നമ്മള് ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചാല്‍ ജീവിതപ്രക്രിയ അല്ലെങ്കില്‍ ജീവന്റെ എല്ലാ പ്രവൃത്തികളും ഒരുതരത്തിലുള്ള അന്വേഷണമാണെന്നും എല്ലാറ്റിനെയും ഉള്‍ക്കൊള്ളാനും, പരിണമിച്ചു പാരമ്യത്തിലേക്ക് വളരാനുള്ള, ത്വരയാണെന്നും കാണാന്‍കഴിയും.
നിങ്ങള്‍ക്കുള്ളിലെ ഏറ്റവും അടിസ്ഥാന ആവേശമെന്താണെന്ന് ആത്മവിശകലനം ചെയ്താല്‍ എന്തിനെയെങ്കിലും അല്ലെങ്കില്‍ ആരെയെങ്കിലും നിങ്ങളിലേക്ക് സ്വാംശീകരിക്കാനുള്ള വ്യഗ്രതയാണെന്ന് മനസ്സിലാക്കാം. അടിസ്ഥാനപരമായി പറഞ്ഞാല്‍ സ്വന്തം അസ്ഥിത്വത്തെ വികസിപ്പിക്കാന്‍ നിങ്ങളാഗ്രഹിക്കുന്നു. മാത്രമല്ല ഏതെങ്കിലും നിയതമായ അളവിലുള്ള വികാസത്തിലൊതുങ്ങാന് നിങ്ങള്‍ തയ്യാറല്ല. പരിധികളില്ലാത്ത വികാസം കാംക്ഷിക്കുന്ന എന്തോ ഒന്ന് നിങ്ങള്‍ക്കുള്ളിലുണ്ട്.
അബോധപൂര്വ്വമായാണ് അത് പ്രകടമാവുന്നതെങ്കില്‍, നമ്മളതിനെ ലൗകിക ജീവിതമെന്ന് പറയുന്നു. ബോധപൂര്‍വ്വമായി പ്രകടമാവുന്നുവെങ്കില് നമുക്കതിനെ ആത്മീയജീവിതമെന്നും വിളിക്കാം. അവ രണ്ടും വ്യത്യസ്തമല്ല എന്നാല്‍ ഒരുവിധത്തിലുമവ കൂട്ടിമുട്ടുന്നുമില്ല. ഒന്ന് അബോധപൂര്വ്വമെങ്കില് മറ്റൊന്ന് ബോധപൂര്‍വ്വമാണെന്ന് മാത്രമേയുള്ളു. ഒരാള്‍ കണ്ണുകളടച്ചു നടക്കുമ്പോള്‍, മറ്റെയാള്‍ കണ്ണുകള്‍ തുറന്ന ശ്രദ്ധയോടെ നടക്കുന്നു. അതു മാത്രമാണ് വ്യത്യാസം.ഒന്നാവാനുള്ള ആഗ്രഹം അഥവാ, എല്ലാത്തിനെയും നിങ്ങളിലേക്ക് ഉള്‍പ്പെടുത്താനുള്ള ദാഹം ശാരീരികതലത്തിലാണ് പ്രകടമാവുന്നതെങ്കില്‍, നമ്മളതിനെ ലൈംഗികതയെന്ന് പറയുന്നു.
എല്ലാം തന്നിലേക്കെന്ന ആഗ്രഹം മനസ്സിന്റെ ആവശ്യമാണെങ്കില്‍ അതിനെ അത്യാര്ത്തിയെന്നോ, അതിമോഹമെന്നോ വിളിക്കപ്പെടാം. നിങ്ങളെല്ലാത്തിനെയും ഉള്ക്കൊള്ളാനാഗ്രഹിക്കുന്നു, നിങ്ങള്‍ക്ക് ലോകത്തെത്തന്നെ കൈയിലൊതുക്കണം. ഇത്തരമൊരാഗ്രഹം വികാരപരമായാണ് പ്രകടമാവുന്നതെങ്കില്‍, അതിനെ സ്നേഹമെന്ന് വിളിക്കുന്നു. ബോധപൂര്‍വ്വമായാണ് ഇത് പ്രകടമാവുന്നതെങ്കില്‍ അതിനെ യോഗയെന്ന് പറയാം. മറ്റൊന്നിനെ നിങ്ങളിലേക്ക് ഉള്‍ക്കൊള്ളിക്കാനുള്ള അതേ ആഗ്രഹം തന്നെയാണത്. മറ്റൊന്നിനെ നിങ്ങളിലേക്ക് സ്വാംശീകരിക്കേണ്ടതിന്റെ ആവശ്യമെന്താണ്? എന്തുകൊണ്ടോ, ഇപ്പോഴുള്ള മാനസികാവസ്ഥയില്‍ നിങ്ങള്‍ തൃപ്തരല്ല. ചിലനിമിഷങ്ങളില്‍, പരമാനന്ദമുണ്ടാവുമ്പോഴെല്ലാം അതിന് പിന്നാലെയാണ് നിങ്ങളോടുന്നത്. നിങ്ങള്‍ സ്വയം സംതൃപ്തനെങ്കില്‍, മറ്റാരോടെങ്കിലും എന്തിനോടെങ്കിലും ചേരാന്‍ നിങ്ങളാഗ്രഹിക്കുമോ? ഇല്ല. അപ്പോള്‍ അതിമോഹമോ, ലൈംഗികതയോ അല്ല നിങ്ങളാഗ്രഹിക്കുന്നത്, നിങ്ങളാഗ്രഹിക്കുന്നത് പരമാനന്ദമാണ്. എപ്പോഴൊക്കെയോ അനുഭവിച്ച തുച്ഛമായ ആനന്ദ നിമിഷങ്ങളില്‍ നിങ്ങള്‍ തൃപ്തരല്ല.
അതുകൊണ്ടാണ് പതഞ്ജലി, ‘യോഗസൂത്രങ്ങള്‍’ എഴുതിയപ്പോള്‍, പതിവില്ലാത്ത രീതിയിലൊരു തുടക്കമിട്ടത്. യോഗസൂത്രങ്ങളിലെ ആദ്യത്തെ അധ്യായം ഇതാണ് ‘…അപ്പോള്‍ ഇനി യോഗ…’ ഇത് വെറും പകുതിയായൊരു വാക്യം. ജീവിതത്തെപ്പറ്റിയുള്ള ഇത്രയും പ്രധാന്യമേറിയൊരു പ്രണാമം തുടങ്ങുന്നത് ഒരു പകുതിവാക്യത്തിലൂടെയാണ്. യുക്തിപരമായി അതിന് അര്‍ത്ഥമൊന്നുമില്ലെങ്കിലും, അനുഭവപരമായി എന്താണവിടെ പറയുന്നതെന്നു വച്ചാല്‍, ഒരുപുതിയ വീടുവയ്ക്കുന്നതിലൂടെയോ, ജീവിതപങ്കാളിയെ കണ്ടെത്തുന്നതിലൂടെയോ, നിങ്ങളുടെ മകളുടെ കല്യാണ ശേഷമോ, നിങ്ങളുടെ ജീവിതം സ്വസ്ഥതയിലാവുമെന്ന് കരുതുകയാണെങ്കില്‍, യോഗയ്ക്കുള്ള സമയം ആയിട്ടില്ല. പക്ഷെ, നിങ്ങള്‍ പണവും, അധികാരവും, സമ്പാദ്യങ്ങളും, ജീവിതത്തിലെ എല്ലാസുഖങ്ങളും അനുഭവിച്ചിട്ടും, പരമമായി അതിനൊന്നിനും നിങ്ങളെ ശരിക്കും തൃപ്തിപ്പെടുത്താന്‍ സാധിക്കില്ലെന്ന് നിങ്ങള്‍ മനസ്സിലാക്കിയെങ്കില്‍, ഇനി യോഗയ്ക്കുള്ള സമയമായിരിക്കുന്നു.
സദ്ഗുരു ജഗ്ഗി വാസുദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: