ന്യൂദല്‍ഹി: ഹൈദരാബാദിലെ സമത്വ പ്രതിമ ഫെബ്രുവരി അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിന് സമര്‍പ്പിക്കും. പതിനൊന്നാം നൂറ്റാണ്ടിലെ ഭക്ത സന്യാസിയും സാമൂഹിക പരിഷ്കര്‍ത്താവുമായ ശ്രീ രാമാനുജാചാര്യയുടെ 216 അടി ഉയരമുള്ള പ്രതിമയാണിത്. ഹൈദരാബാദിലെ ഷംഷാബാദില്‍ 45 ഏക്കര്‍ വരുന്ന കോംപ്ലക്സിലാണ് സമത്വ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. രാഷ്ട്രപതി രാമനാഥ് കോവിന്ദ് ഫെബ്രുവരി 13ന് അകത്തെ ചേമ്പറായ 120 കിലോഗ്രാം വരുന്ന സ്വര്‍ണ രാമാനുജയെ അനാവരണം ചെയ്യും.
ഇതോടൊപ്പം ശീരാമാനുജ സഹസ്രാബ്ദി സമാരോഹത്തിന്റെ ഭാഗമായി ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ 1035 യാഗാഗ്നി വഴിപാടുകളും ബഹുജന മന്ത്രജപം പോലുള്ള ആത്മീയ പ്രവര്‍ത്തനങ്ങളും നടത്തപ്പെടും. സന്യാസിയുടെ 1000 ജന്മ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണിത്. ഫെബ്രുവരി രണ്ടിന് പരിപാടികള്‍ക്ക് തുടക്കം കുറിക്കും. ചിന്നജീയര്‍ സ്വാമിയോടൊപ്പം തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു പരിപാടിക്ക് ആതിഥേയത്വം വഹിക്കും. മറ്റ് മുഖ്യമന്ത്രിമാര്‍, രാഷ്ട്രീക്കാര്‍, പ്രമുഖര്‍, താരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ആഗോള തലത്തിലുള്ള ഭക്തരില്‍ നിന്നും ശേഖരിച്ച സംഭാവനകളിലൂടെയാണ് 1000 കോടി രൂപയുടെ ഈ പദ്ധതി നടപ്പാക്കിയത്. ശ്രീരാമാനുജാചാര്യയുടെ അകത്തെ പ്രതിഷ്ഠ സന്യാസി ഭൂമിയില്‍ ജിവിച്ചിരുന്ന 120 വര്‍ഷത്തിന്റെ ഓര്‍മ്മയ്ക്കായി 120 കിലോഗ്രാം സ്വര്‍ണം കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. 216 അടി വരുന്ന സമത്വ പ്രതിമ ലോകത്തെ രണ്ടാമത്തെ വലിയ ഇരിക്കുന്ന സ്ഥിതിയിലുള്ള പ്രതിമയായിരിക്കും. പഞ്ചലോഹം ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത്. സ്വര്‍ണം, വെള്ളി, ചെമ്പ്, പിച്ചള, നാകം എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. ആള്‍വാര്‍മാരുടെയും മിസ്റ്റിക് തമിഴ് സന്യാസിമാരുടെയും കൃതികളില്‍ പരാമര്‍ശിച്ചിരിക്കുന്ന അലങ്കരിച്ച 108 വിഷ്ണു ക്ഷേത്രങ്ങളുടെ 108 സമാന ദിവ്യദേശങ്ങള് സമുച്ചയത്തില്‍ സൃഷ്ടിച്ചിട്ടുണ്ട്.
1017ല്‍ തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ ജനിച്ച ശ്രീരാമാനുജാചാര്യര്‍ ദേശീയത, ലിംഗഭേദം, വംശം, ജാതി, മതം എന്നിവ പരിഗണിക്കാതെ എല്ലാ മനുഷ്യരും തുല്യരാണ് എന്ന അടിസ്ഥാന ബോധ്യത്തോടെ ദശലക്ഷക്കണക്കിന് ആളുകളെ സാമൂഹിക, സാംസ്കാരിക, ലിംഗ, വിദ്യാഭ്യാസ, സാമ്പത്തിക വിവേചനങ്ങളില്‍ നിന്ന് മോചിപ്പിച്ചു. കടുത്ത വിവേചനത്തിന് വിധേയരായവര്‍ ഉള്‍പ്പെടെ എല്ലാ ആളുകള്‍ക്കും അദ്ദേഹം ക്ഷേത്രങ്ങളുടെ വാതിലുകള്‍ തുറന്നുകൊടുത്തു. ലോകമെമ്പാടുമുള്ള സാമൂഹിക പരിഷ്കരണവാദികള്‍ക്ക് അദ്ദേഹം സമത്വത്തിന്റെ കാലാതീതമായ പ്രതീകമായി തുടരുന്നു.
സമത്വ പ്രതിമയുടെ ഉദ്ഘാടനത്തിനായി മുഖ്യാതിഥികള്‍, വിശിഷ്ടാതിഥികള്‍, ഭക്തര്‍, സമൂഹത്തിന്റെ നാനാതുറകളിലുള്ള ആളുകള്‍ തുടങ്ങിയവരുള്‍പ്പെടെ എല്ലാവരേയും ഞങ്ങള്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നുവെന്നും കഴിഞ്ഞ 1000 വര്‍ഷമായി ഭഗവദ് രാമാനുജാചാര്യ സമത്വത്തിന്റെ യഥാര്‍ത്ഥ പ്രതീകമായി തുടരുന്നുവെന്നും ഈ പദ്ധതി അദ്ദേഹത്തിന്റെ പഠിപ്പിക്കലുകള്‍ കുറഞ്ഞത് 1000 വര്‍ഷമെങ്കിലും പ്രാവര്‍ത്തികമാണെന്ന് ഉറപ്പാക്കുമെന്നും സമത്വ പ്രതിമയെ ലോകമെമ്പാടുമുള്ള ആളുകളുടെ സാംസ്കാരിക ലക്ഷ്യസ്ഥാനമാക്കി മാറ്റുകയും ലോകത്തെ കൂടുതല്‍ തുല്യമായ വാസസ്ഥലമാക്കാന്‍ എല്ലാവരേയും പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് തങ്ങളുടെ ദൗത്യമെന്നും ചിന്നാജീയര്‍ സ്വാമി പറഞ്ഞു.
2014ലാണ് പദ്ധതിയുടെ ശിലാസ്ഥാപനം നടത്തിയത്. ‘ഭദ്ര വേദി’ എന്ന അടിത്തറ കെട്ടിടത്തിന് മാത്രം 54 അടി ഉയരമുണ്ട്. ഈ നിലകള്‍ വേദിക്ക് ലൈബ്രറിക്കും ഗവേഷണ കേന്ദ്രങ്ങള്‍ക്കുമായി മാറ്റിവച്ചിരിക്കുന്നു. തിയറ്റര്‍, വിദ്യാഭ്യാസ ഗാലറി, ശ്രീരാമാനുജാചാര്യയുടെ കൃതികളുടെ ബഹു ഭാഷാ ഓഡിയോ ടൂര്‍ തുടങ്ങിയവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: