കൊച്ചി : കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം നല്‍കുന്നതിനെതിരെ നല്കിയ അപ്പീല്‍ ഹര്‍ജിയും ഹൈക്കോടതി തള്ളി. വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ സന്ദേശം നല്കാന് അദ്ദേഹത്തിന് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷന് ബെഞ്ച് ഹര്‍ജി തള്ളിയത്.
കടുത്തുരുത്തി സ്വദേശി പീറ്റര്‍ മ്യാലിപ്പറമ്പിലാണ് വക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം നല്‍കുന്നതിനെതിരെ ഹര്‍ജി നല്‍കിയത്. കേസ് ആദ്യം പരിഗണിച്ച സിംഗിള്‍ ബെഞ്ച് പ്രധാനമന്ത്രിയുടെ ചിത്രം വെയ്ക്കുന്നതിനെ ശരിവെയ്ക്കുകയും ഹര്‍ജിക്കാരനെതിരെ ഒരുലക്ഷം രൂപ പിഴ ചുമത്തി ഹര്‍ജി തള്ളുകയും ചെയ്തിരുന്നു. ഇതിനെതിരെ പീറ്റര്‍ വീണ്ടും അപ്പീല്‍ നല്‍കുകയായിരുന്നു.
വാക്സിന് സര്‍ട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. സ്വകാര്യ ആശുപത്രിയില്‍ പണം നല്കി വാകിസിനെടുക്കുന്നവര്ക്ക് നല്കുന്ന സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം നല്‍കുന്നത് മൗലികാവകാശ ലംഘനമാണെന്നും അപ്പീല്‍ ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.
വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം നല്‍കുന്നത് പരസ്യമായി കണക്കാക്കാനാവില്ല. ജനം തെരഞ്ഞെടുപ്പിലൂടെ പാര്‍ലമെന്റില്‍ എത്തിക്കുന്നത് യോഗ്യതയുള്ള വ്യക്തികളെയാണ്. ഭൂരിപക്ഷം ലഭിച്ച പാര്‍ട്ടി ഇവരില്‍ നിന്നാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത്.
അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. പാര്‍ലമെന്റ് മന്ദിരത്തിന്റെ മേല്‍ക്കൂര പൊളിച്ച് എത്തിയ വ്യക്തിയല്ല പ്രധാനമന്ത്രി. ജനങ്ങളുടെ തീരുമാനമാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെ പുലര്‍ത്തുന്ന ആശയങ്ങള്‍ വെറെ ആണെങ്കില്‍ കൂടിയും പ്രധാനമന്ത്രിയെ ബഹുമാനിക്കേണ്ട ഉത്തരവാദിത്തം പൗരന്മാര്ക്കുണ്ടെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് പറഞ്ഞിരുന്നു.
അടുത്ത തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ അദ്ദേഹത്തെ മാറ്റാം. പക്ഷേ ഒരിക്കല്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തിയാല്‍ അത് ആരാണെങ്കില്‍ കൂടിയും അദ്ദേഹം രാജ്യത്തിന്റെ അഭിമാനമാണ്. ഹര്‍ജിക്കാരന്റെ ആവശ്യം തീര്‍ത്തും ബാലിശമാണ്. പ്രശസ്തി താത്പ്പര്യമാണ് ഹര്‍ജിക്ക് പിന്നിലെന്നും കോടതി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: