കാസര്‍കോട്: ബദിയടുക്ക പ്രദേശത്തുകാര്‍ക്ക് സായ്റാം ഭട്ട് സ്നേഹത്തിന്റെ പര്യായമായ സ്വാമിയാണ്. 260 നിര്‍ധനകുടുംബങ്ങള്‍ക്ക് വീടുവെച്ച് നല്കിയ സായിറാം ഭട്ട് 85ാം വയസ്സില്‍ അന്തരിച്ചു.
ഇദ്ദേഹത്തിന്റെ വീടായ “സായ് നിലയം” ബദിയടുക്കക്കാരെ സംബന്ധിച്ചിടത്തോളം നിസ്വാര്‍ത്ഥതയുടെ കൂടാരമായിരുന്നു. ബദിയടുക്ക കിളിങ്കാര്‍ നാടുമനയിലെ കൃഷ്ണഭട്ട്-ദുക്ഷമ്മ ദമ്പതിമാരുടെ മകനായി 1937ലാണ് സായിറാം ഭട്ട് ജനിച്ചത്. ദരിദ്രര്‍ക്ക് തയ്യല്‍ യന്ത്രങ്ങള്‍, ഓട്ടോറിക്ഷ, പാവപ്പെട്ടവര്‍ക്കായി സമൂഹവിവാഹങ്ങള്‍, സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, വിദ്യാഭ്യാസത്തിന് ധനസഹയം, പാവപ്പെട്ടവര്‍ക്ക് കുടിവെള്ള പദ്ധതി…അങ്ങിനെ സ്വാമിയുടെ ജീവിതം കാരുണ്യത്തിന്റെ നിറവായിരുന്നു.
പാരമ്പര്യവൈദ്യവും കൃഷിയുമായിരുന്നു സ്വാമിയുടെ ഔദ്യോഗിക ജീവിതം. നീര്‍ച്ചാലില്‍ സ്ഥാപിച്ച ഗീതാഞ്ജനേയ വ്യായാമശാല എന്ന സ്ഥാനത്തിലൂടെയാണ് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
ആദ്യ വീട് നിര്‍മ്മിച്ച് നല്‍കിയത് അബ്ബാസിനായിരുന്നു-1995ല്‍. അബ്ബാസ് സ്വാമിയുടെ വിട്ടുപടിക്കല്‍ വന്ന് മഴയില്‍ തന്റെ കുടില്‍ നിലംപൊത്തിയപ്പോള്‍ നിലവിളിച്ചെത്തുകയായിരുന്നു. വടക്കേയിന്ത്യയിലെവിടെയോ തീര്‍ത്ഥയാത്രയ്ക്ക് പോകാന്‍ ഒരുങ്ങിനില്‍ക്കുകയായിരുന്നു സായിറാം. ഇയാളുടെ കുടില്‍ എല്ലാവര്‍ഷവും ഓലമേഞ്ഞ് കൊടുത്തിരുന്നത് സ്വാമിയാണ്. എന്നാല്‍ മഴയില്‍ ഇടയ്ക്കിടെ കുടില്‍ തകരുമെന്നതിനാല്‍ ഇനി ഒരു ഉറച്ച വീട് പണിയാം എന്ന് സ്വാമി ഉറപ്പ് നല്കി. അങ്ങിനെ തീര്‍ത്ഥയാത്രയ്ക്ക് നീക്കിവെച്ച പണം അബ്ബാസിന് വീട് പണിയാന്‍ നല്കി. സായിറാം തന്നെ തൊഴിലാളികളോടൊപ്പം ചേര്‍ന്ന് വീണ് പണിത് നല്കി.
പിന്നീട് പലര്‍ക്കായി അദ്ദേഹം വീട് വെച്ച് നല്കി. ചിലര്‍ക്ക് സ്ഥലമടക്കം എടുത്ത് കൊടുത്തു. പിന്നീട് സ്വാമിയുമായി പഞ്ചായത്തും സഹകരിക്കാന്‍ തുടങ്ങി. ഒട്ടാകെ 260 വീടുകള്‍ നിര്‍മ്മിച്ചു നല്കി. ഇദ്ദേഹത്തിന്റെ പേര് പത്മശ്രീ പുരസ്കാരത്തിനുള്‍പ്പെടെ നിര്‍ദേശിക്കപ്പെട്ടിരുന്നു.
സുബ്ബമ്മയാണ് ഭാര്യ. കൃഷ്ണഭട്ട് (ബദിയടുക്ക പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, ശ്യാമള എന്നിവര്‍ മക്കളാണ്. ഷീല കെ ഭട്ട്, ഈശ്വരഭട്ട് എന്നിവര്‍ മരുമക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: