കണ്ണൂര്‍: സെന്റ് തോമസ് ചര്‍ച്ച് തിരുന്നാളിനോടനുബന്ധിച്ച് നടന്ന പ്രഭാഷണത്തില്‍ ഹലാല്‍ വിശദീകരണത്തിനിടെ ഇരിട്ടി മണിക്കടവ് സെന്റ് തോമസ് ചര്‍ച്ചില്‍ ഫാ. ആന്റണി നടത്തിയ പ്രവാചകന് മുഹമ്മദ് നബിക്ക് ഹിറാ ദിവ്യ സന്ദേശങ്ങള്‍ക്ക് ശേഷം ബുദ്ധിമാന്ദ്യം സംഭവിച്ചെന്ന രീതിയില്‍ വളരെ മോശമായി ചിത്രീകരിച്ചുള്ള പരാമര്‍ശം അങ്ങേയറ്റം അപലപനീയവും നിന്ദ്യവുമാണെന്നും ഫാദര്‍ തീ കൊള്ളികൊണ്ട് തല ചൊറിയുകയാണെന്നും സുന്നീ യുവജന സംഘം കണ്ണൂര്‍ ജില്ലാ കമ്മിറ്റി.
ഹലാല്‍ വിശദീകരണ യോഗത്തിനിടെ ഹിറാ ദിവ്യ സന്ദേശങ്ങള്‍ക്ക് ശേഷം പ്രവാചകന് ബുദ്ധിമാന്ദ്യം സംഭവിച്ചെന്നായിരുന്നു ഫാദര്‍ ആന്റണിയുടെ പരാമര്‍ശം. ഹലാല്‍ ഭക്ഷണമെന്നത് മുസ്ലിങ്ങള്‍ തുപ്പിയതാണെന്നും മലബാറിലും തെക്ക് ഭാഗത്തും ചെയ്ന്‍ ജ്യൂസ് കട നടത്തി ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വശീകരിച്ച് മതം മാറ്റുന്നെന്നും ഫാദര്‍ പറഞ്ഞിരുന്നു.
മനുഷ്യ സ്നേഹവും മതമൈത്രിക്കും നില കൊള്ളേണ്ട പുരോഹിതര്‍ പ്രവാചക നിന്ദയും മത വൈര്യവും പ്രചരിപ്പിക്കുന്നത് അത്യന്ത്യം ആപത്കരമാണ്. ഹലാല്‍ ഭക്ഷണമെന്നത് മുസ്ലിങ്ങള്‍ തുപ്പിയതാണെന്ന് അച്ഛനെപ്പോലെ ഉന്നത വിദ്യാഭ്യാസമുള്ളവര്‍ പ്രസ്താവിക്കുന്നത് ഖേദകരമാണ്. മാത്രവുമല്ല മലബാറിലും തെക്ക് ഭാഗത്തും ചെയിന്‍ ജ്യൂസ് കട നടത്തി ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വശീകരിച്ച് വല വീശീപ്പിടിച്ച് മതം മാറ്റല്‍ പ്രക്രിയ നടത്തുന്നതെന്നും അതിനാല്‍ പുറം നാടുകളിലും മറ്റും പോയാല്‍ അവിടുത്തെ കടകള്‍ നോക്കി കയറണമെന്നുമുള്ള പ്രസ്താവനയും സൗഹാര്‍ദ്ദമായി കഴിഞ്ഞ് കൂടുന്ന നമ്മുടെ നാടിന് അപമാനമാണെന്നും ഇത്തരം പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും എസ്വൈഎസ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: