Categories: Kollam

വേളമാനൂരില്‍ മലയിടിച്ച് മണ്ണെടുപ്പ്, ലക്‌ഷ്യം അഞ്ച് ഏക്കറോളം വരുന്ന വയൽ നികത്തൽ, കുടിവെള്ള ക്ഷാമം രുക്ഷമാകുമെന്ന് നാട്ടുകാർ

വയലുകള്‍ പൂര്‍ണമായും നികത്തുന്നതോടെ രൂക്ഷമായ കുടിവെള്ളക്ഷാമമാകും പ്രദേശത്ത് നേരിടേണ്ടി വരിക. വീട് നിര്‍മിക്കുന്നതിനു വേണ്ടിയാണ് മണ്ണെടുക്കുന്നതെന്നാണ് കരാറുകാരുടെ വിശദീകരണം.

Published by

ചാത്തന്നൂര്‍: വേളമാനൂരില്‍ മലയിടിച്ചുള്ള മണ്ണെടുപ്പും വയല്‍ നികത്തലും വര്‍ധിക്കുന്നു. അധികൃതരുടെ കണ്‍മുന്നില്‍ വേളമാനൂരില്‍ വന്‍മലകള്‍ ഇടിച്ചു നിരത്തുകയാണ്.പൊതു അവധിദിവസങ്ങളിലാണ് മണ്ണെടുപ്പും വയല്‍ നികത്തലും കൂടുതല്‍ നടക്കുന്നത്. കല്ലുവാതുക്കല്‍ വില്ലേജിലെ വേളമാനൂര്‍ തേക്കുകരയിലെ കുന്നിടിച്ചു മണ്ണ് കടത്താന്‍ തുടങ്ങിയിട്ട് ഒരാഴ്ചയായി. വസ്തു വിലയ്‌ക്കു വാങ്ങി വീട് ഇടിച്ചു നിരത്തിയാണ് മണ്ണ് എടുത്ത് കടത്തുന്നത്.  

ഈ മണ്ണ് ഉപയോഗിച്ച് സമീപത്തുള്ള വയല്‍ കഴിഞ്ഞ മൂന്നു ദിവസമായി നികത്തിക്കൊണ്ടിരിക്കുകയാണ്. ടിപ്പര്‍ ലോറികളില്‍ ലോഡ്കണക്കിന് മണ്ണാണ് അഞ്ച് ഏക്കറോളം വരുന്ന വയലില്‍ ഇടുന്നത്. ഇതേ രീതിയില്‍ പോയാല്‍ ഒരാഴ്ച കൊണ്ട് വയലിന്റെ ഒരു ഭാഗം പൂര്‍ണമായും നികത്തുമെന്ന് നാട്ടുകാര്‍ പറയുന്നു.  

വയലിന് സമീപമുള്ള സ്ഥലങ്ങള്‍ വേനല്‍ക്കാലത്ത് ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളാണ്. വയലുകള്‍ പൂര്‍ണമായും നികത്തുന്നതോടെ രൂക്ഷമായ കുടിവെള്ളക്ഷാമമാകും പ്രദേശത്ത് നേരിടേണ്ടി വരിക. വീട് നിര്‍മിക്കുന്നതിനു വേണ്ടിയാണ് മണ്ണെടുക്കുന്നതെന്നാണ് കരാറുകാരുടെ വിശദീകരണം.

ചാത്തന്നൂര്‍, ചിറക്കര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മണ്ണെടുപ്പ് തകൃതിയായി നടക്കുന്നു. വേളമാനൂരിന്റെ വിവിധ പ്രദേശങ്ങളില്‍ മാസങ്ങളായി മലയിടിച്ചുള്ള മണ്ണെടുപ്പാണ് നടക്കുന്നത്. കുന്നില്‍ പ്രദേശമായ നടയ്‌ക്കല്‍ പ്രദേശത്തും ഇതേ സ്ഥിതിയാണ്. ചാത്തന്നൂര്‍, ചിറക്കര, ആദിച്ചനല്ലൂര്‍ പഞ്ചായത്തുകളില്‍ ഗൃഹനിര്‍മാണത്തിനെന്ന പേരില്‍ വലിയ തോതില്‍ മണ്ണെടുപ്പ് നടക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by