ചെറുതോണി: വിദ്യാര്‍ഥി ധീരജിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം വഴിമുട്ടുന്നു. പ്രധാന തെളിവായ കുത്തുവാന്‍ ഉപയോഗിച്ച കത്തി കണ്ടെത്തുവാനുള്ള തെരച്ചില്‍ മൂന്നാം ദിവസവും വിഫലമായി. ഡോഗ് സ്ക്വാഡിന്റേയും മെറ്റല്‍ ഡിറ്റക്ടറിന്റേയും കാന്തത്തിന്റേയും സഹായത്തോടെയായിരുന്നു ഇന്നലെ തിരച്ചില്‍ നടത്തിയത്.
ഒന്നാം പ്രതി നിഖില്‍ പൈലിയെ കളക്ട്രേറ്റിന് സമീപമുള്ള വന മേഖലയില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ധീരജിനെ കുത്തിയശേഷം കാറില്‍ രക്ഷപെടുമ്പോള്‍ കളക്ട്രേറ്റിന് സമീപം വനത്തിലേക്ക് കത്തി വലിച്ചെറിഞ്ഞു എന്നാണ് നിഖില്‍ പൈലി പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഇതോടെ സംഭവത്തിന്റെ പുന: രാവിഷ്കാര(ഡമ്മി പരീക്ഷണം) വും അന്വേഷണ സംഘം നടത്തി.
ധീരജിനെ കുത്തിയ ശേഷം പ്രതി കാറില്‍ പോയതും കത്തി വലിച്ചെറിഞ്ഞതുമാണ് പുനഃരാവിഷ്കരിച്ചത്. പ്രതി സഞ്ചരിച്ചിരുന്ന മോഡല്‍ സ്വിഫ്റ്റ് കാറിലായിരുന്നു ഡമ്മി പരീക്ഷണം. പ്രതിയുടെ മൊഴി വിശ്വാസത്തിലെടുത്ത് പോലീസ് റോഡിന്റെ ഇരുവശങ്ങളിലുമായി പരിശോധനകള്‍ നടത്തിയെങ്കിലും പ്രധാന തെളിവായ കത്തി ലഭിച്ചില്ല.
ഡിവൈഎസ്പിമാരായ ഇമ്മാനുവല്‍ പോള്‍, കെ.എ. തോമസ്, പയസ് ജോര്‍ജ്ജ്, സിഐ ബി ജയന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: