കണ്ണൂര്‍: തോട്ടട കിഴുന്നപ്പറയിലെ ആല്വിന് മുകുന്ദ് എന്ന ഏഴു വയസുകാരന്റെ ചിത്രങ്ങള്‍ക്ക് രാജ്യാന്തര അംഗീകാരം. ആല്വിന് ഉന്നതപുരസ്കാരം ലഭിച്ചതിന്റെ ആഹ്ളാദത്തിലാണ് കിഴുന്നപ്പാറ പ്രദേശവാസികള്‍.
രണ്ട് വയസ്സുമുതലാണ് ആല്വിന് ചിത്രങ്ങള്‍ വരയ്ക്കാന്‍ തുടങ്ങിയത്. മകന്റെ തനിച്ചിരുന്നുള്ള ചിത്രം വര അച്ഛന് ലിജുവിന്റെയും അമ്മ ശരണ്യയുടെയും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ആല്‍വിന്റെ ചിത്രങ്ങള്‍ കൂടുതല്‍ ജീവനുള്ളവയാവുന്നത്. ചിത്രകല അഭ്യസിക്കാതെയാണ് ആല്വിന് ചിത്രങ്ങള്‍ വരച്ചുകൂട്ടുന്നത് എന്നതാണ് കൗതുകകരമായ കാര്യം. മനസില്‍ തോന്നുന്ന പ്രകൃതി രമണീയ ചിത്രങ്ങളും ചോട്ടാഭീം, സ്പൈഡര്മാന് തുടങ്ങിയ കാര്‍ട്ടൂണ്‍ ഹീറോകളും ലോകചരിത്ര പ്രതിഭകളും ഒക്കെയായി ഇരുന്നൂറില്പരം ചിത്രങ്ങളാണ് ആല്വിന് ഏഴു വയസ്സിനിടയില്‍ വരച്ചു തീര്‍ത്തത്.
ആല്വിന് വരച്ച ചിത്രങ്ങള്‍ കണ്ടാണ് അച്ഛന് ലിജു റെക്കാര്‍ഡ് നേടാനുള്ള ശ്രമം നടത്തിയത്. ട്വന്റി ട്വന്റി ക്രിക്കറ്റിലെ ഫൈനല്‍ ജേതാക്കളായ ആസ്ട്രേലിയന്‍ കളിക്കാരെ ലൈവായി വരച്ചാണ് ആല്വിന് ഇന്ത്യ ബുക്ക് ഓഫ് റെക്കാര്‍ഡും ഏഷ്യ ബുക്ക് ഓഫ് റെക്കാര്ഡിസില് ഗ്രാന്റ് മാസ്റ്റര്‍ ടൈറ്റിലും നേടിയത്. കണ്ണൂര്‍ സ്പേസ് ആര്‍ട്ട് ഗാലറിയില്‍ നടത്തിയ ചിത്രപ്രദര്‍ശനത്തില്‍ ആല്‍വിന്റെ ചിത്രങ്ങളും ഇടംപിടിച്ചിട്ടുണ്ട്.
ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച ചിത്ര രചനാമത്സരത്തില്‍ ഒന്നാം സ്ഥാനവും എസ്എന്‍ അലൂംമ്നി അസോസിയേഷന് പത്താം തരം വരെയുളള കുട്ടികള്‍ക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തില്‍ ഗോള്‍ഡ്മെഡലും കരസ്ഥമാക്കിയിട്ടുണ്ട്. ക്രയോണ്‍സ്, അക്രിലിക്, ഓയില്‍ പേസ്റ്റ് എന്നിവയാണ് ആല്വിന് വരക്കാനായി ഇഷ്ടപ്പെടുന്നത്. കണ്ണൂര്‍ സെന്റ്മൈക്കിള്‍സ് സ്കൂളിലെ ഒന്നാംതരം വിദ്യാര്‍ഥിയാണ് ആല്വിന്. ഏഴിമല നാവിക അക്കാദമിയില്‍ ഐടി വിഭാഗത്തില്‍ ജോലി ചെയ്യുന്ന തോട്ടട കിഴുന്നയിലെ കരുന്തോളില് കെ. ലിജു-ടി.പി. ശരണ്യ ദമ്പതികളുടെ ഏക മകനാണ് ആല്വിന് മുകുന്ദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: