Categories: Article

ദൈവത്തിന്റെ കണ്ണുകള്‍, നിരീക്ഷണ ക്യാമറകളും

നമ്മുടെ കണ്ണ് നമുക്ക് മറ്റുള്ളവരെ കാണാനാണെന്നറിയുന്നതുപോലെ, മറ്റുള്ളവരുടെ കണ്ണ് നമ്മെ കാണാനാണെന്നുള്ള തിരിച്ചറിവിലാണ് അകക്കണ്ണ് തുറക്കുന്നത്. നമ്മള്‍ രണ്ടുകണ്ണുകൊണ്ടുകാണുമ്പോള്‍ നമ്മെ ആയിരക്കണക്കിന് കണ്ണുകള്‍ കാണുന്നുവെന്ന ബോധം ഉണ്ടാകുമ്പോഴാണ് അകക്കണ്ണുകള്‍ സഫലമാകുന്നത്. അതാണ് സാങ്കേതികതകള്‍ക്കും കാണാന്‍ കഴിയാത്ത, അതിന്റെ പരിമിതികളും മറികടക്കുന്ന കാഴ്ച. അതാണ് ദൈവത്തിന്റെ കണ്ണ്, ധര്‍മ്മത്തിന്റെ കണ്ണ്.

എന്‍.പി. മുഹമ്മദ് എന്ന പ്രസിദ്ധ നോവലിസ്റ്റിന്റെ പ്രസിദ്ധമായ നോവലാണ് ‘ദൈവത്തിന്റെ കണ്ണ്.’ 1990 ല്‍ പ്രസിദ്ധീകരിച്ചത്, 1993 ല്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് നേടി. എക്കാലത്തും ചര്‍ച്ചയാകേണ്ട വിഷയമാണ് നോവലില്‍. പക്ഷേ, അത്രമാത്രം ചര്‍ച്ചയായിട്ടുണ്ടോ എന്നതില്‍ സംശയമുണ്ട്. അഥവാ ഇനിയും ചര്‍ച്ചചെയ്യേണ്ടതുണ്ട്. നോവലിനെക്കുറിച്ചല്ല, നോവലിന്റെ വിഷയത്തെക്കുറിച്ചല്ല, ആ പേരിനെക്കുറിച്ച് പറയാനാണ് ഇവിടെ ആ പുസ്തകം പരാമര്‍ശിച്ചത്.

ദൈവത്തിന്റെ കണ്ണ്, ഓരോ മനുഷ്യരിലും ഉണ്ടാകേണ്ട ധര്‍മ്മ ബോധത്തിന്റെ കണ്ണാണ്. ദൈവത്തിനും മതമുണ്ടെന്ന വിശ്വാസക്കാര്‍ക്കും ദൈവമേ ഇല്ലെന്ന വിശ്വാസക്കാര്‍ക്കും ഈ കണ്ണുണ്ടായിരിക്കേണ്ടതാണ്, അഥവാ ഉണ്ട് എങ്കില്‍,  ആ കണ്ണ് അടച്ചുപിടിക്കാതിരിക്കേണ്ടതുണ്ട് എന്ന് പറയാനാണ് ഇത്രയൊക്കെ വിശദീകരിച്ചത്. പക്ഷേ, അതും പോരെന്നാണ് തോന്നുന്നത്.

കണ്ണാടി സ്വയം തിരിച്ചറിയാനും കണ്ണ് കാണാനുമാണ്. രണ്ടിന്റെയും സ്വഭാവവും ശാസ്ത്രവും രണ്ടാണ്. കണ്ണാടിക്കു മുന്നില്‍ നിന്നാലേ കാഴ്ചയിലാകൂ, ആ കാഴ്ചയും സത്യക്കാഴ്ചയല്ല, പ്രതിബിംബക്കാഴ്ചയാണ്. മറിച്ച് കണ്ണ് അങ്ങനെയല്ല, ആരോഗ്യമുള്ള കണ്ണ് കാണുന്നത് യഥാര്‍ത്ഥക്കാഴ്ചയാണ്.

കണ്ണാടി പ്രതിഷ്ഠയിലൂടെ അദൈ്വത ദര്‍ശനം സ്ഥാപിച്ച ശ്രീനാരായണ ഗുരു, നാം നമ്മെ കാണുക, തിരിച്ചറിയുക, തിരുത്തുക, മാതൃകയാകുക എന്ന സന്ദേശവും, മറ്റൊന്നല്ല നാം തന്നെയാണ് സര്‍വവും എന്ന തത്ത്വമസി ദര്‍ശനവുമാണ് നമുക്കു മുന്നില്‍ സമര്‍പ്പിച്ചത്. അതും തിരിച്ചറിഞ്ഞവര്‍ കുറവാണെന്നുമാത്രം. അവനവനെ തിരിച്ചറിയാനും മനുഷ്യന്‍ നന്നാകാനും അത് നീ തന്നെയാണെന്നും സ്ഥാപിക്കുന്ന ധര്‍മ്മബോധനമായിരുന്നുവല്ലോ അത്. ആ ധര്‍മ്മക്കണ്ണ് കണ്ണാടിക്കുമുന്നില്‍ നില്‍ക്കുമ്പോള്‍ മാത്രമല്ല തുറന്നിരിക്കേണ്ടതെന്ന സന്ദേശവും ഗുരു നല്‍കിയിരുന്നു.

കാണാനുള്ള കണ്ണ്, അതിനപ്പുറം ഉള്‍ക്കണ്ണുണ്ടായിരിക്കുക എന്നതും ജീവിത വിജയത്തിന് അനിവാര്യമാണ്. ഹരിനാമകീര്‍ത്തനത്തില്‍ ഈ ലോക തത്വദര്‍ശനം ഏറ്റവും ലളിതമായി വിവരിക്കുന്നുണ്ട്. ‘കണ്ണിന്നുകണ്ണ് മനമാകുന്നകണ്ണ്, അതിനു കണ്ണായിരുന്ന പൊരുളി’നെക്കുറിച്ചാണത്. ഉള്‍ക്കണ്ണ് ഉണ്ടാവണം, അതിനുപൊരുളായ മറ്റൊരു കണ്ണുകൂടിയുണ്ടെന്നതാണ് ആ വേദാന്തം.

നമ്മുടെ കണ്ണ് നമുക്ക് മറ്റുള്ളവരെ കാണാനാണെന്നറിയുന്നതുപോലെ, മറ്റുള്ളവരുടെ കണ്ണ് നമ്മെ കാണാനാണെന്നുള്ള തിരിച്ചറിവിലാണ് അകക്കണ്ണ് തുറക്കുന്നത്. നമ്മള്‍ രണ്ടുകണ്ണുകൊണ്ടുകാണുമ്പോള്‍ നമ്മെ ആയിരക്കണക്കിന് കണ്ണുകള്‍ കാണുന്നുവെന്ന ബോധം ഉണ്ടാകുമ്പോഴാണ് അകക്കണ്ണുകള്‍ സഫലമാകുന്നത്. അതാണ് സാങ്കേതികതകള്‍ക്കും കാണാന്‍ കഴിയാത്ത, അതിന്റെ പരിമിതികളും മറികടക്കുന്ന കാഴ്ച. അതാണ് ദൈവത്തിന്റെ കണ്ണ്, ധര്‍മ്മത്തിന്റെ കണ്ണ്.

ഇത് കാലഗണനാ പ്രകാരം കലികാലമാണെന്ന് ചില വ്യാഖ്യാനങ്ങളുണ്ട്. കലികാലവും കഴിഞ്ഞുള്ള കാലമാണെന്ന് ഒരു കാലഗണന നടത്തി, ഒരിക്കല്‍ മഹാകവി അക്കിത്തം പരാമര്‍ശിച്ചത് ഓര്‍ക്കുന്നു. അതേത് കാലമെന്ന് പ്രമാണം ചോദിച്ചാല്‍ പറയാനാവില്ല, കാരണം കലികാലത്തിനപ്പുറം ചിന്തിക്കാന്‍ ആ പ്രമാണസ്രഷ്ടാക്കള്‍ക്കും കഴിഞ്ഞിട്ടില്ലായിരിക്കാം. എന്തായാലും കലികാലവും കടന്നുള്ളതാണ് വര്‍ത്തമാനകാലം എന്ന് തോന്നിപ്പിക്കാത്ത ദിവസങ്ങളില്ല, പ്രത്യേകിച്ച് കേരളത്തിലെ ദിനസരി വായിച്ചാല്‍. സദ്പ്രവൃത്തികളെ ദുഷ്പ്രവര്‍ത്തനങ്ങളുടെ ആധിക്യം നിഷ്പ്രഭമാക്കുന്നു. കൊള്ളയും കൊലയും ക്രൂരതകളും കാരുണ്യത്തിന്റെ നീര്‍ച്ചാലുകള്‍ കാണാതാക്കുന്നു. സ്വര്‍ഗവും ഭൂമിയും നരകവും അതിര്‍ത്തികളില്ലാതാകുന്നു, നരകം കൂടുതലിടങ്ങളിലേക്ക് വ്യാപിക്കുന്നു. ആകാശവും ഭൂമിയും പാതാളവും അധോലോകങ്ങളാകുന്നു. അതിലെല്ലാം കണ്ണും കാഴ്ചയുമുള്ളവര്‍ കക്ഷിയാകുന്നു. ആയിരംകണ്ണുകള്‍ സാക്ഷികളാകുന്നു.

കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ സജ്ജമായപ്പോള്‍ ക്യാമറകള്‍ നിരക്കുന്നു, നിരത്തുന്നു. എന്തിനും തെളിവും സാക്ഷികളുമായി മനുഷ്യന്റെ കണ്ണുകള്‍ക്കപ്പുറം വിശ്വാസ്യത ക്യാമറക്കണ്ണുകള്‍ക്കാണെന്നുവരുന്നു. നാട്ടില്‍, പൊതു ഇടങ്ങളില്‍, തുറസിടങ്ങളില്‍ മാത്രമല്ല, വീട്ടിനുള്ളിലും ക്യാമറകള്‍ക്കാകുന്നു മുഖ്യ ഇരിപ്പിടം. ഈ നിരീക്ഷണക്ക്യാമറകള്‍ക്ക് അജ്ഞാതനെ മാത്രമല്ല, അയല്‍ക്കാരനേയും ‘ആത്മാവിനെയും’ പോലും നിരീക്ഷിക്കേണ്ടുന്ന ജോലിയും വരുന്നു. അതായത് അവിശ്വാസം സമൂഹത്തില്‍, സ്ഥാപനങ്ങളില്‍, വീടുകളില്‍പ്പോലുമായിക്കഴിഞ്ഞിരിക്കുന്നു. ഇതാണ് ധാര്‍മികമായ പതനം.

തികച്ചും സാങ്കേതികമായ ഈ ക്യാമറ സംവിധാനം ചിലപ്പോഴൊക്കെ വലിയ സഹായമാകുന്നു. ഉത്തര്‍പ്രദേശിലെ  നിരീക്ഷണ ക്യാമറയിലെ ദൃശ്യം അകലെ അമേരിക്കയിലിരുന്ന് കാണാന്‍ പറ്റുന്ന സംവിധാനമുണ്ടാകുന്നു. ആരും കാണില്ലെന്ന് ധരിച്ച് ചെയ്യുന്ന കൃത്യങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് സ്ഥാപിച്ച ക്യാമറ കണ്ടെത്തി രേഖപ്പെടുത്തുന്നു. അങ്ങനെ പല സഹായങ്ങള്‍, പക്ഷേ, അവശ്യമായ ഘട്ടത്തില്‍ ഈ ക്യാമറകളും ചതിക്കുന്നു. അല്ലെങ്കില്‍ ഈ ക്യാമറക്കാഴ്ചകളേയും ഇഷ്ടാനുസരണം, സ്വാധീനശക്തികള്‍ വിനിയോഗിക്കുന്നു. ഈ വ്യാപാര മേഖല പുഷ്ടിപ്പെടുന്നുവെന്നത് സത്യം, പക്ഷേ, അത് അസത്യങ്ങളുടെ പെരുപ്പത്തിന്റെ വളര്‍ച്ചയാണ്, അല്ലാതെ സാമ്പത്തിക- സാങ്കേതിക വികാസമല്ല എന്ന തിരിച്ചറിവും നമുക്കുണ്ടാകുന്നില്ല എന്നിടത്താണ് നമ്മുടെ കാഴ്‌ച്ചക്കേട്.

വ്യക്തിയുടെ ധര്‍മ്മബോധമാണ് സമൂഹത്തിന്റേതും നാടിന്റേതും രാജ്യത്തിന്റേതുമാകുന്നത്. രാജ്യത്തിന്റെ അതിര്‍ത്തികളില്‍ നടക്കുന്ന നുഴഞ്ഞുകയറ്റത്തിന്റേയും അങ്ങനെ കടത്തിവിടുന്നവരുടേയും സൂക്ഷ്മ രൂപമാണ് മനസുകളിലെ നുഴഞ്ഞുകയറ്റവും കടത്തിവിടലും. ചൈനാ രാജ്യം ഇന്ത്യന്‍ അതിര്‍ത്തികളില്‍ നടത്തുന്ന അത്തരം നുഴഞ്ഞുകയറ്റ അപകടങ്ങളുടെ സൂക്ഷ്മ രൂപമാണ് സംഘടനകളുടെ യോഗങ്ങളില്‍ നേതാക്കള്‍ അണികളുടെ ഹൃദയത്തിലേക്കും തലച്ചോറിലേക്കും കടത്തിവിടുന്ന ആശയങ്ങള്‍.

ഒരു വ്യക്തി, അയാള്‍ ഒറ്റയ്‌ക്കായിരിക്കെയും, ആരും കാണുകയും അറിയുകയും ചെയ്യില്ലെന്ന് ഉറപ്പായിരിക്കെയും അന്യര്‍ക്ക് ദോഷകരമോ സന്മാര്‍ഗ-സാംസ്‌കാര വിരുദ്ധമോ ആയ കാര്യങ്ങള്‍ ചെയ്യില്ലെന്ന് ഉറച്ചു നിശ്ചയിച്ച് പ്രവര്‍ത്തിക്കുന്ന ഘട്ടത്തില്‍, സ്ഥിതിവിശേഷത്തില്‍ നിരീക്ഷണ ക്യാമറകള്‍ക്ക് പ്രസക്തിയില്ലാതെ വരുന്നു. ആ ധര്‍മ്മബോധത്തിന്റെ കണ്ണാണ് ദൈവത്തിന്റെ കണ്ണ്. മുകളില്‍ ഒരാള്‍ എല്ലാം കണ്ടുകൊണ്ടിരിക്കുന്നുവെന്ന പഴമക്കാരുടെ വര്‍ത്തമാനത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് ആ കണ്ണാണ്. ആ ധര്‍മബോധക്കണ്ണുള്ളവര്‍ ഉണ്ടെങ്കില്‍ ക്യാമറക്കണ്ണുകള്‍ വേണ്ട. അവര്‍ക്ക് കണ്ണാടിയില്‍ നോക്കാന്‍ പേടിയുണ്ടാവില്ല.

ഇത് ഈശ്വരഭയംകൊണ്ടാണുണ്ടാകുന്നതെങ്കില്‍ അങ്ങനെയുണ്ടാകട്ടെ. ആദര്‍ശ നിഷ്ഠകൊണ്ടാണെങ്കില്‍, നിശ്ചയ ദാര്‍ഢ്യം കൊണ്ടാണെങ്കില്‍ അങ്ങനെയാകട്ടെ. സംഘടനകളോടുള്ള പ്രതിബദ്ധതയിലൂടെയാണെങ്കില്‍ അങ്ങനെയും നിസ്വാര്‍ഥതയുടെ അനുഷ്ഠാനം വഴിയാണെങ്കില്‍  അങ്ങനെയുമാകട്ടെ. ഏതോ ചില കണ്ണുകള്‍ നമ്മെ പിന്തുടരുന്നുവെന്നും അത് സത്യം സത്യമായി ലോകത്തോട് വിളിച്ചു പറയുമെന്നും തോന്നുന്ന ഉന്നതമായ ആത്മബോധവും ധര്‍മ്മബോധവും സര്‍വരിലും വ്യാപകമാകുമ്പോഴേ ഇന്നത്തെ ജനാധിപത്യ ക്രമത്തിലും സമത്വസുന്ദര ജീവിതാവസ്ഥ ഉണ്ടാകൂ. അതില്ലെങ്കില്‍ അവിശ്വാസത്തിന്റെ നരകകാലം കൂടുതല്‍ ശക്തമാകുകയും വ്യാപിക്കുകയും ചെയ്യും. ക്യാമറകള്‍ക്കുമപ്പുറമുള്ള കണ്ണുകളും കാഴ്ചയും കിട്ടാന്‍, വ്യക്തികള്‍ക്ക് കഴിയണം. അത് സാമൂഹ്യ സുരക്ഷയും ഉറപ്പാക്കുമല്ലോ.

പിന്‍കുറിപ്പ്: പ്രധാനമന്ത്രിയുടെ പ്രസംഗം തടസപ്പെട്ടതിന്റെ യഥാര്‍ഥ കാരണം അറിയാതെ സ്വന്തം പ്രധാനമന്ത്രിയെ അപഹസിക്കുന്നത് കണ്ണിലോ ക്യാമറയിലോ പോലും കണ്ടിട്ടല്ല. നാരായണ ഗുരുവിനെ തഴഞ്ഞ്, ആദിശങ്കരനെ സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് കുപ്രചാരണം നടത്തിയപ്പോഴും അതുതന്നെ സ്ഥിതി. അതെ ക്യാമറയല്ല, കണ്ണ്, ഉള്‍ക്കണ്ണ്, ധര്‍മ്മബോധക്കണ്ണാണ് വേണ്ടത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക