കൊച്ചി: നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപ് അടക്കമുള്ള പ്രതികളെ രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നു. ഇന്നത്തെ ചോദ്യം ചെയ്യലിനായി ദിലീപ് അടക്കം ഹാജരായി. ദിലീപ്, സഹോദരന് അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍.സുരാജ്, ഡ്രൈവര്‍ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. പ്രതികള്‍ ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന ഹൈക്കോടതി ഉത്തരവു അനുസരിച്ചാണ് നടപടി. പ്രതികള്‍ രാവിലെ 9 മുതല്‍ വൈകിട്ട് 8 വരെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നിലുണ്ടാകണമെന്നു ജസ്റ്റിസ് പി.ഗോപിനാഥ് നിര്‍ദേശിച്ചിരുന്നു. പ്രതികള്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഇവര്‍ക്കെതിരെ കേസെടുത്തത്.
ഇന്നലെ ദിലീപിനെ 11 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. കളമശേരിയിലെ ജില്ലാ ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍. എസ്പി എം.പി.മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ 5 സംഘങ്ങളായി തിരിഞ്ഞാണു ചോദ്യം ചെയ്യല്‍. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലില്‍ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ നടന് ദിലീപ് ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ പരസ്പര വിരുദ്ധ മൊഴികള്‍ ലഭിച്ചെന്നാണ് സൂചന.
ചോദ്യം ചെയ്യലിലൂടെ ലഭിക്കുന്ന വിവരങ്ങളും മറ്റു തെളിവുകളും അടക്കമുള്ള റിപ്പോര്‍ട്ട് വ്യാഴാഴ്ച രാവിലെ മുദ്രവച്ച കവറില്‍ നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് അന്നു പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: