വാഷിംഗ്ടണ്‍: നല്ലൊരു ജീവിതം സ്വപ്നം കണ്ട് അച്ഛനും അമ്മയും ഒരു കൗമാരക്കാരനും ശിശുവുമടങ്ങുന്ന കുടുംബം യുഎസിലേക്ക് കടക്കാനായി നടന്നത് 11 മണിക്കൂര്‍. അതും മൈനസ് 35 ഡിഗ്രി സെല്‍ഷ്യസിലെ മരംകോച്ചുന്ന തണുപ്പില്‍.
വേണ്ടത്ര യാത്രരേഖകളില്ലാത്ത ഇവര്‍ അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറ്റത്തിന് ശ്രമിക്കുകയായിരുന്നു. യുഎസ്-കാനഡ അതിര്‍ത്തിയില്‍ നിന്നും കാനഡയിലേക്ക് കടന്നയുടനെയാണ് തണുപ്പുതാങ്ങാനാവാതെ വിറങ്ങലിച്ച് മരിച്ചത്.
ഇന്ത്യക്കാരുടെ വലിയൊരു സംഘം യുഎസ്-കാനഡ അതിര്‍ത്തി കടന്ന് യുഎസിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സംഘത്തില്‍ നിന്നും അച്ഛനും അമ്മയും രണ്ട് മക്കളുമടങ്ങുന്ന സംഘം കഠിനമായ ഹിമവാതത്തെ തുടര്‍ന്ന് ഒറ്റപ്പെട്ട് പോകുകയായിരുന്നു.
യുഎസ് അതിര്‍ത്തിയില്‍ പട്രോളിംഗ് നടത്തുന്ന പട്ടാളക്കാര്‍ അനധികൃതമായി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന അഞ്ച് പേരടങ്ങിയ ഇന്ത്യക്കാരുടെ ഒരു സംഘത്തെ പിടികൂടിയിരുന്നു. ഇതില്‍ ഒരാളുടെ കയ്യില്‍ ഒരു വലിയ ബാക്പാക്കില്‍ കുട്ടികള്‍ക്ക് തണുപ്പില്‍ ധരിക്കാനുള്ള വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഈ സംഘത്തില്‍ കുട്ടി ഇല്ലായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞത് ബാക് പാക്കിലെ വസ്ത്രമെല്ലാം നാല് പേരടങ്ങുന്ന മറ്റൊരു സംഘത്തിലെ ശിശുവിന് വേണ്ടിയുള്ളതായിരുന്നുവെന്നാണ്. യാത്രയ്ക്കിടിയില്‍ കഠിനമായ ഹിമവാതമുണ്ടായപ്പോള് അച്ഛനും അമ്മയും ഒരു കൗമാരക്കാരനും ശിശുവും അടങ്ങിയ നാലംഗ സംഘം മുഖ്യസംഘത്തില് നിന്നും വേര്‍പെട്ട് ഒറ്റപ്പെട്ട് പോകുകയായിരുന്നു. ഇതോടെ ശിശു ഉള്‍പ്പെട്ട നാലംഗ ഇന്ത്യക്കാരുടെ കുടുംബത്തെ കണ്ടുപിടിക്കാനായി യുഎസ് പ്ട്രോളിംഗ് സംഘത്തിന്റെ ശ്രമം.
യുഎസ്- കാനഡ അതിര്‍ത്തിയുടെ ഇരുവശത്തും അരിച്ചുപെറുക്കിയ സംഘം അധികം വൈകാതെ ഈ കുടുംബത്തിലെ നാല് അംഗങ്ങളുടെയും ജഡങ്ങള്‍ കണ്ടെത്തി. ആദ്യം പുരുഷന്റെയും സ്ത്രീയുടെയും ശിശുവിന്റെയും വിറങ്ങലിച്ചുപോയ മൃതദേഹങ്ങള്‍ കിട്ടി. അല്പം ദൂരെയായി കൗമാരക്കാരന്റെ ജഡവും കിട്ടി.
യുഎസ് അതിര്‍ത്തിയില്‍ നിന്നും 30 അടിയോളം കടന്ന് കാനഡയിലേക്ക് കാല് കുത്തുന്നതോടെ തന്നെ ഈ കുടുംബത്തിലെ നാല് പേരും വിറങ്ങലിച്ച് മരിയ്ക്കുകയായിരുന്നു. മൈനസ് 35 ആയിരുന്നു അപ്പോഴത്തെ അന്തരീക്ഷ ഊഷ്മാവ്. കുടിയേറ്റത്തിനുള്ള യാത്രയ്ക്കിടയില്‍ തണുത്ത കാലാവസ്ഥ മാത്രമല്ല, അനന്തമായ കൃഷിക്കളങ്ങളും മഞ്ഞ് കാറ്റും കൂറ്റാക്കൂരിരിട്ടും മുറിച്ചുകടക്കേണ്ടതായി വന്നു. ‘ഇത് ഹൃദയഭേദകമായ ദുരന്തമാണ്,’ കാനഡയിലെ ഒരു ഉദ്യോഗസ്ഥന് മാനിടോബയില്‍ പത്രപ്രവര്‍ത്തകരോട് പറഞ്ഞു. വാസ്തവത്തില്‍ മുഖ്യസംഘത്തില് നിന്നും ഹിമപാതത്തെ തുടര്‍ന്ന് വേറിട്ടുപോയ അച്ഛനും അമ്മയും ഒരു കൗമാരക്കാനും ശിശുവും അടങ്ങുന്ന നാലംഗ കുടുംബം ഒറ്റപ്പെട്ടാലും യാത്ര തുടരുകയായിരുന്നു. അനധികൃത കുടിയേറ്റത്തിന് ശ്രമിക്കുന്നതിനാല്‍ പിടിക്കപ്പെടാതിരിക്കാന്‍ ഈ കുടുംബം തണുപ്പ് വകവെയ്ക്കാതെ തുടര്‍ച്ചയായി നടന്നുകൊണ്ടേയിരുന്നു.
കോടതി രേഖപ്രകാരം അനധികൃതകുടിയേറ്റം മൂലം പിടിക്കപ്പെട്ട അഞ്ച് പേരടങ്ങുന്ന വിദേശ പൗരന്മാര് ഗുജറാത്തി ഭാഷയാണ് സംസാരിച്ചിരുന്നത്. ഇവര്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവും ഇല്ലായിരുന്നുവെന്ന് പറയുന്നു.മഞ്ഞില്‍ തണുത്തുറഞ്ഞ് മരിച്ച നാലംഗ കുടുംബവും ഗുജറാത്തികളാണെന്ന് സംശയിക്കുന്നു.
നൂറുകണക്കിന് ഇന്ത്യക്കാര്‍, ഇവരില്‍ അധികവും ഗുജറാത്തികളും പഞ്ചാബികളുമാണ്, മെക്സിക്കോ ഉള്‍പ്പെടുന്ന തെക്കന്‍ അതിര്‍ത്തിയില്‍ നിന്നും യുഎസിലേക്ക് കടക്കാന്‍ ശ്രമം നടത്താറുണ്ട്. പലപ്പോഴും ലാറ്റിന്‍ അമേരിക്കയിലെ വരണ്ട മരുഭൂമി മുറിച്ചു കടന്നാണ് ഇവര്‍ യാത്ര ചെയ്യുക പതിവ്. ഈയിടെയായി അധികം കാവല്‍ക്കാരില്ലാത്ത വടക്കന്‍ അതിര്‍ത്തി വഴി യുഎസിലേക്ക് പോകുന്ന പ്രവണത കൂടിവരികയാണ്. പക്ഷെ ഇവിടെ കാലാവസ്ഥ നേരെ വിപരീതമാണ്. മൈനസ് ഡിഗ്രിയുള്ള തണുത്തുറഞ്ഞ കാലാവസ്ഥയും മഞ്ഞുകാറ്റും പതിവാണ്. പക്ഷെ പുതിയ യാത്രാപഥത്തില്‍ കാത്തിരിക്കുന്ന തണുത്തുറഞ്ഞ കാലാവസ്ഥയെപ്പറ്റി വേണ്ടത്ര ധാരണയില്ലാത്തതുമൂലം ഇന്ത്യക്കാരില്‍ പലരും മരുഭൂമിയിലൂടെ യാത്ര ചെയ്യാവുന്ന വസ്ത്രങ്ങളാണ് ധരിയ്ക്കുന്നത്. പലപ്പോഴും അതിക്രൂരമായ മഞ്ഞുമായി തീരെ ചേരാത്ത വസ്ത്രങ്ങളാണിവ.ഇത് വന്‍ ദുരന്തത്തിന് കാരണമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: