തൃശ്ശൂര്‍: സാങ്കേതിക പ്രശ്നം പരിഹരിച്ച് ഇന്നലെ മുതല്‍ റേഷന്‍ വിതരണം പൂര്‍വ്വ സ്ഥിതിയിലാക്കുമെന്ന ഭക്ഷ്യ വകുപ്പിന്റെ പ്രഖ്യാപനം പാളി. ഇന്നലെ റേഷന്‍ കടകളിലെത്തിയ ഉപഭോക്താക്കളെയും കടയുടമകളെയും ഇ-പോസ് മെഷീന് ചതിച്ചു. മെഷീന് തകരാറിനെ തുടര്‍ന്ന് ജില്ലയില്‍ മിക്കയിടത്തും റേഷന്‍ വിതരണം മുടങ്ങി.
സെര്‍വര്‍ തകരാര്‍ പരിഹരിച്ച് റേഷന്‍കടകള്‍ ഇന്നലെ മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തനം തുടങ്ങിയതിന് പിന്നാലെയാണ് വീണ്ടും പ്രതിസന്ധി ഉടലെടുത്തത്. രാവിലെ മുതല്‍ പിഒഎസ് മെഷീനുകള്‍ പ്രവര്‍ത്തിച്ചില്ലെന്ന് റേഷന്‍ വ്യാപാരികള്‍ പറഞ്ഞു. മണിക്കൂറുകളോളം പരിശ്രമിച്ചിട്ടിട്ടും തകരാര്‍ പരിഹരിക്കാനായില്ല.
ജില്ലയില്‍ 1,237 റേഷന്‍ കടകളാണുള്ളത്. ഇതില്‍ ഭൂരിഭാഗം റേഷന്‍ കടകളുടെ പ്രവര്‍ത്തനവും തടസപ്പെട്ടു. ചിലയിടത്ത് ഭാഗികമായി തകരാര്‍ പരിഹരിച്ചെങ്കില്‍ നിരവധി സ്ഥലങ്ങളില്‍ റേഷന്‍ വിതരണം പൂര്‍ണമായും സ്തംഭിച്ചു. സാങ്കേതിക തകരാര്‍ പരിഹരിക്കാനാവാത്തതിനാല്‍ റേഷന്‍ വിതരണത്തിലെ പ്രതിസന്ധി തുടരുകയാണ്.
സമയക്രമീകരണം പിന്‍വലിച്ച് റേഷന്‍ കടകള്‍ ഇന്നലെ മുതലാണ് പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. 25 വരെ പകുതി സമയങ്ങളിലായിട്ടായിരുന്നു റേഷന്‍ വിതരണം. ഇന്നലെ രാവിലെ കടകള്‍ തുറന്നപ്പോള്‍ ചിലയിടത്ത് കുറച്ച് നേരം ഇ-പോസ് മെഷീന് പ്രവര്‍ത്തിച്ചു. എന്നാല്‍ പിന്നീട് തകരാറിലാവുകയായിരുന്നുവെന്ന് റേഷന്‍ വ്യാപാരികള്‍ പറഞ്ഞു. വിരലടയാളം രേഖപ്പെടുത്തിയ ശേഷം ബില്‍ ആയതായി സൂചന ലഭിച്ച് കഴിയുമ്പോള്‍ ഓണ്‍ലൈന്‍ ബന്ധം നഷ്ടപ്പെടുകയായിരുന്നു. ഏറെ സമയത്തിന് ശേഷം ചിലയിടത്ത് ഒരു ബില്‍ അടിക്കാന്‍ പറ്റിയെങ്കില്‍ അടുത്ത തവണ തടസപ്പെട്ടു. മെഷിന് പണിമുടക്കിയതോടെ ആളുകള്‍ റേഷന്‍ സാധനങ്ങള്‍ വാങ്ങാനാകാതെ തിരികെ പോയി.
റേഷന്‍ കാര്‍ഡ് ഉടമകളുടെയോ, അംഗങ്ങളുടെയോ വിരല്‍ പതിപ്പിച്ച് ബയോ മെട്രിക് വിവരങ്ങള്‍ ശേഖരിച്ച് ബില്‍ അടിച്ചാണ് സാധനങ്ങള്‍ നല്‍കുന്നത്. എന്നാല്‍ ഇ- പോസ് സംവിധാനത്തില്‍ തകരാറിലായതിനാല്‍ ബില്‍ അടിക്കാന്‍ സാധിച്ചില്ല. സംസ്ഥാനത്തെ 14,237 ഇ-പോസ് മെഷീനുകള്‍ ഒരേ സമയം പ്രവര്‍ത്തിപ്പിക്കുന്നതിനാല്‍ സെര്‍വറിന് ലോഡ് വലിക്കാന്‍ സാധിക്കാത്തതാണ് നിലവിലെ പ്രശ്നത്തിന് കാരണമെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു. സമയക്രമീകരണം ഏര്‍പ്പെടുത്തിയപ്പോള്‍ 7,000ഓളം കടകളില്‍ മാത്രമായി മെഷീന് പ്രവര്‍ത്തിക്കുന്നതിനാല്‍ പ്രശ്നമുണ്ടായില്ല.
ഇ-പോസ് മെഷീന് സ്ഥാപിക്കുന്ന സമയത്ത് സംസ്ഥാനത്ത് 81 ലക്ഷം കാര്‍ഡുകളെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ 90 ലക്ഷം കാര്‍ഡുകളായി വര്‍ദ്ധിച്ചു. കൂടുതല്‍ പേരുടെ ഡാറ്റകള്‍ കയറുമ്പോള്‍ സെര്‍വറിന് താങ്ങാന്‍ ശക്തിയില്ലെന്നതിനാലാണ് മെഷീനുകള്‍ തകരാറിലാവുന്നത്. മെഷീനുകള്‍ തകരാറിലാകുമ്പോള്‍ നന്നാക്കുന്നു എന്നല്ലാതെ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകുന്നില്ലെന്ന്് റേഷന്‍ വ്യാപാരികള്‍ കുറ്റപ്പെടുത്തുന്നു. മാസാവസാനത്തെ തിരക്ക് കുറയ്ക്കാന്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ഒരു മണിക്കൂര്‍ കൂട്ടിയിട്ടുണ്ട്. എല്ലാ റേഷന്‍ കടകളും രാവിലെ 8.30 മുതല്‍ 12.30 വരെയും വൈകിട്ട് മൂന്നു മുതല്‍ 6.30 വരെയും പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: