പഴയങ്ങാടി: കെ റെയില്‍ പാത ഒരുക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള സാമൂഹ്യ പ്രത്യാഘാത പഠനം തുടങ്ങി. പയ്യന്നൂരിലെ ചില ഭാഗങ്ങളിലെ പഠനശേഷം ഏഴോം പഞ്ചായത്തിലെ എരിപുരം, പഴയങ്ങാടി 10,11 വാര്‍ഡുകളില്‍പ്പെട്ട സ്ഥലത്തെ വീടുകളും, ചില വാണിജ്യകെട്ടിടങ്ങളും കേന്ദ്രീകരിച്ച് സര്‍വ്വേ നടത്തി.
എന്നാല്‍ ഇതിന് സമീപമുള്ള മാടായി പഞ്ചായത്തിലെ സ്ഥലങ്ങളും മാടായിപ്പാറയിലും പഠനം നടത്താതെ സംഘം മടങ്ങി. കെ റെയിലുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജനവാസകേന്ദ്രമായ മാടായിയും മാടായിപ്പാറയിയും ഏറെ എതിര്‍പ്പുയര്‍ന്നിരുന്നു. കെ റെയില്‍ വിരുദ്ധ മുന്നണിയും മാടായിപ്പാറ സംംരക്ഷണസമിതിയും പ്രത്യക്ഷ സമരവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ മാടായിപ്പാറയില്‍ സ്ഥാപിച്ച സില്വ്വര് ലൈന്‍ സര്‍വ്വേ അതിരുകല്ലുകള്‍ വ്യാപകമായി പിഴുതുമാറ്റിയതും ഏറെ വിവാദമായിരുന്നു.
എരിപുരത്തെ എം.പി. സുഹറ, നടക്കല്‍ സോമന്, നടക്കല്‍ ജനാര്ദ്ധനന് തുടങ്ങിയവരുടെ വീടുകളിലും കെഎസ്ടിപി റോഡിലെ നാല് വ്യാപാര സ്ഥാപനങ്ങളുമാണ് പഠനസംഘം സന്ദര്‍ശിച്ചത്. ശക്തമായ പോലീസ് സന്നാഹത്തോടെയാണ് സര്‍വ്വേ നടത്തിയത്. പ്രദേശത്തെ ജനങ്ങള്‍ അവരുടെ ആശങ്ക രേഖപ്പെടുത്തിയെങ്കിലും അത് മുഖവിലക്കെടുക്കാന്‍ പോലും അധികൃതര്‍ തയ്യാറായില്ലന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ജനങ്ങളുടെ ആശങ്കയകറ്റുന്നതിനും അവരുടെ അഭിപ്രായം പങ്കുവെക്കുന്നതിനുമുള്ള നടപടിയുടെ ആദ്യ ഘട്ടമാണ് ഇതെന്നും ജനങ്ങള്‍ സഹകരിക്കാത്തത് വെല്ലുവിളിയാകുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സര്‍വ്വേ കോഡിനേറ്റര്‍ ഷീബ ജോണ്സണ്, ഫീല്‍ഡ് സര്‍വേയര്‍മാരായ സബിത, ധന്യ രേഷ്മ, പഞ്ചായത്ത് അംഗം ജസീര്‍ അഹമ്മദ് എന്നിവര്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: