ഡോ. രാധാകൃഷ്ണന്‍ ശിവന്‍
വസ്തുനിര്‍മിതികളുടെ അടിസ്ഥാന പ്രമാണഗണനയില്‍ വാസ്തു പുരുഷ മണ്ഡലത്തിനു പ്രഥമ സ്ഥാനം ഉണ്ട്. വാസ്തു പുരുഷ മണ്ഡലം വാസ്തു നിര്‍മാണ രീതിയുടെ സാമാന്യ രൂപകല്പന രീതിക്രമമാണ്. ഈ മണ്ഡലക്രമത്തിനും ദേവസ്ഥാനങ്ങള്‍ക്കും അനുസരിച്ചാണ് എല്ലാ വാസ്തു നിയമങ്ങളും പറയപ്പെട്ടിട്ടുള്ളത്. വാസ്തു അവയവക്രമം, ദേവസ്ഥാനങ്ങള്‍ എന്നിവക്ക് രൂപകല്പനയില്‍ അതിനാല്‍ വലിയ പ്രാധാന്യം ഉണ്ട്.
വാസ്തു മണ്ഡലങ്ങള്‍ സാമാന്യമായി പലവിധം പറയപ്പെട്ടിട്ടുണ്ടെങ്കിലും ഗൃഹനിര്‍മിതിക്കായി എണ്‍പത്തിയൊന്നു പദങ്ങളുള്ള പരമസായിക മണ്ഡലമാണ് നിര്‍ണ്ണയിച്ചിട്ടുള്ളത്. അതനുസരിച്ചുള്ള ദേവ പദങ്ങള്‍, മര്‍മ്മങ്ങള്‍, ബ്രഹ്മസ്ഥാനം എന്നിവകള്‍ക്കുള്ള പ്രാധാന്യം സാമാന്യേനെ എല്ലാ വാസ്തു ഗ്രന്ഥങ്ങളും പരാമര്‍ശിച്ചിട്ടുണ്ട്. എണ്‍പത്തിയൊന്ന് ഖണ്ഡങ്ങളിലായി മദ്ധ്യത്തില്‍ പതിമൂന്നും പുറത്തു മുപ്പത്തി രണ്ടും കൂടി ആകെ നാല്‍പത്തിയഞ്ചു ദേവന്മാര്‍ കൂടി ചേര്‍ന്നതാണീ മണ്ഡലം. അതുകൊണ്ട് തന്നെ പൂര്‍ണ മണ്ഡലാകൃതിയും വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. അതു തന്നെയാണ് നിര്‍മിതികളുടെ ആകൃതിയുടെയും പ്രാധാന്യം.
ഗൃഹനിര്‍മ്മാണത്തില്‍ ചതുരാകൃതി മാത്രമാണ് സ്വീകരിക്കപ്പെടാറുള്ളത്. ഗൃഹരൂപകല്പനയെ (പ്ലാനിനെ) മണ്ഡലമാക്കി അതനുസരിച്ചു സ്ഥാനങ്ങള്‍, മര്‍മ്മസ്ഥാനങ്ങള്‍, ബ്രഹ്മസ്ഥാനം, അവയവങ്ങള്‍ എന്നിവയെ അറിഞ്ഞു കൊള്ളണം. ആധുനിക കാലഘട്ടത്തില്‍ ഇത് കമ്പ്യൂട്ടര്‍ സഹായത്താല്‍ നിഷ്പ്രയാസം ഗണിക്കാന്‍ സാധിക്കും.
പ്രധാന നിര്‍മിതിയെ വാസ്തു പുരുഷ മണ്ഡലമായി പരിഗണിച്ചാല്‍ അത് പൂര്‍ണ ചതുരാകൃതിയില്‍ ആയിരിക്കണം എന്ന് ശാസ്ത്രം നിര്‍ദ്ദേശിക്കുന്നു. വാസ്തു പുരുഷന്‍ വടക്കു കിഴക്കു ഭാഗത്ത് ശിരസ്സും തെക്കു പടിഞ്ഞാറു ചരണങ്ങളുമായി വശങ്ങളിലേക്ക് കൈകള്‍ വിരിച്ചു വെച്ച് അഞ്ജലീബദ്ധനായി കമിഴ്‌ന്നോ മലര്‍ന്നോ കിടക്കുന്നുവെന്നാണ് സങ്കല്‍പ്പം. കമിഴ്ന്നു കിടക്കുന്നുവെന്ന സങ്കല്പത്തില്‍ വിവരിക്കുന്ന ബൃഹദ് സംഹിത ഗ്രന്ഥമനുസരിച്ചു വസ്തുപുരുഷന് വലത്തേ കയ്യിലെങ്കില്‍ അര്‍ത്ഥനാശവും സ്ത്രീ ദോഷവും ഇടത്തെ കയ്യില്ലെങ്കില്‍ ധന-ധാന്യങ്ങള്‍ക്ക് ഹാനിയും ഫലമാകുന്നു. ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ചരണഭാഗത്തിന്റെ അഭാവം സ്ത്രീ ദോഷം, പുത്രദോഷം, ധനനഷ്ടത്താലുള്ള ദാസ്യവൃത്തിത്വം എന്നിവക്ക് ഹേതുവാകുന്നു. ശിരോഭാഗത്താലുള്ള അംഗഹീനത്വം ധന-സുഖ-ആരോഗ്യാദി സകലഗുണനാശവും ഉണ്ടാക്കും.
അവികലനായ സമ്പൂര്‍ണ ശരീരനായ വാസ്തു മണ്ഡലത്തില്‍ വസിക്കുന്നവര്‍ക്ക് മാനം ധനം സുഖം എന്നീ അനുഭവം ഫലമാകുന്നു. (അവികല പുരുഷേ വസതാം മാനാര്‍ത്ഥയുതാനി സൗഖ്യാനി) അതുകൊണ്ടു തന്നെ ഗൃഹത്തിന്റെ അഭിവൃദ്ധി ആഗ്രഹിക്കുന്നവര്‍ വീട് വലുതാക്കുമ്പോള്‍ എല്ലാ ഭാഗവും തുല്യമായ രീതിയില്‍ വര്‍ദ്ധിപ്പിക്കണം. ഗൃഹം ചില ഭാഗങ്ങളില്‍ ന്യൂനമായോ അധികമായി തള്ളിയോ ഇരിക്കുന്നത് നല്ലതല്ലെന്ന് അറിയണം. എന്നാല്‍ ദോഷകല്പനയുടെ പ്രാധാന്യമനുസരിച്ചു വീട് വര്‍ധിപ്പിക്കുന്നുവെങ്കില്‍ അത് വടക്കോട്ടോ കിഴക്കോട്ടോ ആകുന്നതാണ് ഉചിതം.
നിര്‍മാണത്തിന്റെ പൂര്‍വ (കിഴക്ക് )ഭാഗം തള്ളി നില്‍ക്കുന്നുവെങ്കില്‍ ബന്ധു വിരോധവും വടക്കെങ്കില്‍ മനസ്താപവും തെക്കു ദിക്കെങ്കില്‍ മൃത്യുഭയവും പടിഞ്ഞാറ് ധനനാശവും ഫലമാകുന്നു. അതു കൊണ്ട് തന്നെ ഗൃഹ ആകൃതി സമത്വം സര്‍വ സമ്മതമാകുന്നു. (ഇച്ഛെദ്യദി ഗൃഹവൃദ്ധീ തത സമന്താത് വിവര്‍ദ്ധയേത് തുല്യം.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: