ന്യൂദല്‍ഹി:ടെക്സാസിലെ ജൂതപ്പള്ളിയില്‍ നാല് പേരെ ബന്ദികളാക്കിയ ആക്രമണത്തിലെ തീവ്രവാദിക്ക് പാകിസ്ഥാന് ബന്ധമുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്ധന് ശ്രിംഗ്ല. അന്താരാഷ്ട്ര തീവ്രവാദവുമായുള്ള പാകിസ്ഥാന്റെ ബന്ധമാണ് ഇതിലൂടെ പുറത്തുവന്നതെന്നും ഇത്തരം അന്താരാഷ്ട്ര തീവ്രവാദ ശൃംഖലയ്ക്കെതിരെ കൂട്ടായ പ്രതികരണമുണ്ടാകണമെന്നും ശ്രിംഗ്ല പറഞ്ഞു.
ഇന്തോപസഫിക്കില്‍ ഇന്തോ-യൂറോപ്യന്‍ (ജര്‍മ്മന്‍) സഹകരണത്തിന്റെ സാധ്യത എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘തന്ത്രപരമായ പങ്കാളികള്‍ തമ്മില്‍ സഹകരിക്കാവുന്ന പ്രധാന വിഷയമാണ് ഭീകരവാദത്തെ എതിര്‍ക്കല്‍. ഇതില്‍ പരാജയപ്പെട്ടാല്‍ അത് തീവ്രവാദികള്‍ക്ക് കരുത്തേകും,’- അദ്ദേഹം പറഞ്ഞു.
’26-11 മുംബൈ തീവ്രവാദി ആക്രമണത്തില്‍ ഇന്ത്യക്കാര്‍ക്കും ജര്‍മ്മന്‍കാര്‍ക്കും മറ്റ് രാജ്യക്കാര്‍ക്കും അവരുടെ ജീവന് നഷ്ടമായത് ഈ അവസരത്തില്‍ ഓര്‍മ്മിക്കണം. ‘- അദ്ദേഹം പറഞ്ഞു.
ടെക്സാസില്‍ ജൂതപ്പള്ളിയില്‍ ജൂതപ്പാതിരി ഉള്‍പ്പെടെ നാല് പേരെ മാലിക് ഫൈസല്‍ അക്രം എന്ന 44 കാരന് ബന്ദിയാക്കുകയായിരുന്നു. അമേരിക്കയിലെ ടെക്സാസില്‍ ജയിലില്‍ കഴിയുന്ന അല്‍ ക്വെയ്ദ ബന്ധമുള്ള ആഫിയ സിദ്ദിഖി എന്ന പാകിസ്ഥാന്‍കാരിയായ ന്യൂറോ സയന്റിസ്റ്റിനെ വിട്ടയക്കണമെന്ന ആവശ്യമുന്നയിച്ചാണ് ഇയാള്‍ നാല് പേരെ ബന്ദികളാക്കിയത്. എന്നാല്‍ പിന്നീട് അമേരിക്കന്‍ രഹസ്യപ്പൊലീസ് അക്രമിനെ ഏറ്റുമുട്ടലില്‍ വധിച്ചു.
ഭീകരവാദത്തെ എതിര്‍ക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം ഇന്ത്യ ”ഭീകരവാദത്തിന് പണം നല്‍കില്ല’ എന്ന വിഷയത്തില്‍ കോണ്‍ഫറന്‍സ് നടത്തുമെന്നും ശ്രിംഗ്ല പറഞ്ഞു. ഈ സംരംഭത്തില്‍ ജര്‍മ്മനിയെയും പങ്കെടുപ്പിക്കും. ഇന്തോ-പസഫക്കില്‍ ഇന്ത്യ യൂറോപ്യന്‍ രാഷ്ട്രങ്ങളുമായുള്ള സൗഹൃദം വികസിപ്പിക്കും. കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങളില്‍ സഹകരണം വര്‍ധിപ്പിക്കും. മറ്റ് രാഷ്ട്രങ്ങളെ കടക്കെണിയില്‍ കുടുക്കാനല്ല, പകരം സഹകരണം വര്‍ധിപ്പിക്കലാണ് ലക്ഷ്യമെന്നും പരോക്ഷമായി ചൈനയെ വിമര്‍ശിച്ചുകൊണ്ട് ശ്രിംഗ്ല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: