ന്യൂദല്‍ഹി: അരുണാചല്‍പ്രദേശില്‍ നിന്നും ചൈനീസ് സേന തട്ടിക്കൊണ്ടുപോയതായി സംശയിച്ചിരുന്ന ആണ്‍കുട്ടിയെ ഉടന്‍ ഇന്ത്യയ്ക്ക് കൈമാറാമെന്ന് ചൈന സമ്മതിച്ചതായി കേന്ദ്ര മന്ത്രി കിരണ്‍ റിജിജു അറിയിച്ചു. റിപ്പബ്ലിക് ദിനത്തില്‍ ഹോട്ട് ലൈന്‍ വഴി ബന്ധപ്പെട്ടാണ് ചൈനീസ് അധികൃതര്‍ ഇക്കാര്യം അറിയിച്ചതെന്ന് കിരണ്‍ റിജിജു പറഞ്ഞു.
“അധികം വൈകാതെ 17 കാരന് മിറാം ടറോമിനെ ഇന്ത്യയ്ക്ക് കൈമാറാനുള്ള സ്ഥലവും സമയവും അറിയിക്കാമെന്നും ചൈന പറഞ്ഞിട്ടുണ്ട്. കൈമാറുന്നതിലെ കാലതാമസം ചൈനയുടെ ഭാഗത്തുള്ള മോശം കാലാവസ്ഥ മൂലമാണ്,”- റിജിജു ട്വിറ്ററില്‍ അറിയിച്ചു.
17കാരനായ മിറാം ടറോം എന്ന കൗമാരപ്രായക്കാരനെ അരുണാചലില്‍ നിന്നും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പിടിച്ചുകൊണ്ടുപോയതായി വാര്‍ത്തപരന്നതോടെ ഇന്ത്യന്‍ പ്രതിരോധ സേനയിലും ആശങ്ക പരന്നിരുന്നു. ജനവരി 18 മുതലാണ് മിറാം ടറോമിനെ കാണാതായത്. ഇന്ത്യന്‍ സേനയുടെ നയതന്ത്രസമ്മര്‍ദ്ദം ഏറിയപ്പോള്‍ ചൈനീസ് സേന തന്നെ കുട്ടിയെ കണ്ടെത്തിയതായി അറിയിച്ചതോടെ ഇന്ത്യയും ചൈനയും തമ്മിലുണ്ടായേക്കാവുന്ന വലിയൊരു നയതന്ത്ര ഏറ്റുമുട്ടലിന് അറുതിയായി.
2018ല്‍ ചൈനീസ് സേന 3-4 കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് നിര്‍മ്മിക്കുന്നതിനിടയിലാണ് ഇന്ത്യന്‍ മേഖലയില്‍ നിന്നും രണ്ട് കൗമാരക്കാരെ പിടിച്ചുകൊണ്ടുപോയത്. ഇതില്‍ ഒരാള്‍ രക്ഷപ്പെട്ട് അരുണാചല്‍പ്രദേശിലെ ബിജെപി എംപി താപില്‍ ഗാവോയെ വിവരമറിയിച്ചു. ഇതേ തുടര്‍ന്നാണ് എംപി ഈ വിഷയം കേന്ദ്ര പ്രതിരോധമന്ത്രാലയത്തെ അറിയിച്ചത്. ഇതോടെ അന്തരീക്ഷം കലുഷിതമായി.സാംഗ്പോ നദി ഇന്ത്യയിലെ അരുണാചല്‍പ്രദേശിലേക്ക് കടക്കുന്ന സ്ഥലത്ത് നിന്നാണ് കുട്ടിയെ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി തട്ടിക്കൊണ്ടുപോയതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇക്കാര്യം സൂചിപ്പിച്ച് ടാപില്‍ ഗാവോ ട്വീറ്റ് ചെയ്തപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ്, ഇന്ത്യന്‍ സേന എന്നിവരെ ടാഗ് ചെയ്തിരുന്നു. പിന്നീട് മിറാം ടറോം എന്ന 17 കാരന് അപ്രത്യക്ഷമായ വിവരം അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ കണ്ഡുവും സ്ഥിരീകരിച്ചിരുന്നു.
അതോടെ ഇന്ത്യന്‍ സേന യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് കുറുകെയുള്ള ചൈനീസ് സേനാകേന്ദ്രവുമായി നിരന്തരം ബന്ധം പുലര്‍ത്തി വരികയായിരുന്നു. ഞായറാഴ്ചയാണ് ആണ്‍കുട്ടിയെ കണ്ടുകിട്ടിയ വിവരം ചൈനീസ് സേന ഇന്ത്യന്‍ പ്രതിരോധ സേനയെ അറിയിച്ചത്. തേസ്പൂരിലെ ഇന്ത്യന്‍ പ്രതിരോധമന്ത്രാലയത്തിന്റെ പിആര്‍ഒ ആണ് അന്ന് ഇക്കാര്യം സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: