഗ്വരന്. അമൃത ആസ്പത്രിയില്‍ ബന്ധുക്കളും സുഹൃത്തുക്കളും പോയിരുന്നതൊഴിച്ചാല്‍ ഞങ്ങള്‍ ഒരു വ്യാഴവട്ടക്കാലമായി പോയിരുന്നില്ല.
അഞ്ചാറു വര്‍ഷം മുന്‍പ് 2017 ല്‍ എന്റെ ശ്രീമതിക്കു സ്തനസംബന്ധമായ ചില പ്രശ്നങ്ങള്‍ വന്നപ്പോള്‍ കണ്ട ലേഡി ഡോക്ടറുടെ നിര്‍ദേശമനുസരിച്ചു മാമോഗ്രാം എടുത്തശേഷം അതിനെപ്പറ്റി ഉപദേശം തേടാനും ഡോ. മാത്യുവിനെയാണ് കണ്ടത്. അദ്ദേഹമാകട്ടെ കാര്‍ഡിയോളജിയും ഓങ്കോളജിയുമുള്ള നല്ല ആസ്പത്രിയില്‍ പോകാനുപദേശിച്ചു. അതിനു ഏറ്റവും ഉചിതം അമൃതയാണെന്നു പറഞ്ഞു.
അമൃതയില്‍ ഞങ്ങള്‍ക്കുണ്ടായിരുന്ന മുന്‍പരിചയം നിലച്ചിരുന്നു. ആ സമയത്ത് വളയഞ്ചിറങ്ങര സ്കൂളില്‍ സംഘശിക്ഷാ വര്‍ഗ് നടക്കുകയായിരുന്നു. ഒരു ദിവസം അവിടെ പരിപാടി നിശ്ചയിച്ചിരുന്നതിനു പോയപ്പോള്‍ പ്രാന്തപ്രചാരക് ഹരികൃഷ്ണകുമാറുമായി ഇക്കാര്യം സംസാരിച്ചു. ഇടപ്പള്ളി നഗര്‍ സംഘചാലകനും സേവാഭാരതിയുടെ അമൃതാ ആസ്പത്രിയിലെ ചുമതല വഹിക്കുന്നയാളുമായ രാജഗോപാലനെ ചുമതലപ്പെടുത്തിത്തരാമെന്നു പറഞ്ഞു. പ്രാന്തീയ കാര്യകാരിണി ബൈഠക്കുകളില്‍ കണ്ടിട്ടുണ്ടെന്നല്ലാതെ പരസ്പര പരിചയം എന്നു പറയത്തക്കവിധം ഞങ്ങള്‍ ബന്ധപ്പെട്ടിരുന്നില്ല. സംഘശിക്ഷാ വര്ഗില്നിന്നു തന്നെ ഹരികൃഷ്ണകുമാര്‍ അദ്ദേഹത്തെ വിളിച്ചു. ഞങ്ങള്‍ വിവരങ്ങള്‍ കൈമാറി.
ഡോ. ഡി.കെ. വിജയകുമാര്‍ ആണ് ഇതിന് പറ്റിയ ആള്. അദ്ദേഹവുമായി സംസാരിച്ച് വിവരം പറയാം. രണ്ടാം ദിവസം ‘അമൃത’യിലെത്തിയാല്‍ എല്ലാ കാര്യങ്ങളും ഏര്‍പ്പാടാക്കാം എന്ന മറുപടി കിട്ടി. അതനുസരിച്ച് എത്തിയപ്പോള്‍ അദ്ദേഹം കാത്തുനിന്നിരുന്നു രാവിലെ ഏഴുമണിക്ക്. ആസ്പത്രിയില്‍ ചെയ്യേണ്ട ഔപചാരികതകള്‍ ചെയ്തു പൂര്‍ത്തിയാക്കാന്‍ ഓരോ കൗണ്ടറിലും ഡസ്കിലും അദ്ദേഹം വന്നു. ഡോക്ടറോടും വിവരങ്ങള്‍ പറഞ്ഞിരുന്നു. ആസ്പത്രിയിലെ ഡസ്കുകളിലും കൗണ്ടറുകളിലുമുള്ള ചിട്ടകളെല്ലാം കൃത്യമായി പാലിച്ചുകൊണ്ടാണദ്ദേഹം ഓരോ കാര്യവും നടത്തിയത്. ഡോ. വിജയകുമാര്‍ നിര്‍ദേശിച്ച പരിശോധനകളും, പരീക്ഷണങ്ങളുമൊക്കെ എടുക്കേണ്ട സ്ഥലങ്ങള്‍ പറഞ്ഞു തന്നശേഷം രാജഗോപാല്‍ തന്നെ പ്രതീക്ഷിക്കുന്ന അടുത്ത രോഗിയെ ശ്രദ്ധിക്കാന്‍ പോയി.
ഡോ. വിജയകുമാര്‍ ഞങ്ങളെ കൂടുതല്‍ അറിയാനുള്ള സംഭാഷണത്തിലേര്‍പ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ മലയാളം പയ്യന്നൂരിനും വടക്കുള്ളതാണെന്നു മനസ്സിലായി. തുടര്‍ന്നുള്ള വര്‍ത്തമാനത്തില്‍ പ്രചാരകനായ എ.സി. ഗോപിനാഥിന്റെ (വിദ്യാഭാരതി) ബന്ധുവാണെന്നറിഞ്ഞു. എന്റെ മകന് അനു പന്ത്രണ്ടു വര്‍ഷം അമൃത ടിവിയില്‍ പ്രവര്‍ത്തിച്ചു, ഞാനും ഭാര്യയും അമൃതയിലെ പഴയ പേഷ്യന്റ്സ് ആണ് മുതലായ കാര്യങ്ങളും പറഞ്ഞു. മറ്റനേകം പേര് പുറത്തുകാത്തുനില്ക്കുന്നുണ്ടായിരുന്നു. അനുവിന്റെ മകള്‍ ചെറിയ കുട്ടിയായിരുന്ന ഈശ്വരിയോടു സ്കൂള്‍ കുശലം അന്വേഷിക്കാനും ഡോക്ടര്‍ മറന്നില്ല. ‘ഞാന്‍ തീയേറ്ററില്‍ പോയി വരാം. നീ വരുന്നോ?’ എന്നന്വേഷിച്ചപ്പോള്‍ ബാഹുബലി കാണാനാണോ എന്നവള്‍ പറഞ്ഞതുകേട്ട് ചിരിക്കാതിരിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
അന്നത്തെ സര്‍ജറി കഴിഞ്ഞു ആറുവര്‍ഷം കഴിഞ്ഞ് ഇപ്പോഴും അവിടത്തെ ഊഴം വരുമ്പോള്‍ പോകാറുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടുള്ള ആ യാത്രയില്‍ ആരെയും കാണാനും സംസാരിക്കാനും കാക്കാറില്ലെന്നേയുള്ളൂ. രാജഗോപാലിനെയും കാണാന്‍ കഴിഞ്ഞില്ല.
അമൃതയിലെ ഹെഡ് ആന്‍ഡ് നെക്ക് വിഭാഗം സര്‍ജനായ ഡോ. അയ്യര്‍ തൊടുപുഴയില്‍ സ്കൂള്‍ കാലഘട്ടത്തില്‍ വിദ്യാര്‍ഥിയായിരുന്നു. എന്റെ അനുജന് ഡോ. കേസരിയുടെ ഉറ്റസുഹൃത്തും. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെ മഠത്തിലാണ് പൂജനീയ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് തൊടുപുഴയില്‍ വന്നപ്പോള്‍ മൂന്നു ദിവസം താമസിച്ചത്. ഞങ്ങള്‍ ഡോ. വിജയകുമാറുമായി സംസാരിച്ചപ്പോള്‍ ഡോ. അയ്യര്‍ ഞങ്ങള്‍ വരുന്ന വിവരം അറിയിച്ചിരുന്നുവെന്നു പറഞ്ഞു. ആറുവര്‍ഷം മുന്‍പ് രാജഗോപാല്‍ ഞങ്ങള്‍ക്ക് ചെയ്ത ഒത്താശകള്‍ പോലെ നൂറുകണക്കിനാളുകള്‍ക്കും ലഭിക്കുന്നുണ്ടായിരുന്നു.
കഴിഞ്ഞ 15-ാം തീയതി ശനിയാഴ്ച രാജഗോപാല്‍ അന്തരിച്ചുവെന്ന വാര്‍ത്ത പത്രത്തില്‍ വായിച്ചപ്പോള്‍ ശരിക്കും നടുക്കമുണ്ടായി. കഴിഞ്ഞ രണ്ടു മാസത്തിനിടെ നിരവധി തവണ അമൃതയിലെ പതിവ് സന്ദര്‍ശനത്തിനും പരിശോധനകള്‍ക്കുമായി പോകേണ്ടിവന്നിരുന്നു. അദ്ദേഹത്തെ കാണാറുള്ള സ്ഥാനം ഒഴിഞ്ഞുകിടന്നിരുന്നു. അല്ലാത്തപക്ഷം ആരോടെങ്കിലും സംസാരിക്കുകയായിരുന്നു.
മൂന്നു പതിറ്റാണ്ടുകാലത്തെ സര്‍ക്കാര്‍ സേവനം അദ്ദേഹത്തിന്റെ സ്വഭാവത്തെ മുരടിപ്പിച്ചില്ല. മരാമത്ത് വകുപ്പിലെ ടൈപ്പിസ്റ്റായിരുന്നു. ഇടതുപക്ഷ യൂണിയന് പ്രവര്‍ത്തകനായി ജീവനകാലം മുഴുവന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചു. അന്നൊന്നും സംഘവുമായി അടുത്തിരുന്നില്ല എന്നാണറിവ്. അനുജനാണത്രേ ആദ്യം സംഘവുമായി അടുത്തത്. രാജഗോപാലും സ്വാഭാവികമായും അതില്‍ ആകൃഷ്ടനായി. സേവാഭാരതി പ്രവര്‍ത്തനങ്ങളില്‍ സഹജമായും എത്തിച്ചേര്‍ന്നു. അമൃത ആശുപത്രി അടുത്താകയാല്‍ അതിന്റെ സുസ്ഥിതി നിലനില്ക്കുന്നതില് താല്പര്യം വര്‍ധിച്ചുവന്നു. തത്പരകക്ഷികള്‍ പലവിധ കുതന്ത്രങ്ങളുമുപയോഗിച്ച് ആശുപത്രിക്കു തുരങ്കംവയ്ക്കാനുള്ള വഴി നോക്കുന്നതു കണ്ടറിയാനും, അതിനെ തടയാനും താല്പര്യം ഉണര്‍ന്നുവന്നു. രാജനീതിപരമായും മതപരമായും സാമുദായികമായും അമൃതാ സ്ഥാപനങ്ങള്‍ പല ദുഷ്ടശക്തികള്‍ക്കും അസ്വാസ്ഥ്യമുണ്ടാക്കുന്നുവെന്നത് അനുക്തസിദ്ധവും സ്വാഭാവികവുമാണല്ലോ. തന്റെ വിപുലമായ ലോകപരിചയവും സംഘബന്ധങ്ങളുമുപയോഗിച്ച് രാജഗോപാല്‍ ആ ദുഷ്പ്രവണതകള്‍ക്ക് തടയിട്ടുവന്നു.
81-ാം വയസ്സിലെത്തുകയെന്നത് ഭാരതത്തിലെ സമ്പ്രദായപ്രകാരം അത്ര സുലഭമല്ല. പിറന്നാള്‍ ആഘോഷിക്കാന്‍ അദ്ദേഹം ജീവിച്ചിരുന്നില്ല എന്നത് കുടുംബാംഗങ്ങള്‍ക്കു വിഷമമായി. ഈ പ്രായത്തില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അതൊന്നും അദ്ദേഹത്തിന്റെ ഊര്‍ജസ്വലതയെ ദുര്‍ബലമാക്കിയില്ല.
1967-നുശേഷം പ്രചാരകനെന്ന നിലയ്ക്കു നേരിട്ടു സംഘചുമതലയില്നിന്നു വിമുക്തനായി രാജനൈതിക രംഗത്തേക്കും 1977 മുതല്‍ ജന്മഭൂമിയിലേക്കും കര്‍മരംഗം മാറിയതിനാല്‍ സംഘചുമതല വഹിക്കുന്ന നൂറുകണക്കിനു കാര്യകര്‍ത്താക്കളുമായി അടുത്ത ബന്ധം പുലര്‍ത്താനാവാതെ വന്ന കുറവ് എനിക്കനുഭവിക്കേണ്ടിവന്നു. 22 വര്‍ഷമായി ജന്മഭൂമിയിലുമില്ല. അതിനുശേഷം സംഘാന്തരീക്ഷത്തിലെത്തി വിവിധ പ്രസ്ഥാനങ്ങളില്‍ സ്തുത്യര്‍ഹമായി പങ്കു വഹിക്കുന്ന നിരവധിപേരുമായി അടുപ്പം നിലനിര്‍ത്താനും ഇടപഴകാനുമുള്ള നിസ്സഹായത അനുഭവിക്കേണ്ടിവരുന്നു. അലകളായി കൊവിഡ് വകഭേദങ്ങള്‍ പ്രസരിക്കുന്നതിനാല്‍ അതൊന്നുകൂടി രൂക്ഷമാകുകയാണ്.
രാജഗോപാലനെപ്പോലുള്ളവരുടെ ഓര്മ നമ്മെ ഏറെ ആശ്വസ്തരാക്കുകയാണോ അസ്വസ്ഥചിത്തരാക്കുകയാണോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: