കോഴിക്കോട് : വെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ മദ്യം നല്കി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുക്കും. ഇവര്‍ക്കെതിരെ നല്കിയ പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. ബെംഗളൂരുവില്‍ നിന്നും കുട്ടികളോടൊപ്പം പിടികൂടിയ യുവാക്കള്‍ക്കെതിരെയാണ് മൊഴി.
ജുവനൈല്‍ ആക്ട്, പോക്സോ വകുപ്പ് തുടങ്ങിയവ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുക്കുക. ഇതിനിടെ പെണ്‍കുട്ടികള്‍ക്ക് യാത്രയ്ക്കായി പണം നല്കിയ യുവാവിനെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മലപ്പുറം എടക്കരയിലുള്ള യുവാവാണ് കുട്ടികള്‍ക്ക് പണം നല്‍കിയത്. ബാലികാമന്ദിരത്തിലെ അവസ്ഥകള്‍ മോശമായതിനാലാണ് പുറത്ത് കടക്കാന്‍ ശ്രമിച്ചതെന്നും ഗോവയിലേക്ക് പോകാനായിരുന്നു പദ്ധതി എന്നും കുട്ടികള്‍ പോലീസിനെ അറിയിച്ചു. വൈദ്യ പരിശോധന നടത്തിയതില്‍ ഒരു കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ബുധനാഴ്ച റിപ്പബ്ലിക് ദിന ചടങ്ങുകള്‍ക്ക് ശേഷമാണ് ചില്‍ഡ്രണ്‍സ് ഹോമില്‍ നിന്നും ആറ് കുട്ടികളെ കാണാതായത്. ഇതില്‍ രണ്ടു കുട്ടികളെ ബെംഗളൂരുവില്‍ നിന്നും നാലുപേരെ മലപ്പുറം എടക്കരയില്‍ നിന്നും കണ്ടെത്തി. ബാലികാമന്ദിരത്തില്‍ നിന്ന് രക്ഷപ്പെട്ട് ബെംഗളൂരുവിലെത്തിയ ആറ് പെണ്‍കുട്ടികളില്‍ നാലുപേര്‍ ഐലന്റ് എക്സ്പ്രസ് വഴി വെള്ളിയാഴ്ച പാലക്കാട്ടെത്തി. തുടര്‍ന്ന് മലപ്പുറം എടക്കരയിലേക്ക് ബസിലെത്തിയ കുട്ടികളെ എടക്കര പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വൈകീട്ടോടെ ചേവായൂര്‍ പോലീസ് സ്റ്റേഷനിലെത്തിച്ച കുട്ടികളെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി ജുവനൈല്‍ ഹോമിലെത്തിച്ചു. െംഗളൂരുവില്‍ കണ്ടെത്തിയ രണ്ടു കുട്ടികളെയും ഇവര്‍ക്കൊപ്പമുളള യുവാക്കളെയും പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കോഴിക്കോട്ട് എത്തിച്ചിട്ടുണ്ട്. ആറ് പെണ്‍കുട്ടികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. വിശദമായ മൊഴി എടുത്തതിനു ശേഷമായിരിക്കും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: