മറയൂര്‍: കേരളത്തില്‍ വൈദ്യുതി എത്താത്ത മേഖലയില്‍ വൈദ്യുതി എത്തിച്ചു നല്‍കാനുള്ള ശ്രമം ഫലപ്രദം എന്ന് പറയുന്നുണ്ടെങ്കിലും മറയൂര്‍ മേഖലയില്‍ വൈദ്യുതി എത്താത്ത ഒട്ടേറെ വനവാസി കുടികളുണ്ട്. മറയൂര്‍ പഞ്ചായത്തിലെ തായണ്ണന്‍കുടി, ആലാംപെട്ടി, മുളങ്ങാമുട്ടി, പുതുക്കുടി, ഇരുട്ടള, വെള്ളകല്ല്, കാന്തല്ലൂര്‍ പഞ്ചായത്തിലെ ചമ്പക്കാട്, പാളപ്പെട്ടി എന്നീ വനവാസി കുടികള്‍ ഉള്‍പ്പെടെ ഒട്ടേറെ കുടികളിലാണ് വൈദ്യുതി എന്നത് സ്വപ്നമായി നില്‍ക്കുന്നത്.
പലപ്പോഴായി കോടികള്‍ ചിലവാക്കി ഈ കോളനികളിലെല്ലാം സൗരോര്‍ജ പാനല്‍ സ്ഥാപിച്ച് കറണ്ടും വിളക്കുകളും സ്ഥാപിച്ചെങ്കിലും അതെല്ലാം വമ്പന്‍ പരാജയമെന്നാണ് വനവാസികള്‍ പറയുന്നത്. മറയൂരില്‍ വൈദ്യുതി പ്രശ്നങ്ങള്‍ക്ക് പരിഹാരമായി സബ്സ്റ്റേഷന് ഉദ്ഘാടനം ചെയ്ത് പ്രസരണം ആരംഭിച്ചതോടെ വൈദ്യുതി പ്രശ്നത്തിന് പരിഹാരം കാണുകയും വ്യാവസായിക അടിസ്ഥാനത്തിലുള്ള തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനുള്ള അവസരം നല്കി. എന്നാല്‍ മേഖലയില്‍ ഒട്ടേറെ വനവാസി കുടികളില്‍ വൈദ്യുതി എന്നത് സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്.
നിലവിലെ സാഹചര്യത്തില്‍ ഈ കോളനികളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ പോലുള്ള പഠന മാര്‍ഗങ്ങള്‍ മുടങ്ങിയ നിലയിലാണ്. ആദിവാസി കുടിയിലെല്ലാം വനാന്തര ഭാഗങ്ങളിലായതിനാല്‍ വനത്തിലൂടെ ലൈന്‍ വലിക്കുന്നതിന് വനംവകുപ്പാണ് തടസ്സം നില്‍ക്കുന്നതെന്ന് പറയുന്നു. എന്നാല്‍ ബന്ധപ്പെട്ട വകുപ്പ് അധികാരികള്‍ വിചാരിച്ചാല്‍ വനാവകാശ നിയമ പ്രകാരം വൈദ്യുതി ലഭ്യമാക്കാവുന്നതാണ്.
നിയമത്തില്‍ നൂലാമാലകള്‍ മാറ്റിയാല്‍ വൈദ്യുതി എത്തിക്കാനുള്ള എല്ലാ സജ്ജീകരണം നടത്താന്‍ തയാറായി നില്‍ക്കുകയാണെന്ന് ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: