പൂയപ്പള്ളി: പൂയപ്പള്ളി ജങ്ഷനില്‍ ടാറിട്ട റോഡ് ദിവസങ്ങള്‍ക്കകം വെട്ടി പൊളിച്ചു. ജങ്ഷനില്‍ മാസങ്ങളായി ജപ്പാന് കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുകയും, റോഡ് പൂര്‍ണമായും തകരുകയും ചെയ്തിരുന്നു. പൈപ്പിന്റെ തകരാര്‍ കണ്ടെത്താനായി ജംഗ്ഷനില്‍ നാലോ അഞ്ചോ സ്ഥലം മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് കുഴിച്ചെങ്കിലും ചോര്‍ച്ച കണ്ടെത്താനാകാതെ കുഴി മണ്ണിട്ട് നികത്തി പിന്മാറുകയാണുണ്ടാത്.
ആയൂര്‍-പൂയപ്പള്ളി- ചെമ്മാം മുക്ക് റോഡ് റീ ടാറിങ്ങിന്റെ മുന്നോടിയായി റോഡിലെ നിലവിലുള്ള പ്രധാനപ്പെട്ട കുഴികളൊക്കെ ടാര്‍ ചെയ്തിരുന്നു. പൂയപ്പള്ളി ജംഗ്ഷനില്‍ പൈപ്പ് പൊട്ടി കുടിവെള്ളം ഒഴുകുന്ന സ്ഥലത്തെ പൈപ്പിന്റെ ചോര്‍ച്ച പരിഹരിക്കാന്‍ പിഡബ്ല്യുഡി അധികൃതര്‍ വാട്ടര്‍ അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പൈപ്പിന്റെ തകരാര്‍ പരിഹരിക്കാതെ വാല്‍വ് അടച്ച് ദിവസങ്ങളോളം ജലവിതരണം നിര്‍ത്തിവെക്കുക മാത്രമാണ് ഉണ്ടായത്.
തുടര്‍ന്ന് ഒരാഴ്ച മുന്‍പാണ് റോഡ് ടാര്‍ ചെയ്തത്. ടാര്‍ ചെയ്തതിന്റെ പിറ്റേ ദിവസം വെള്ളം തുറന്ന് വിട്ടതോടെ റോഡിന്റെ ടാറിട്ടഭാഗം വീണ്ടും പൊട്ടി ജംഗ്ഷനിലൂടെ വെള്ളമൊഴുകിത്തുടങ്ങി. ഇതിനെക്കുറിച്ച് പത്രമാധ്യങ്ങളില്‍ വാര്‍ത്ത ആയതിനെത്തുടര്‍ന്ന് ഇന്നലെ പൊട്ടിയ പൈപ്പിന്റെ തകരാര്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് വീണ്ടും റോഡ് വെട്ടി കുഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: