കേപ്ടൗണ്‍: ആദ്യ രണ്ട് ഏകദിനങ്ങളിലും തോറ്റ് പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക് അടിയറവെച്ച ഇന്ത്യ മൂന്നാം ഏകദിനത്തില്‍ കൂടുതല്‍ നാണക്കേട് ഒഴിവാക്കാന്‍ പുത്തന്‍ തന്ത്രങ്ങളുമായി ഇറങ്ങുന്നു .മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന മത്സരം ഇന്ന് കേപ്ടൗണില്‍ നടക്കും. മാനം കാക്കാന്‍ ഇന്ത്യക്ക് വിജയം തന്നെ നേടണം. തോറ്റാല്‍ പരമ്പര ആതിഥേയര്‍ തൂത്തുവാരും. ഉച്ചകഴിഞ്ഞ് രണ്ടിന് കളി തുടങ്ങും. സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യന്‍ തന്ത്രങ്ങള്‍ വിജയിച്ചില്ല. മധ്യ ഓവറുകളില്‍ റണ്‍സ് നേടുന്നതില്‍ ബാറ്റ്സ്മാന്മാര് പരാജയപ്പെട്ടു. ബൗളിങ്ങിലെ കുന്തമുനയായ ജസ്പ്രീത് ബുംറയ്ക്ക് നിര്‍ണായക ഘട്ടങ്ങളില്‍ വിക്കറ്റുകള്‍ വീഴ്ത്താനായില്ല. പരിചയ സമ്പന്നരായ സ്പിന്നര്‍ രവിചന്ദ്ര അശ്വിനും പേസര്‍ ഭുവനേശ്വര്‍ കുമാറിനും ശോഭിക്കാനായില്ല. രണ്ട് മത്സരങ്ങളിലായി ഇന്ത്യ വീഴ്ത്തിയത് ഏഴു വിക്കറ്റുകളാണ്. ആദ്യ മത്സരത്തില്‍ നാലും. രണ്ടാം മത്സരത്തില്‍ മൂന്നും. ഇന്ത്യന്‍ ബൗളിങ് നിരയെ അനായാസം നേരിട്ട് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാരായ റാസി വാന്‍ ഡെര്‍ ഡുസന്, ജാനെമന്‍ മലാന് എന്നിവരൊക്കെ റണ്‍സ് നേടി.
മൂന്നാം മത്സരത്തില്‍ ആശ്വാസ വിജയം നേടാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ പരിശീലകന് രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ കെ.എല്‍. രാഹുലും. ടീമിനെ ശക്തമാക്കാന്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്. ആദ്യ മത്സരങ്ങളില്‍ പരാജയപ്പെട്ട രവിചന്ദ്രന്‍ അശ്വിനെയും ഭുവനേശ്വര്‍ കുമാറിനെയും തഴഞ്ഞേക്കും. ഇവര്‍ക്ക് പകരം ജയന്ത് യാദവിനും ദീപക് ചഹാറിനും അവസരം നല്‍കുമെന്നാണ് സൂചന.
കേപ്ടൗണിലെ പിച്ച് പേസും ബൗണ്സുമുളളതാണ്. ഇത് ഇന്ത്യക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കും. ഭംഗിയായി പന്തെറിയുന്ന ദക്ഷിണാഫ്രിക്കന്‍ പേസിന് മുന്നില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് റണ്‍സ് നേടാന്‍ വിഷമിക്കുകയാണ്. പേസിന് മുന്നില്‍ തകര്‍ന്നടിഞ്ഞാല്‍ പമ്പര 0-3 ന് തോറ്റെന്ന നാണക്കേടുമായി ഇന്ത്യക്ക്് നാട്ടിലേക്ക്് മടങ്ങേണ്ടിവരും.
ഓപ്പണര്‍ ശിഖര്‍ ധവാന്, ഋഷഭ് പന്ത്, ഷാര്‍ദുല്‍ താക്കുര്‍ എന്നിവരൊക്കെ ഫോമിലാണ്. മറ്റ് ബാറ്റ്സ്മാന്മാര് കൂടി അവസരത്തിനൊത്തുയര്‍ന്നാല്‍ നാണംകെടാതെ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: