മെല്‍ബണ്‍: സ്പാനിഷ് ടെന്നീസ് ഇതിഹാസം റാഫേല്‍ നദാലിന് ചരിത്ര നേട്ടം ഒരു വിജയം അരികെ. ഇറ്റലിയുടെ ഏഴാം സീഡ് മതേവു ബെറേറ്റിനിയെ മറികടന്ന് ആറാം സീഡായ നദാല്‍ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലില്‍ കടന്നു. കലാശക്കളിയില്‍ വിജയം കൊയ്താല്‍ 21 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ പുരുഷ താരമെന്ന റിക്കാര്‍ഡ് മുപ്പത്തിയഞ്ചുകാരനായ നദാലിന് സ്വന്തമാകും. ആവേശകരമായ സെമി ഫൈനലില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് നദാല്‍ ബെറാറ്റിനിയെ പരാജയപ്പെടുത്തിയത്. സ്കോര്‍: 6-3, 6-2, 3-6, 6-3.
ഇതുവരെ ഇരുപത് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ പോക്കറ്റിലാക്കിയ നദാല്‍ നാളെ നടക്കുന്ന കലാശക്കളിയില്‍ ലോക രണ്ടാം നമ്പര്‍ ഡാനില്‍ മെദ്വദേവിനെ നേരിടും. റഷ്യതാരവും രണ്ടാം സീഡുമായ മെദ്വദേവ് ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫൈനലില്‍ കടന്നത്. സ്കോര്‍: 7-6, 4-6, 6-4, 6-1.
റാഫേല്‍ നദാല്‍ ഇത് ആറാം തവണയാണ് ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലിലെത്തുന്നത്. ഇരുപത്തിയൊമ്പതാം തവണയാണ് നദാല്‍ ഒരു മേജര്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ കളിക്കുന്നത്. ഫൈനലില്‍ മെദ്വദേവിനെ വീഴ്ത്തിയാല്‍ നദാലിന് ചരിത്രപുസ്തകത്തിലിടം പിടിക്കാം. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടുന്ന ആദ്യ പുരുഷ താരമാകും. നിലവില്‍ ലോക ഒന്നാം നമ്പര്‍ നൊവക് ദ്യോക്കോവിച്ച്, റോജര്‍ ഫെഡറര്‍ എന്നിവര്‍ക്കൊപ്പം 20 കിരീടങ്ങള്‍ നേടി നദാല്‍ റിക്കാര്‍ഡ് പങ്കുവയ്ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: