ഒറ്റവായനയില്‍ പിടിതരാത്ത, വായനയുടെ രസച്ചരടുകളെ മെല്ലെ മെല്ലെ കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കും വിധം മെനഞ്ഞെടുത്തിരിക്കുന്ന 43 കവിതകളുടെ സമാഹാരമാണ് മീരാബെന്നിന്റെ പെണ് മോണോലോഗുകള്‍. കൂടുതല്‍ കവിതകളും ബിംബപ്രധാനമാണ്. കൂടാതെ കാല്പനികതകളാല് സമ്പന്നവും. ആവര്‍ത്തിച്ചുള്ള വായനയിലൂടെ അനേകം അര്‍ത്ഥതലങ്ങള്‍ കണ്ടെത്താന്‍ സാധിക്കുന്ന വിധത്തിലുള്ള രചനാ ശൈലിയാണ് മീരാ ബെന്നിന്റേത്. ലളിത പദങ്ങളെങ്കിലും കൂടിച്ചേരുമ്പോള്‍ സങ്കീര്‍ണമാകുന്ന, വൈരുദ്ധ്യമെന്ന പ്രതീതിയുളവാക്കുന്ന കവിതകള്‍ക്കുള്ളിലും സമന്വയത്തിന്റേതായ ഒരു മിന്നലാട്ടം ഒളിഞ്ഞിരിപ്പുണ്ടെന്ന് കാണാം. തന്നോടുതന്നെയുള്ള, ആത്മഗതങ്ങളെന്നപോലെയുള്ള ആഖ്യാന രീതിയാണ് അവലംബിച്ചിരിക്കുന്നത്.
ചുറ്റം നടക്കുന്ന സംഭവങ്ങളിലേക്കും സ്വാനുഭവങ്ങളിലേക്കും പ്രകൃതിയിലേക്കും കൊളുത്തിവച്ച അക്ഷര വിളക്കുകളാകുന്നുണ്ട് പെണ് മോണോലോഗുകളിലെ കവിതകള്‍. ആത്മം, അലങ്കാരപ്പാവ, മാമ്പഴച്ചാറിന്റെ ബാക്കി, പൊട്ടിത്തങ്കമ്മ, നിശ്ശബ്ദം തുടങ്ങിയ കവിതകളിലൂടെ സഞ്ചരിക്കുമ്പോള്‍ കവി ഹൃദയത്തിന്റെ ആര്‍ദ്രതയും ഭാവനാത്മകതയും ബോധ്യമാകും. ആത്മം എന്ന കവിതയില്‍ ‘ കവിതയുടെ മുറ്റത്തെ കല്യാണപ്പന്തലില്‍ വരന് ഒരിക്കല്‍ പോലും സയമത്ത് എത്തുകയോ താലികെട്ടുകയോ ചെയ്തില്ല’ എന്ന് കവയത്രി പറയുന്നു. ഇതുപോലെയുള്ള നിരവധി കാല്‍പ്പനിക മുഹൂര്‍ത്തങ്ങളെയാണ് മീര കവിതകളില്‍ നിറച്ചിരിക്കുന്നത്. വൈക്കം ഉദയനാപുരം ഗവ. യു.പി. സ്കൂള്‍ അധ്യാപികയായ മീര ബെന്നിന്റെ ആദ്യ കവിതാസമാഹാരമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: