പനജി: അടുത്ത മാസത്തെ ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെങ്കില്‍ പി. ചിദംബരം രാജിവെയ്‌ക്കണമെന്ന് തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി.
നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സഖ്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസിനെ സമീപിച്ചെങ്കിലും ഗോവയില്‍ കോണ്‍ഗ്രസ് ചുമതലയുള്ള ചിദംബരം ആ നിര്‍ദേശം തള്ളി. ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ തൃണമൂലിലേക്ക് മാറ്റിയതിനെ തുടര്‍ന്ന് മമത ബാനര്‍ജിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ആഞ്ഞടിച്ചിരുന്നു.
സമാന മനസ്‌കരായ പാര്‍ട്ടികള്‍ ഒന്നിച്ച് സഖ്യകക്ഷിയായി മത്സരിക്കണമെന്ന് തൃണമൂല്‍ ആവശ്യപ്പെട്ടിരുന്നു. ‘തന്റെ സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ചിദംബരമാണ് കോണ്‍ഗ്രസിനെ തെറ്റായ വഴിയിലൂടെ നയിക്കുന്നതെന്നും തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി കുറ്റപ്പെടുത്തി.
എന്തായാലും ഗോവയില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ തമ്മില്‍ യുദ്ധത്തിലാണ്. മഹാരാഷ്‌ട്ര മാതൃകയില്‍ വിശാലസഖ്യം രൂപീകരിക്കാന്‍ ശിവസേന-എന്‍സിപി ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ് വഴങ്ങിയില്ല. ആപും തൃണമൂലും കോണ്‍ഗ്രസിനെപ്പോലെ തനിയെ മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ബിജെപിയാകട്ടെ ഗോവയുടെ ചരിത്രത്തിലാദ്യമായി 40 നിയമസഭാ സീറ്റുകളിലേക്കും സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: