പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്ഷേപിക്കാന്‍ കിട്ടുന്ന ഒരവസരവും രാഹുല്‍ ഗാന്ധി പാഴാക്കാറില്ല. അത് പലപ്പോഴും രാഹുലിന് തന്നെ വിനയായി തീരാറുമുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ ട്വീറ്റ് തന്നെ ഉദാഹരണം. ലോക സാമ്പത്തിക ഫോറത്തില്‍ പ്രസംഗത്തിനിടെ അല്പസമയം മോദി നിശബ്ദത പാലിച്ചത് വലിയ കാര്യമായിട്ടാണ് അവതരിപ്പിച്ചത്. പ്രസംഗം നോക്കി വായിക്കാന്‍ സഹായിക്കുന്ന ടെലിപ്രോംപ്റ്റര്‍ പണിമുടക്കിയതാണെന്ന ധാരണയിലായിരുന്നു രാഹുലിന്റെ ട്വീറ്റ്. ‘ഇത്രയ്ക്ക് കള്ളം ടെലിപ്രോംപ്റ്ററിനു പോലും താങ്ങാന്‍ സാധിക്കുന്നില്ല’; എന്ന ട്വീറ്റ് വൈറലുമായി. കാളപെറ്റന്നു കേട്ട് രാഹുല്‍ എടുത്ത കയറില്‍ വട്ടം പിടിക്കാന്‍ മോദി വിരോധികളായ പലരും ആവേശം കാട്ടി. മോദി പ്രസംഗത്തിനിടെ തപ്പിത്തടയുന്നു എന്ന മട്ടില്‍ വീഡിയോയും പ്രചരിച്ചു.
പിന്നീട് സത്യം ലോകമറിഞ്ഞു. ടെലിപ്രോംപ്റ്ററിന്റെ പ്രശ്നം ആയിരുന്നില്ല, ലോക സാമ്പത്തിക ഫോറം സംഘാടകകര്‍ക്കുണ്ടായ ആശയക്കുഴപ്പമാണ് പ്രസംഗം നിര്‍ത്താന്‍ കാരണമെന്ന്. നിശ്ചിത സമയത്തു തന്നെ മോദി പ്രസംഗം ആരംഭിച്ചു. വെര്‍ച്വല്‍ സമ്മേളനത്തില്‍ അവതാരകനായ ലോക സാമ്പത്തിക ഫോറം എക്സിക്യൂട്ടീവ് ചെയര്മാന് ക്ലോസ് ഷ്വാബ് ഔപചാരിക സ്വാഗതപ്രസംഗം നടത്തിയിരുന്നില്ല.
മോദി പ്രസംഗിക്കുന്നതിനിടെ, സ്വാഗതം പൂര്‍ത്തിയായിട്ടില്ല എന്ന് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിച്ചു. മൈക്കിലൂടെ, ഇക്കാര്യം ഒന്നു ചോദിക്കൂ എന്ന് മോദിയോടു പറയുന്ന ശബ്ദവും കേള്‍ക്കാം. അപ്പോഴാണ് മോദി, ഇയര്‍ഫോണ്‍ ചെവിയില്‍ വയ്ക്കുകയും സാമ്പത്തികഫോറം സംഘാടകരോട് കേള്‍ക്കാമോ എന്നു ചോദിക്കുകയും ചെയ്യുന്നത്. മോദി പ്രസംഗം നിര്‍ത്തി. തുടര്‍ന്ന്, ഷ്വാബ് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് മോദി പ്രസംഗം പുനരാരംഭിക്കുകയും ചെയ്തു. ഇതിനെയാണ് പ്രധാനമന്ത്രിയെ ആക്ഷേപിക്കാനുള്ള വ്യാജപ്രചാരണ സാമഗ്രിയായി രാഹുല്‍ ഗാന്ധി ഉപയോഗിച്ചത്. 2014ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നതുമുതല്‍ രാഹുല്‍ ഗാന്ധിയുടെ അബദ്ധങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു എന്നതാണ് സത്യം. അമേരിക്ക സന്ദര്‍ശിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ലോക്സഭയിലെ ആകെ സീറ്റുകളുടെ എണ്ണം ഓര്‍ത്തെടുക്കുന്നതില്‍ പരാജയപ്പെടുകയും 546 സീറ്റുകള്‍ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ബെര്‍ക്ക്ലിയിലെ കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തപ്പോഴാണ് ജനപ്രതിനിധികളുടെ എണ്ണം 543 ന് പകരം 546 ആണെന്ന് പറഞ്ഞ് വിഡ്ഢിയായത്.
ബെംഗളൂരുവില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആരംഭിച്ച സബ്സിഡി ഭക്ഷണശാലയായ ‘ഇന്ദിരാ കാന്റീന്’ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞത് ‘അമ്മ’ കാന്റീനെന്നായിരുന്നു. തമിഴ്നാട്ടിലെ സബ്സിഡി ഭക്ഷണ ശാലയായിരുന്നു ‘അമ്മ കാന്റീന്’ സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങളെക്കുറിച്ച്, മധ്യപ്രദേശില്‍ വനിതാ റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ രണ്ട് ഹിന്ദി വാക്കുകള്‍ തെറ്റായി പറഞ്ഞതും രാഹുലിന് വലിയ നാണക്കേടുണ്ടാക്കി. ‘ബലാല്‍ക്കാര്‍’ (ബലാത്സംഗം) എന്നതിന് പകരം ‘ഭ്രഷ്ടാചാര്‍’ (അഴിമതി) എന്നാണ് പറഞ്ഞത്.
‘രാജ്യത്ത് പാല് ഉത്പാദനത്തില്‍ ഗുജറാത്ത് മുന്നില്‍ നില്ക്കുന്നുണ്ടെങ്കില് അതിനു കാരണം ഗുജറാത്തിലെ സ്ത്രീകളാണ്’ എന്ന് തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞതിന്റെ തെറ്റ് പോലും മനസ്സിലാക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞില്ല. ഗുജറാത്തി സ്ത്രീകളുടെ സംരംഭകത്വ മനോഭാവത്തെ പുകഴ്ത്താനാണ് യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചതെങ്കിലും ഗുജറാത്തി സ്ത്രീകള്‍ക്കെതിരെയുള്ള മോശം പരാമര്‍ശമായി അതുമാറി. മുംബൈയിലെ നര്‍സി മോന്‍ജി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യവെ, ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്സിനെ മൈക്രോസോഫ്റ്റ് മുതലാളിയായിട്ട് അവതരിപ്പിച്ച് സ്വയം അവഹേളിതനായി. സ്റ്റീവ് ജോബ്സ് ഒരിക്കലും മൈക്രോസോഫ്റ്റിന്റെ തലപ്പത്ത് ഇരുന്നിട്ടില്ല. ഇത്തരത്തില്‍ വിവരക്കേടിന്റെ ഘോഷയാത്ര നടത്തിയ രാഹുല്‍ ഗാന്ധിയാണ്, നരേന്ദ്രമോദിയെ പോലെ ലോകം അംഗീകരിച്ച നേതാക്കളെ നിസ്സാരവും തെറ്റായതുമായ കാര്യങ്ങളുടെ പേരില്‍ ആക്ഷേപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: