തനത് നാടകവേദിയുടെ പ്രയോക്താവായിരുന്ന കാവാലം നാരായണപ്പണിക്കരുടെ പ്രസിദ്ധമായ നാടകത്തിന്റെ പേരാണ് അവനവന്‍ കടമ്പ. അവന് അവന്‍ തന്നെ കടമ്പയാകുന്നതല്ല, അവനവന്റെ കടമകളെക്കുറിച്ചാണീ വിഷയം.
‘മള്‍ട്ടി ടാസ്‌കു’കളുടെ കാലമായിരുന്നു ഇത്. ആയിരുന്നുവെന്ന് പറയാന്‍ കാരണം, എല്ലാ ടാസ്‌കുകള്‍ക്കും പൂട്ടുവീണ കാലംകൂടി അതിനിടെ ഉണ്ടായതിനാലാണ്. ടാസ്‌കുകള്‍ എന്ന പ്രവൃത്തികള്‍ കടമകളെന്ന ദൗത്യങ്ങളെ കീഴടക്കിയ കാലവുമായിരുന്നു. ഏത് പ്രവൃത്തിക്കും’ സൈഡ് ഇഫക്ട്’ എന്ന ഉപഫലം ഉണ്ടാകുമെന്നത് യാഥാര്‍ത്ഥ്യമാണ്. അത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. അത് ബോധപൂര്‍വമായി ഫലിപ്പിക്കുന്നതാണ് മള്‍ട്ടി ടാസ്‌കുകളുടെ ബാഹുല്യ കാരണം.
മള്‍ട്ടി ടാസ്‌കുകള്‍ എന്നാല്‍ ഒരു പ്രവൃത്തിക്കൊപ്പം സംഭവിക്കാവുന്ന പ്രവൃത്തികളെ ആസൂത്രിതമായി പെരുപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്ന പദ്ധതിയാണ്. ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ഉണ്ടാകുന്ന ഉപോല്‍പ്പന്നം പോലെ. വാസ്തവത്തില്‍ ഉപോല്‍പ്പന്നങ്ങള്‍ അവശിഷ്ടങ്ങളാണ്, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മാലിന്യങ്ങളാണ്. അതിന് ഉപയോഗം കണ്ടെത്തി വിനിയോഗിക്കാന്‍ കഴിയുമ്പോള്‍ അത് ഉപോല്‍പ്പന്നമാകും. അങ്ങനെ രണ്ടും ഉല്‍പ്പാദിപ്പിക്കുന്ന തലത്തിലേക്ക് മാറിയാല്‍ അത് ‘മള്‍ട്ടി പ്രൊഡക്ഷന്‍’- ബഹു ഉല്‍പ്പാദന പ്രക്രിയയാകും. ഇതുതന്നെയാണ് മള്‍ട്ടി ടാസ്‌കുകളുടെ കാര്യത്തിലും. അങ്ങനെ പ്രവൃത്തിയിലെ ബഹുതല വൃത്തികള്‍ മള്‍ട്ടി ടാസ്‌കിന്റെയും പ്രവര്‍ത്തകന്റെയും വിലയും നിലയും നിശ്ചയിക്കുന്ന സ്ഥിതി വന്നു. ഇത് അടിസ്ഥാന യോഗ്യതയായി, മാനദണ്ഡമായി മാറിയ കാലത്തായിരുന്നു സമ്പൂര്‍ണ ‘ ലോക് ഡൗണ്‍’ എന്ന സ്ഥിതിവിശേഷത്തിലെത്തിച്ച കൊവിഡിന്റെ വരവ്. ടാസ്‌കുകളെല്ലാം ഏറെക്കുറേ മരച്ചുപോയി.
മള്‍ട്ടി ടാസ്‌കുകള്‍ മോശമാണെന്നല്ല. അതിന്റെ മൂല്യവും ശരിതെറ്റും വിലയിരുത്തുകയുമല്ല. മള്‍ട്ടി ടാസ്‌കുകള്‍ മെയിന്‍ ടാസ്‌കിനെ പിന്നിലാക്കുകയോ അവയെ അപ്രസക്തമാക്കുകയോ ചെയ്യുന്നുണ്ടോ എന്നതാണ് ചിന്തിക്കുന്നത്. അവിടെയാണ് ‘അവനവന്‍ കടമ്പ’യും ‘അവനവന്‍ കടമ’യും പ്രസക്തമാകുന്നത്. നാടകമെന്നാല്‍ ഏതെങ്കിലും ഒരു കഥ പറഞ്ഞ് തീര്‍ക്കേണ്ട കലയല്ല എന്ന് സ്ഥാപിക്കുക കൂടിച്ചെയ്തു അവനവന്‍ കടമ്പ. കഥയും സംഭാഷണവും പാട്ടും കഥാപാത്രങ്ങളും ആവിഷ്‌കരണവുമായാല്‍ നാടകമായി എന്ന സങ്കല്‍പ്പത്തില്‍ നിന്ന്, നൃത്ത-ഗീത-വാദ്യങ്ങളിലെ വിവിധ കലകളുടെ ആവിഷ്‌കാരവും മേളനവും ചേര്‍ന്ന മള്‍ട്ടി ടാസ്‌കാണ് നാടകം എന്ന് അവതരിപ്പിച്ചു സ്ഥാപിക്കുക കൂടിയായിരുന്നുവല്ലോ കാവാലത്തിന്റെ നാടകങ്ങള്‍. ‘എന്റെ നാടകങ്ങള്‍ എന്റെ മാത്രം നാടകമല്ല, അത് നാടിന്റെ കലാപാരമ്പര്യത്തിന്റെയും വിവിധ കലാകാരന്മാരുടെയും സംയുക്ത കര്‍മ്മമാണ്, ഞാന്‍ സൂത്രധാരന്‍ മാത്രമാണ്,’ എന്ന് പറയുന്ന ആളായിരുന്നു കാവാലം നാരായണപ്പണിക്കര്‍.
‘അവനവന്‍ കടമ്പ’ എന്ന അദ്ദേഹത്തിന്റെ നാടകത്തിലെ ഇതിവൃത്തത്തിന്റെ സൂക്ഷ്മാംശം ഈ മള്‍ട്ടി ടാസ്‌കിന്റെ കടമ്പ-കടമ വിചിന്തനത്തില്‍ അതുകൊണ്ടുതന്നെ ക്ലാസിക് ഉദാഹരണവുമാണ്. വിവിധ സ്വഭാവവും കര്‍മ്മവുമുള്ളവര്‍ നാട്ടു വിശ്വാസത്തിന്റെ ഭാഗമായ വാലടിക്കാവിലെ ഉത്സവം കാണാന്‍ പോകുന്നതും, കാവിലേക്ക് കടക്കാനുള്ള പ്രധാന ദൗത്യമായ കടമ്പ കടക്കലില്‍ ഓരോരുത്തരും പരാജയപ്പെടുന്നതും, അവരുടെ അഹന്തയും സ്വാര്‍ത്ഥതയും മൂലം അവരവരുടെ കടമ മറന്നതിനാലാണ് കടമ്പ കടക്കാനാകാഞ്ഞതെന്നും, പരസ്പരം സഹകരിച്ചപ്പോള്‍ സാധ്യമായെന്നും പറയുന്നതാണ് ഒറ്റ വാക്യത്തില്‍ ഒതുക്കാന്‍ ശ്രമിച്ചാല്‍ നാടകത്തിന്റെ ഇതിവൃത്തമെന്ന് പറയാം. കടമ്പ കടക്കണം, അതിന് കടമ മറക്കരുത്.
മള്‍ട്ടി ടാസ്‌ക് എല്ലാവര്‍ക്കും സുസാധ്യമല്ല. അഭ്യസിച്ചാല്‍, സാങ്കേതിക മേഖലയില്‍ കുറച്ചൊക്കെ സാധിക്കുകയും ചെയ്യും. പക്ഷേ, അത്തരം വേളകളില്‍ മുഖ്യ ടാസ്‌കില്‍ സമ്പൂര്‍ണ വിജയമുണ്ടോ എന്ന പരിശോധനയുണ്ടാകുന്നുണ്ടോ, അതിന് പൂര്‍ത്തീകരണത്തിന്റെ പേരില്‍ പരിഗണനയുണ്ടാകുന്നുണ്ടോ എന്നതാണ് വിഷയം. അധ്യാപകനും വിദ്യാര്‍ത്ഥിയും സ്വന്തം കടമകളില്‍ എത്ര പൂര്‍ണത കൈവരിച്ചു എന്നതിലാവണമല്ലോ അവരവരുടെ വിജയം നിശ്ചയിക്കേണ്ടത്. അവര്‍ ഒന്നിച്ച് പാടമൊരുക്കി, കൃഷിചെയ്ത,് വിളവെടുക്കുന്നത് അവരുടെ മള്‍ട്ടി ടാസ്‌കിലെ ഉപഫലങ്ങളിലൊന്നാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അയാളെ ഭരമേല്‍പ്പിച്ചിരിക്കുന്ന ചുമതലയില്‍ എത്ര കൃത്യത പുലര്‍ത്തുന്നുവെന്നതാണ് വിജയ സൂചിക. മറിച്ച്, അയാള്‍ മികച്ച ഗായകനും ആയിരിക്കുക എന്നത് ഉപഫലമായി വേണമല്ലോ പരിഗണിക്കാന്‍. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ മികച്ച അഭിനേതാവുമായിരിക്കാം, പക്ഷേ, ക്രമസമാധാനച്ചുമതലയുള്ളയാള്‍ ‘ടിക്ടോക്’ വിനോദത്തില്‍ മുഖ്യനാണെന്നു വന്നിട്ടെന്തുകാര്യം. ഇങ്ങനെ ഓരോരോ മേഖലയിലുമുണ്ട്. അതായത്, അവനവന്റെ കടമയെന്ത്, ടാസ്‌ക് എന്ത്, അതില്‍ എത്രത്തോളം പ്രവര്‍ത്തന വിജയമുണ്ട് എന്നതാണ് വിഷയം. അത് മള്‍ട്ടി ടാസ്‌കിലെ നേട്ടത്തിന്റെ വിജയത്തിലേക്ക് മാറുമ്പോള്‍ സംഭവിക്കുന്നത് ഒരു സംവിധാനത്തിന്റെ തന്നെ പരാജയമായിരിക്കും. അങ്ങനെ വ്യക്തിയുടെ കടമയിലെ വീഴ്ച സമൂഹത്തിന്റെയും രാജ്യത്തിന്റെയും വീഴ്ചയാകും. മള്‍ട്ടി ടാസ്‌കിലൂടെ കിട്ടുന്നുവെന്ന് തോന്നുന്ന ചില്ലറ നേട്ടങ്ങള്‍ പ്രധാന നേട്ടത്തിന് കോട്ടമായി മാറുകയും ചെയ്യും.
മനുഷ്യന്റെ ബുദ്ധിശക്തി ഇനിയും പൂര്‍ണമായും ഉപയോഗിക്കുന്നില്ലെന്നാണ് വിശ്വാസം. 10 ശതമാനമേ ഉപയോഗിക്കുന്നുള്ളുവെന്നത് വെറും പറച്ചിലാണ്. പക്ഷേ, എത്ര വിനിയോഗിക്കുന്നുവെന്ന് ഇനിയും കൃത്യമായി തിട്ടപ്പെടുത്തിയിട്ടുമില്ല. എന്നാല്‍, മനുഷ്യന്‍ സ്വന്തം ബുദ്ധിശക്തിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മിതബുദ്ധി) ഉണ്ടാക്കിയെടുത്ത അതിബുദ്ധിമാനാണ്. ഇതിനിടെയാണ് മള്‍ട്ടി ടാസ്‌കുകള്‍ എന്ന വിശേഷ ശേഷിയും പ്രകടിപ്പിച്ചത്. അത് ഏറെ എല്ലാ മേഖലയിലും വ്യാപകവുമായി. എന്നാല്‍, കൊവിഡ് രോഗബാധിതരില്‍ നടക്കുന്ന പരീക്ഷണങ്ങളും പരിശോധനയും പുറത്തുവിടുന്ന പല വസ്തുതകളില്‍ ഒന്ന്, മനുഷ്യരുടെ ഈ മള്‍ട്ടി ടാസ്‌കിങ് കഴിവിന് രോഗബാധിതരില്‍ കുറവു വന്നിരിക്കുന്നുവെന്നാണ്. ഇനിയും ശാസ്ത്രീയമായ സ്ഥിരീകരണമോ അംഗീകാരമോ ഈ കണ്ടെത്തലിന് വന്നിട്ടില്ലെങ്കിലും ആ തരത്തിലുള്ള പഠന റിപ്പോര്‍ട്ടുകള്‍ ഏറെയുണ്ട്.
മള്‍ട്ടി ടാസ്‌ക് വേണ്ടെന്നല്ല, അത് മുഖ്യ ടാസ്‌കിനെ അപ്രസക്തമാക്കുന്നതാകരുത്. അവിടെയാണ് ഓരോരുത്തരുടെയും കടമയും കഴിവും വിഷയമാകുന്നത്. കടമയുടെ സമ്പൂര്‍ണ പൂര്‍ത്തീകരണത്തിനുമേല്‍ ഉപഫലം എത്രത്തോളം തടസമേല്‍പ്പിക്കാതിരിക്കുന്നു, എത്രയധികം സഹായകമാകുന്നു എന്നതാണ് കരുതിയിരിക്കേണ്ടത്. കടമയുടെ പൂര്‍ത്തീകരണത്തിന്റെ അടിസ്ഥാനത്തില്‍ വേണം കര്‍മ്മിയുടെ മൂല്യ നിര്‍ണയം നടത്താന്‍. പക്ഷേ, വിശാലമായ,രാജ്യതാല്‍പര്യത്തിന്റെ മാനദണ്ഡങ്ങള്‍ മാറ്റിവെച്ച്, അതത് സ്ഥാപനത്തിന്റെയോ കൂട്ടത്തിന്റെയോ സംഘടനയുടെയോ വ്യക്തിയുടെയോ മാത്രം നേട്ടം എന്നുമാത്രം മനസ്സുവെയ്‌ക്കുമ്പോള്‍ മള്‍ട്ടി ടാസ്‌കുകള്‍ ചിലരുടെ താല്‍ക്കാലിക നേട്ടം മാത്രമാകുന്നു. അവിടെ ‘കടമ്പ’യിലെപ്പോലെ സ്വാര്‍ത്ഥതയും അഹന്തയും മുഖ്യലക്ഷ്യത്തിന് തടസമാകുന്നു.
അവനവന്റെ കടമ എന്ന സ്വധര്‍മ്മം എത്രത്തോളം ഓരോരുത്തരും നിര്‍വഹിക്കുന്നുവെന്ന സ്വയം വിലയിരുത്തലിലൂടെയേ ഈ ലക്ഷ്യസാക്ഷാല്‍ക്കരണം സാധ്യമാക്കൂ. സ്വധര്‍മ്മം എന്തെന്ന തിരിച്ചറിവുണ്ടാകണം. അത് വേദാന്തമാണെന്ന തള്ളിക്കളച്ചിലിനപ്പുറം അറിയണം. ‘വര്‍ക്ക് ഇസ് വര്‍ഷിപ്പ്, ആന്‍ഡ് ഡ്യൂട്ടി ഈസ് ഗോഡ്’ (കര്‍മ്മം ആരാധനയും കടമ ദൈവമാണെന്നും) ഉള്ള യുക്തിബോധം രൂപപ്പെടണം. ലളിതമായി പറഞ്ഞാല്‍, അതിവേഗം പോകുന്ന വാഹനമോടിക്കുന്നയാള്‍ മികച്ച നര്‍ത്തകനും ആണെങ്കിലും, വാഹനമോടിക്കുമ്പോള്‍ ഡ്രൈവര്‍ മാത്രമായിരിക്കണമല്ലോ. അയാള്‍ നൃത്തം ചെയ്താലോ! നാമോരോരുത്തരും വലിയ കാര്യങ്ങള്‍ ചെയ്യാന്‍ ജനിച്ചവരാണെങ്കിലും നിക്ഷിപ്തമായ കര്‍മ്മമേതോ അത് നിര്‍വഹിക്കുകയാണല്ലോ കടമ. ഭഗവദ് ഗീതയിലെ മൂന്നാം അദ്ധ്യായം കര്‍മ്മയോഗം ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്, 43 ശ്ലോകങ്ങളില്‍. അര്‍ജുനന് വലിയൊരു കടമ്പ കടക്കാനുള്ള ഉപദേശമാണത്. ഏത് അര്‍ജുനന്‍മാര്‍ക്കും ഏതു കടമ്പയും കടക്കാനുമുള്ള മാര്‍ഗ്ഗങ്ങള്‍. അത് അവനവന്‍ കടമ തിരിച്ചറിയാനുള്ള വഴികളാണ്. ലക്ഷ്യത്തിലേക്കുള്ള വഴിയിലെ മള്‍ട്ടി ടാസ്‌കുകളല്ല, ലക്ഷ്യം പ്രാപിക്കാനുള്ള മള്‍ട്ടി വേയ്സ്.
പിന്‍കുറിപ്പ്: കര്‍മ്മവും സ്വധര്‍മ്മവും സംബന്ധിച്ച് ഭരണാധിപന്മാരെ അതത് കാലത്ത് അവരുടെ മേല്‍നോട്ടക്കാര്‍ ഉപദേശിച്ചിട്ടുണ്ട്. ആത്മീയ ഗുരുക്കളായിരുന്നു മുമ്പ്. കേരളത്തില്‍ ഏതാണ്ട് ആ സ്ഥാനത്തുള്ള ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രിക്ക് എഴുതിയ ഒരു കത്തില്‍ ഭഗവദ് ഗീത മൂന്നാം അദ്ധ്യായമായ കര്‍മ്മയോഗത്തിലെ 35 -ാം ശ്ലോകം ഉദ്ധരിച്ചിട്ടുണ്ട്. ‘സ്വധര്‍മ്മേ നിധനം ശ്രേയഃ പരധര്‍മ്മോ ഭയാവഹഃ എന്ന ശ്ലോകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: