തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷമായ അമൃത മഹോത്സവത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നടക്കുന്ന പരിപാടികള്‍ റിപ്പബ്ലിക് ദിനത്തില്‍ ആരംഭിക്കും. ദേശീയപതാക ഉയര്‍ത്തിയും ഇരുചക്ര വാഹന റാലി നടത്തിയുമാണ് പരിപാടികള്‍ക്ക് തുടക്കമാവുക. കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പാലിച്ചാണ് ചടങ്ങുകള്‍ നടത്തുക. രാവിലെ 8.30ന് നടക്കുന്ന വെര്‍ച്വല്‍ വിദ്യാര്‍ത്ഥി സംഗമത്തില്‍ ആര്.എസ്.എസ് ദേശീയ പ്രവര്‍ത്തക സമിതിയംഗം രാംമാധവ് പങ്കെടുക്കും.
ആഗസ്റ്റ് 15 വരെ നടക്കുന്ന ആഘോഷപരിപാടികളില്‍ സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കുകയും സ്മൃതി സദസ്സുകള്‍ സംഘടിപ്പിക്കുകയും ചെയ്യും. ബ്രിട്ടീഷ് അധിനിവേശത്തിനുമുമ്പ് നടന്നിട്ടുള്ള സ്വാതന്ത്ര്യസമരങ്ങളുടെ ചരിത്രവും ജനങ്ങളിലെത്തിക്കലാണ് അമൃത മഹോത്സവത്തിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ വ്യക്തമാക്കി. വിസ്മരിക്കപ്പെട്ട സ്വാതന്ത്ര്യസമര സേനാനികള്‍, സ്മൃതി കേന്ദ്രങ്ങള്‍, സ്മാരകങ്ങള്‍ എന്നിവ സംബന്ധിച്ച ചര്‍ച്ചകളും ആഖ്യാനങ്ങളും നടത്തും. സമൂഹത്തിന്റെ എല്ലാ തലത്തില്പ്പെട്ടവരെയും ഉള്‍പ്പെടുത്തി സ്വാതന്ത്ര്യസ്മൃതി പരിപാടികളും സംഘടിപ്പിക്കും. സ്വാതന്ത്ര്യാനന്തര ഭാരതം കൈവരിച്ച നേട്ടങ്ങളും ഭാവിഭാരതത്തിന്റെ ദിശയും ചര്‍ച്ച ചെയ്യും.
സംസ്ഥാനത്ത് ഓരോ ജില്ലകളിലും നടന്ന സ്വാതന്ത്ര്യസമര പോരാട്ടങ്ങളെക്കുറിച്ചുള്ള പ്രദര്‍ശനങ്ങളും ചര്‍ച്ചകളും സംഘടിപ്പിക്കും. കലാകായിക പരിപാടികള്‍, ജില്ലകള്‍ തോറും സ്വാതന്ത്ര്യ സ്മൃതി യാത്രകള്‍ തുടങ്ങിയവ സംഘടിപ്പിക്കും. അമൃതമഹോത്സവം സംസ്ഥാന സംഘാടക സമിതി യോഗത്തില്‍ അദ്ധ്യക്ഷനും മുന്‍ കരസേനാ ഉപമേധാവിയുമായ ലഫ്റ്റനന്റ് ജനറല്‍ ശരത്ചന്ദ് അദ്ധ്യക്ഷത വഹിച്ചു. പൊതുകാര്യദര്‍ശി എം.ജയകുമാര്‍, സംസ്ഥാന സംയോജകന്‍ കെ.ബി.ശ്രീകുമാര്‍, എസ്.സുദര്ശനന്, ടി.വി. പ്രസാദ് ബാബു, ജി.സുരേഷ്കുമാര്‍, രഞ്ജിത് കാര്ത്തികേയന്, ഡോ.ലക്ഷ്മി വിജയന്.വി.ടി, അഡ്വ.ജി.അഞ്ജനാദേവി തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: