തിരുവനന്തപുരം: കൊവിഡ് കേസുകള്‍ അതിവേഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ദക്ഷിണ റെയില്‍വേ നാല് ട്രെയിനുകള്‍ റദ്ദാക്കി. ജനുവരി 22 മുതല്‍ 27 വരെയുള്ള ട്രെയിന്‍ സര്‍വീസുകളാണ് പൂര്‍ണമായും റദ്ദാക്കിയിരിക്കുന്നത്.
നാഗര്‍കോവില്‍- കോട്ടയം എക്സ്പ്രസ് ( നം.16366), കൊല്ലം- തിരുവനന്തപുരം അണ്റിസര്വ്ഡ് എക്സ്പ്രസ് (നം.06425), കോട്ടയം- കൊല്ലം അണ്റിസര്വ്ഡ് എക്സ്പ്രസ് (നം.06431), തിരുവനന്തപുരം- നാഗര്‍കോവില്‍ അണ്റിസര്വ്ഡ് എക്സ്പ്രസ് (നം.06435) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.
നേരത്തെ കൊവിഡ് വ്യാപനത്തെ തുടർന്ന് പിഎസ്സി പരീക്ഷകള്‍ മാറ്റി വച്ചിരുന്നു. ജനുവരി 23 ന് നിശ്ചയിച്ച മെഡിക്കൽ എജുക്കേഷൻ സർവീസിലെ റിസപ്ഷനിസ്റ്റ് തസ്തികയുടെ പരീക്ഷ ജനുവരി 27 ലേക്കാണ് മാറ്റിയത്.
കേരളത്തില്‍ ഇന്നലെ 46,387 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 കടന്നു. നിലവില്‍ 1,68,383 പേരാണ് ചികിത്സയിലുള്ളത്. കേരളമടക്കം ആറ് സംസ്ഥാനങ്ങളിലെ കൊവിഡ് പ്രതിദിന വര്‍ദ്ധന ആശങ്കപ്പെടുത്തുന്നതാണെന്നും ഇവിടങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് പറഞ്ഞു.
വാക്സിനേഷന് ഒമിക്രോണ്‍ മൂലമുള്ള മൂന്നാം തരംഗത്തെ നേരിടുന്നതില്‍ നിര്‍ണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: