കുവൈറ്റ്: കുവൈറ്റിലെ സേവാദര്‍ശന്‍ പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കിയ ഹൃസ്വ ചിത്രമാണ് പ്രതീക്ഷ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ അനുഭവിക്കുന്ന നൊമ്പരത്തിന്റെ കാഴ്ചക്കൊപ്പം പ്രതീക്ഷയുടെ സന്ദേശം നല്‍കുന്ന മനോഹര ചിത്രം.
ദുഖിതനായി വീട്ടിലേക്ക് എത്തുന്ന ഹരി. വാതില്‍ തുറന്നുകൊടുക്കുന്ന ഭാര്യ ഉമയുടെ മുഖത്തും ദു: ഖഭാവം. ‘ പോയകാര്യം എന്തായി ‘ എന്ന ഭാര്യയുടെ ചോദ്യത്തിന് ഒന്നുമായില്ല എന്ന മറുപടി. കോളിംഗ് ബെല്‍ മുഴങ്ങി.
തുറന്നപ്പോള്‍ തോളില്‍ സഞ്ചിയും തൂക്കി നന്ദന്‍. സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പതിവ് പിരിവ് വാങ്ങാന്‍ എത്തിയതാണ്. എന്താണ് വരാന്‍ താമസിച്ചത് എന്ന് ചോദിച്ചുകൊണ്ട് ഹരി സേവയക്ക് മാറ്റി വെച്ച തുക നന്ദനു കൈമാറുന്നു.
ചായയുമായ എത്തിയ ഉമയോട് വിശേഷം ചോദിക്കുമ്പോള്‍ ‘ അങ്ങനെയൊക്കെ പോകുന്നു, കുഴപ്പമില്ല’ എന്ന മറുപടി. സൂം മീറ്റിംഗിലൊന്നും കാണാറില്ലല്ലോ എന്ന ചോദ്യത്തിനും ‘അടുത്ത പ്രാവശ്യം കേറാം’ എന്ന ഉത്തരം. വീണ്ടും കോളിംഗ് ബെല്‍. വാതില്‍ തുറന്ന് ഹരി പുറത്തിറങ്ങി. പാതി ചാരിയ വാതിലിലൂടെ പുറത്തെ ശബ്ദം കേള്‍ക്കാം. അറബിയില്‍ ആരോ ദേഷ്യപ്പെടുന്നു. എന്തൊക്കെയോ പറഞ്ഞ് വന്ന ആള്‍ പോയി.
എന്താണ് പ്രശ്‌നം എന്ന് നന്ദന്‍ ചോദിക്കുമ്പോള്‍ ‘ഒന്നുമില്ല’ എന്നാണ് ഹരിയുടെ മറുപടി. ‘എനിക്കും കുറച്ച് അറബിയൊക്കെ അറിയാം’ എന്നു പറഞ്ഞ് കുത്തിക്കുത്തി ചോദിക്കുമ്പോള്‍ ഹരി സത്യം പറഞ്ഞു. ”കെട്ടിട വാടക പിരിക്കുന്ന ആളാണ് വന്നത്. നാലുമാസമായി വാടക നല്‍കിയിട്ട് . ആറുമാസമായി എനിക്ക് ജോലിയില്ല’
ഇതുവരെ അക്കാര്യമൊന്നും പറയാതിരുന്നതിന്റെ പരിഭവത്തോടൊപ്പം ‘എന്തുകൊണ്ട് എന്നിട്ടും സേവാ പ്രവര്‍ത്തനത്തിനുള്ള സംഭാവന മുടക്കിയില്ല’ എന്ന നന്ദന്റെ ചോദ്യത്തിനുത്തരമാണ് സിനിമയുടെ സന്ദേശം.
”എന്റെ വിഷമം എനിക്കൊരു ജോലി കിട്ടിയാല്‍ മാറും. അതിനിവിടെ സാധ്യതയും ഉണ്ട്. എന്നാല്‍ നമ്മള്‍ അയയ്‌ക്കുന്ന പണത്തിനായി കാത്തിരിക്കുന്ന നാട്ടിലെ കുട്ടികളുടെ കാര്യമോ. അവര്‍ പ്രതീക്ഷ യോടെ ഇരിക്കുകയല്ലേ.’ ഹരി പറയുന്നു.
താന്‍ എന്തെങ്കിലും കടും കൈ ചെയ്യുമോ എന്ന ഭയം ഭാര്യക്കുണ്ടെന്ന് പറയുന്നതിനൊപ്പം ആത്മഹത്യ ഒന്നിനും പരിഹാരമല്ലന്നും ഈ സമയവും കടന്നു പോകുമെന്നുമുള്ള ആത്മവിശ്വാസവും ഹരി പ്രകടിപ്പിക്കുന്നു.
അതിനിടെ നന്ദനു വന്ന ഫോണും അതിനു നല്‍കുന്ന മറുപടിയും ഹരിക്ക് ഉടന്‍ ജോലികിട്ടുമെന്ന പ്രതീക്ഷ പ്രേക്ഷകര്‍ക്ക് നല്‍കുന്നു.
നന്ദന്‍ ആത്മാര്‍ത്ഥതയുളള സാമൂഹ്യ പ്രവര്‍ത്തകനാണെന്ന ബോധ്യപ്പെടുത്താനും കുവൈറ്റിലെ മലയാളികളുടെ സാംസ്‌ക്കാരിക പ്രവര്‍ത്തനം സൂചിപ്പിക്കാനും സുകു എന്നയാളുമായി അദ്ദേഹം നടത്തുന്ന സംഭാഷവും ഉണ്ട്.
മനോഹരമായ പാത്രസൃഷ്ടി എന്നു പറയാം. ദുരിതകാലത്തിന്റെ ദൈന്യതയും പ്രതീക്ഷയുടെ ഭാവങ്ങളും ഒരേപോലെ പ്രകടിപ്പിക്കാന്‍ ഹരിയായി അഭിനയിച്ച മോഹന്‍ കുമാറിനു കഴിഞ്ഞു. നന്ദനായി വന്ന അനീഷ് പ്രൊഫഷണല്‍ നടന്റെ നിലവാരം പുലര്‍ത്തി. ഉള്ളില്‍ വേദന നിറയുമ്പോഴും പുറത്ത് സന്തോഷമുഖവുമായി എത്തുന്ന ഭാര്യയുടെ ഭാഗം ദിവ്യ സതീഷ് ഭംഗിയാക്കി. ചെറിയ റോളെങ്കിലും സുകുവിനെ ശ്രീജിത്ത് തന്മയത്വത്തോടെ അവതരിപ്പിച്ചു.
ഡോക്യുമെന്ററി വിഷയത്തെ സിനിമാ അസ്വാദക തലത്തിലേക്ക് ഉയര്‍ത്താന്‍ സംവിധായകന്‍ കൃഷ്ണകുമാര്‍ പാലിയത്തിന് കഴിഞ്ഞു. തിരക്കഥയുടെ ബലം ബോധ്യപ്പെടുത്താന്‍ രശ്മി കൃഷ്ണകുമാറിനും സാധിച്ചു. ജയന്‍ ജനാാര്‍ദ്ദനന്റെ എഡിറ്റിംഗും സിറാജ് കിത് നന്ദിയുടെ ഛായാഗ്രഹണവും ഹൃസ്വ ചിത്രത്തെ മനോഹരമുള്ളതാക്കി. സേവാദര്‍ശന്‍ സംഘടിപ്പിച്ച സേവാമൃതം പരിപാടിയില്‍ ‘പ്രതീക്ഷ ‘ യുടെ പ്രഥമ പ്രദര്‍ശനം നടന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: