തിരുവനന്തപുരം: ജനുവരി 26 റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും കേരളത്തിന്റെ ഫ്ളോട്ട് ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് നാളെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ ഫ്ളോട്ടുകള്‍ സ്ഥാപിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങളുടെ ഭാഗമായിട്ടാണ് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുന്നില്‍വെച്ചുള്ള കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് കേന്ദ്രം അനുമതി നിഷേധിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെത്തുടര്‍ന്ന് കേരളം റിപ്പബ്ലിക്ദിന പരേഡില്‍നിന്ന് പുറത്താകുകയും ചെയ്തു. ബോധപൂര്‍വ്വമായ ഈ നീക്കം സാംസ്കാരിക കേരളത്തോടുള്ള വെല്ലുവിളിയാണ്. ഗുരുവിനെ അപമാനിക്കുന്നതിന് തുല്യമാണ് ഈ നടപടി. മനുഷ്യര്‍ക്കിടയില്‍ വിഭജനം ഇളക്കിവിടുന്ന ജാതിചിന്തയ്ക്കും അനാചാരങ്ങള്‍ക്കും വര്‍ഗീയവാദത്തിനുമെതിരെ ഗുരു പകര്‍ന്ന മാനവികതയുടെയും സാഹോദര്യത്തിന്റെയും ആശയങ്ങള്‍ കൂടുതല്‍ ജനങ്ങളില്‍ എത്താനുള്ള അവസരമാണ് നിഷേധിക്കപ്പെട്ടിരിക്കുന്നത്. രാജ്യത്ത് നിലവിലുള്ളത് മതനിരപേക്ഷ ജനാധിപത്യ ഭരണഘടനയാണ്.
നൂറ്റാണ്ടുകള്‍ക്കുമുമ്പ് ചോദ്യങ്ങള്‍ നേരിട്ട ഫ്യൂഡല്‍ പാരമ്പര്യം പിന്തുടരുന്നതിനാലാണ് ഗുരുപ്രതിമ അടങ്ങിയ നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിക്കാന്‍ തയ്യാറായത് . ലോകം കണ്ട മഹാനായ സാമൂഹ്യ പരിഷ്കര്‍ത്താവിനെ, തത്വചിന്തകനെ അവഹേളിച്ച മോദി സര്‍ക്കാര്‍ പുരോഗമന സമൂഹത്തിന് അപമാനമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, ഗുരുവിനെ കുരിശില്‍ തറച്ച് സിപിഎം നടത്തിയ പഴയ അവഹേളനം മറക്കരുതെന്നും അത്തരം ഫ്ളോട്ട് ഒഴിവാക്കണമെന്നും സോഷ്യല്‍മീഡിയയില്‍ ആവശ്യം ഉയര്‍ന്നു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: