ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ടും, ഹൃദയ ശസ്ത്രക്രിയ വിഭാഗം (കാര്‍ഡിയോ തൊറാസിക്) മേധാവിയുമായ ഡോ. ടി.കെ. ജയകുമാര്‍ അടക്കം ഈ വിഭാഗത്തിലെ 14 പേര്‍ക്കാണ് കൊവിഡ്. ഇതോടെ ഹൃദയ ശസ്ത്രക്രിയകളുള്‍പ്പെടെ മാറ്റിവയ്ക്കേണ്ട സ്ഥിതിയിലാണ്.
ഡോ. ജയകുമാറിന് രണ്ടാം തവണയാണ് കൊവിഡ് പിടിപെടുന്നത്. രണ്ടാം ഘട്ടം കൊവിഡ് പിടിപെട്ടതോടെ അദ്ദേഹത്തിന് മോണോ ക്ലോണല്‍ ആന്റി ബയോട്ടിക്ക് കുത്തിവയ്പ് നടത്തി. സ്വകാര്യ ആശുപത്രികളില്‍ 65,000 രൂപയോളം വിലവരുന്ന ഈ ആന്റിബയോട്ടിക് കുത്തിവയ്പ് സര്‍ക്കാര്‍ ആശുപത്രികളില്‍ കാര്യമായി ലഭിക്കാറില്ല. കോട്ടയം മെഡിക്കല്‍ കോളജില്‍ രോഗീ സന്ദര്‍ശനമുള്‍പ്പെടെ വിവിധ വിഭാഗങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കി. കൊവിഡ് രോഗവര്‍ധനവിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതെന്നും ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കുമെന്നും ഡപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ് കുമാര്‍ പറഞ്ഞു. രോഗികളുടെ കൂടെ സഹായിയായി ഒരാളെ മാത്രം അനുവദിക്കും.
അടിയന്തര ഘട്ടങ്ങളില്‍ അധികാരികളുടെ അനുവാദത്തോടെ മാത്രമെ ഒന്നില്‍ കൂടുതല്‍ കൂട്ടിരിപ്പുകാരെ അനുവദിക്കൂ. ആശുപത്രിയിലോ പരിസരത്തോ കൂട്ടം കൂടി നില്ക്കുവാന് അനുവദിക്കുകയില്ല. ഒപിയില്‍ സംഘം ചേര്‍ന്നു നില്‍ക്കുന്നത് ഒഴിവാക്കാന്‍ പരിശോധനാ ക്രമം നിശ്ചയിക്കും.
രോഗികളെ ആശുപത്രിയിലെത്തിക്കുന്ന വാഹനങ്ങള്‍ രോഗിയെ ഇറക്കിയ ശേഷം ഉടന്‍ പോകണം. ചെറിയ രോഗങ്ങള്‍ക്ക് പ്രാഥമികചികിത്സാ കേന്ദ്രങ്ങളെ സമീപിക്കണം എന്നിങ്ങനെയാണ് പുതിയ ക്രമീകരണങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: