അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കൊവിഡ് വാര്‍ഡുകളില്‍ രോഗികള്‍ നിറഞ്ഞു കവിഞ്ഞു. കൊവിഡ് വാര്‍ഡുകളായ 4, 5 വാര്‍ഡുകളില്‍ പ്രവേശിപ്പിക്കാവുന്നത് 80 രോഗികളെയാണ്. എന്നാല്‍ 103 ഓളം കൊവിഡ് രോഗികളാണ് നിലവില്‍ വാര്‍ഡുകളിലുള്ളത്. ഐസിയുവില്‍ 15 രോഗികളും, വെന്റിലേറ്ററില്‍ ആറു കൊവിഡ് രോഗികളും ചികിത്സയിലുണ്ട്.
മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ സി കാറ്റഗറിയിലുള്ള ഗുരുതര രോഗികളെ മാത്രം പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശമെങ്കിലും ജില്ലയിലെ വിവിധ താലൂക്ക് ആശുപത്രികളില്‍ നിന്ന് ഗുരുതരമല്ലാത്ത കൊവിഡ് രോഗികളെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയാണെന്ന് ആശുപത്രി സൂപ്രണ്ട് സജീവ് ജോര്‍ജ് പറഞ്ഞു.
കായംകുളം, മാവേലിക്കര ,ഹരിപ്പാട് തുടങ്ങിയ താലൂക്ക് ആശുപത്രികളിലും, ജില്ലാ ആശുപത്രിയിലും ,കടപ്പുറം ആശുപത്രിയിലും ഗുരുതരമല്ലാത്ത കൊവിഡ് രോഗികളെ പ്രവേശിപ്പിക്കുകയാണെങ്കില്‍ കൂടുതല്‍ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് ബാധിതര്‍ക്ക് നല്ല ചികിത്സ നല്കാന് മെഡിക്കല്‍ കോളേജ് ആശുപത്രിക്കാകുമെന്ന് നോഡല്‍ ഓഫീസര്‍ സന്തോഷ് രാഘവന് പറഞ്ഞു.
കൊവിഡ് വ്യാപനത്തിന്റെ ഒന്നും, രണ്ടും ഘട്ടങ്ങളില്‍ ചെയ്തതുപോലെ പഞ്ചായത്ത് അടിസ്ഥാനത്തില്‍ സിഎഫ്എല്റ്റികള് ഒരുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. ജില്ലയിലെ എംഎല്‍എമാരും ജനപ്രതിനിധികളും ഇതിനായി മുന്‍കൈ എടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: