ഭാരതത്തിലെ സര്‍വ്വവും എന്നെ ആകര്‍ഷിക്കുന്നു. ഒരു മനുഷ്യന്റെ പരമോത്കര്‍ഷത്തിന് ആവശ്യമായതെല്ലാം ഇവിടെയുണ്ട്. ഭോഗഭൂമിയെന്നതില് നിന്ന് വ്യത്യസ്തമായി അടിസ്ഥാനപരമായി കര്‍മ്മഭൂമിയാണ് ഭാരതം.
ഭാരതത്തിന്റെ ദൗത്യം മറ്റു രാഷ്ട്രങ്ങളുടേതില്‍ നിന്നും വ്യത്യസ്തമാണെന്നു ഞാന്‍ കരുതുന്നു. ലോകത്തിന്റെ ആദ്ധ്യാത്മിക നേതൃത്വമാകാന്‍ പാകപ്പെട്ടതാണ് ഭാരതം. പരപ്രേരണയില്ലാതെ സ്വയം ശുദ്ധീകരണം ചെയ്യപ്പെട്ട രാഷ്ട്രം ഭാരതമല്ലാതെ ഈ ലോകത്ത് മറ്റൊന്നില്ല. നമുക്ക് മാരകായുധങ്ങള്‍ വേണ്ടിവരുന്നില്ല. മറിച്ച് ആദ്ധ്യാത്മികാശയപരമായ ആയുധങ്ങള്‍ ഉപയോഗിച്ചാണ് പൊരുതുന്നത്. ഭാവിയിലും അവ്വിധം തന്നെയായിരിക്കും. മറ്റു രാഷ്ട്രങ്ങള്‍ കിരാതമായ സൈനിക ശക്തിയുടെ ഉപാസകന്മാരാണ്. ഭാരതം എല്ലാം നേടുന്നത് ആത്മീയശക്തിയിലാണ്. ആത്മശക്തിക്കുമുന്നില്‍ സൈനികശക്തി ഒന്നുമല്ല എന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ചരിത്രത്തിലുണ്ട്. കവികള്‍ ഇതിനെക്കുറിച്ച് പാടിയിട്ടുണ്ട്. ദാര്‍ശനികര്‍ അവരുടെ അനുഭവങ്ങള്‍ വിവരിച്ചിട്ടുണ്ട്.
ഭാരതത്തെ എല്ലാ ദാസ്യത്തില്‍ നിന്നും അധീശത്വത്തില്‍ നിന്നും മോചിപ്പിക്കാന്‍ ഉതകുന്ന ഒരു വ്യവസ്ഥയ്ക്കുവേണ്ടി ഞാന്‍ പരിശ്രമിക്കും, വേണ്ടിവന്നാല്‍ ഏതു പാപകൃത്യവും ചെയ്യാനുള്ള അവകാശം ഭാരതത്തിന് ഉണ്ടാകുന്ന തരത്തില്‍, ഏറ്റവും ദരിദ്രനായ പൗരനും ഇത് അവന്റെ നാടാണെന്നും അതിന്റെ പുനര്‍നിര്‍മ്മാണത്തില്‍ അവന് ഫലപ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും വിശ്വസിക്കുന്ന ഒരു ഭാരതത്തിനു വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും. ഉയര്‍ന്നവരും താഴ്ന്നവരും എന്ന വ്യത്യാസം ഇല്ലാത്ത, എല്ലാ ജനവിഭാഗങ്ങളും പരിപൂര്‍ണ്ണ സൗഹാര്‍ദ്ദത്തോടെ വര്‍ത്തിക്കുന്ന ഭാരതത്തിനുവേണ്ടി പ്രവര്‍ത്തിക്കും. ആ ഭാരതത്തില്‍ തൊട്ടുകൂടായ്മക്കും മദ്യലഹരിക്കും മയക്കുമരുന്നിനും യാതൊരു സ്ഥാനവും ഉണ്ടായിരിക്കില്ല. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും തുല്യ സ്ഥാനമായിരിക്കും. ഇതര രാഷ്ട്രങ്ങളുമായി സമാധാനപൂര്‍ണ്ണമായ സഹവര്‍ത്തിത്വം സ്ഥാപിക്കുന്നതിനാല്‍ നാം ചൂഷണം ചെയ്യുകയോ നമ്മളെ ചൂഷണം ചെയ്യാന്‍ അനുവദിക്കുകയോ ഇല്ല. അപ്പോള്‍ നമുക്ക് ഏറ്റവും ചുരുങ്ങിയ സൈനികശക്തി മാത്രമേ ആവശ്യമാവൂ. താത്പര്യങ്ങള്‍, അതു വൈദേശികമോ ദേശീയമോ ആവട്ടെ അത് സമൂഹത്തിലെ ലക്ഷോപലക്ഷം വരുന്ന സാധാരണക്കാരന്റെ താത്പര്യങ്ങളെ നിഷ്ഠാപൂര്‍വ്വം ആദരിക്കും. ഇതാണ് എന്റെ സ്വപ്നത്തിലെ ഭാരതം. ഇതില്‍ക്കുറഞ്ഞ ഒന്നിലും ഞാന്‍ സംതൃപ്തനാകില്ല.
അന്ധവിശ്വാസങ്ങളിലും അബദ്ധങ്ങളിലും കെട്ടുപിണഞ്ഞുകിടക്കുന്നതാണെങ്കിലും നിരവധി പൗരാണിക സ്ഥാപനങ്ങളെ ഇന്നും നിലനിര്‍ത്തിപ്പോരുന്ന അപൂര്‍വ്വം നാടുകളിലൊന്നാണ് ഭാരതം. പക്ഷേ ഭാരതത്തിന് എക്കാലത്തും തെറ്റുകളെയും അന്ധവിശ്വാസങ്ങളെയും അതിജീവിക്കാനുള്ള ജന്മസിദ്ധമായ കഴിവുണ്ട്. രാഷ്ട്രം നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഭാരതത്തിന്റെ കഴിവില്‍ ഇന്നെനിക്ക് അതിയായ വിശ്വാസമുണ്ട്. സ്വതന്ത്രവും ശക്തവുമായ ഭാരതത്തെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അപ്പോള്‍ ഭാരതം ലോകത്തിന്റെ നന്മയ്ക്കായി ഏതു ത്യാഗവും സഹിക്കാന്‍ സന്നദ്ധമാവും. യുദ്ധത്തെയും സമാധാനത്തെയും കുറിച്ചുള്ള ലോകത്തിന്റെ കാഴ്ചപ്പാടില്‍ വിപ്ലവാത്മകമായ പരിവര്‍ത്തനം വരുത്താന്‍ സ്വതന്ത്രഭാരതത്തിനു കഴിയണം. ഭാരതത്തിന്റെ ദൗര്‍ബല്യം മാനവലോകത്തെ മുഴുവന്‍ ബാധിക്കും.
യൂറോപ്പിന്റെ കാല്ക്കീഴില് സാഷ്ടാംഗം പ്രണമിക്കുന്ന ഭാരതം മാനവരാശിക്ക് യാതൊരു പ്രതീക്ഷയും പകരില്ല. ഉണര്‍ന്ന, സ്വതന്ത്രയായ ഭാരതത്തിന് ശാന്തിയുടെയും നന്മയുടെയും സന്ദേശം വ്യഥിതമായ ലോകത്തിനു നല്‍കാനാകും. ഭാരതം അഹിംസാമാര്‍ഗ്ഗത്തിലൂടെ സ്വാതന്ത്ര്യം നേടുന്നതില്‍ വിജയിക്കുന്ന പക്ഷം അത് സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതുന്ന മറ്റു രാഷ്ട്രങ്ങള്‍ക്ക് നല്കുന്ന ശരിയായ സന്ദേശമായിത്തീരും എന്നതില്‍ എനിക്ക് സംശയമില്ല. അതിനുമപ്പുറം ലോക സമാധാനത്തിനായി ഇതഃപര്യന്തം നടന്ന പ്രവര്‍ത്തനങ്ങളില്‍ വച്ച് ഏറ്റവുംവലിയ സംഭാവനയുമായിരിക്കും.
സഹനസമരത്തിന്റെ അഗ്നിജ്വാലയിലൂടെ കടന്നുപോകാനുള്ള ക്ഷമ കാണിക്കാനും ചില്ലറകുറവുകള്‍ അനിവാര്യമായും സംഭവച്ചിട്ടുണ്ടെങ്കിലും, കാലത്തിന്റെ കെടുതികള്‍ ഏറ്റ് നാളിതുവരെ നിലനിന്ന നമ്മുടെ സംസ്കാരത്തിന് നേരെയുള്ള നീതിരഹിതമായ അധിനിവേശത്തെ ചെറുക്കാനും കഴിഞ്ഞാല്‍ ഭാരതം ലോക സമാധാനത്തിനും പുരോഗതിക്കും എന്നന്നേക്കുമായി നല്കുന്ന സംഭാവനയായിരിക്കും അതെന്നു ഞാന്‍ വിശ്വസിക്കുന്നു. എന്റെ രാഷ്ട്രത്തില്‍ നിന്ന് മറ്റു രാഷ്ട്രങ്ങള്‍ക്ക് ചിലത് പഠിക്കാവുന്ന തരത്തിലായിരിക്കണം എന്റെ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം. തന്മൂലം എന്റെ രാഷ്ട്രത്തിലെ വിഭവങ്ങള്‍ മാനവരാശിയുടെ ക്ഷേമത്തിനായി പ്രയോജനപ്പെടുത്താം. ദേശസ്നേഹം നമ്മെ പഠിപ്പിക്കുന്നത്. വ്യക്തി കുടുംബത്തിനുവേണ്ടിയും കുടുംബം ഗ്രാമത്തിനുവേണ്ടിയും ഗ്രാമം ജില്ലക്കുവേണ്ടിയും ജില്ല സംസ്ഥാനത്തിനുവേണ്ടിയും സംസ്ഥാനം രാഷ്ട്രത്തിനുവേണ്ടിയും മരിക്കാന്‍ തയ്യാറാകണം എന്നാണ്. വേണ്ടിവന്നാല്‍ അത്തരമൊരു രാഷ്ട്രം ലോകനന്മയ്ക്ക് വേണ്ടി മരിക്കാനും തയ്യാറാകണം. അതിനാല്‍ ദേശീയതയോടുള്ള എന്റെ സ്നേഹം അഥവാ ദേശീയതയെക്കുറിച്ചുള്ള എന്റെ ധാരണ മനുഷ്യരാശി നിലനില്‍ക്കുന്നതിനായി മരിക്കാന്‍ പോലും തയ്യാറുള്ള രാഷ്ട്രമായിരിക്കണം എന്റെതെന്നാണ്. വംശവിദ്വേഷത്തിന് അവിടെ സ്ഥാനമില്ല. അത്തരത്തിലുളളതാവാതിരിക്കട്ടെ നമ്മുടെ ദേശീയത ഭാരതത്തിന് അമരമായ ഒരു ആത്മാവുണ്ടെന്നും എല്ലാ ഭൗതിക പരാധീനതകള്‍ക്കും മേലെ വന്‍വിജയം കൈവരിക്കാനും ലോക രാഷ്ട്രങ്ങളുടെ കൂട്ടായ്മയെ നേരിടാനും ഭാരതത്തിനു കഴിയണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. ഭാരതം ആയുധത്തിന്റെ തത്ത്വ ശാസ്ത്രം സ്വീകരിക്കുകയാണെങ്കില്‍ താത്കാലിക വിജയം കൈവരിച്ചേക്കാം. പക്ഷേ എനിക്കു ഭാരതത്തെക്കുറിച്ചുള്ള അഭിമാനം നഷ്ടപ്പെടും. ഞാന്‍ ഇന്ത്യയുമായി അഭേദ്യമായ ബന്ധപ്പെട്ടിരിക്കുന്നതിനുകാരണം എന്റെ സര്‍വ്വസ്വവും ഭാരത്രത്തോടു കടപ്പെട്ടതിനാലാണ്. ലോകത്തിനു നല്കാന് ഭാരതത്തിന് ഒരു ദൗത്യമുണ്ടെന്നു ഞാന്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നു. യൂറോപ്പിനെ അന്ധമായി അനുകരിക്കേണ്ടതല്ല ഭാരതം. ഭാരതം ആയുധശക്തിയെ സ്വീകരിക്കുന്ന നിമിഷം എന്റെ ജീവിതത്തിലെ പരീക്ഷണഘട്ടമായിരിക്കും. അത്തരമൊരു സന്ദര്‍ഭം നേരിടേണ്ടിവരില്ലെന്നു ഞാന്‍ പ്രത്യാശിക്കുന്നു. എന്റെ മതത്തിനു ഭൂമിശാസ്ത്രപരമായ അതിരുകളില്ല. എനിക്ക് അതില്‍ ഉറച്ച വിശ്വാസമുണ്ടെങ്കില്‍ അതു ഭാരതത്തോടുള്ള എന്റെ സ്നേഹം മനുഷ്യാനുഭൂതിക്കപ്പുറത്തേക്കും ഉയര്‍ത്തും. അഹിംസാസിദ്ധാന്തത്തിലൂടെ ഭാരതത്തെ സേവിക്കാനായി ഞാന്‍ എന്റെ ജീവിതത്തെ സമര്‍പ്പിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ഉയര്‍ച്ച ലോകത്തിനു മുഴുവന്‍ ഉപകാരപ്രദമാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മറ്റു രാഷ്ട്രങ്ങളുടെ നാശാവശിഷ്ടങ്ങള്‍ക്ക് മേലെ ഭാരതത്തെ കെട്ടിയുയര്‍ത്തണമെന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: