ന്യൂദല്‍ഹി: ജമ്മുകശ്മീരില്‍ തീവ്രവാദികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ശക്തമായ സേനാനീക്കങ്ങള്‍ തടയാന്‍ പാകിസ്ഥാനും ഇസ്ലാമിക സംഘടനകളും ശ്രമം ഊര്‍ജ്ജിതമാക്കുന്നു. ഇതിന്റെ ഭാഗമായി പാകിസ്ഥാന് യുകെയിലെ ഒരു നിയമസ്ഥാപനത്തെ ഇന്ത്യയ്ക്കെതിരായ പ്രചാരണത്തിനായി നിയോഗിച്ചിരിക്കുകയാണ്. ഇതുവഴി കശ്മീരിലെ ജയിലില്‍ കഴിയുന്ന പാക് തീവ്രവാദികളെ രക്ഷിക്കാനും സ്റ്റോക് വൈറ്റ് ശ്രമിക്കുന്നു. മനുഷ്യാവകാശത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി കേന്ദ്ര സര്‍ക്കാരിന്റെ കയ്യും കാലും കെട്ടാനാണ് ശ്രമം.
കശ്മീരില്‍ തീവ്രവാദികള്‍ക്കെതിരെ പൊലീസും സേനയും നടത്തുന്ന നീക്കങ്ങളെ നിര്‍വ്വീര്യമാക്കാന്‍ യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റോക് വൈറ്റ് എന്ന നിയമസ്ഥാപനത്തെയാണ് പാകിസ്ഥാന് വന്‍ തുക ഫീസ് നല്കി നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്റ്റോക് വൈറ്റ് എന്ന സ്ഥാപനം ഇന്ത്യ കശ്മീരില്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് യുകെ പൊലീസില്‍ പരാതി നല്കി. ഇന്ത്യയുടെ കരസേനമേധാവി ജനറല്‍ എം.എം. നരവനെയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് സ്റ്റോക് വൈറ്റ് ഉന്നയിച്ചിരിക്കുന്നത്.
2021 ഒക്ടോബറില്‍ പൂഞ്ച് ജില്ലയില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇസ്ലാമിക തീവ്രവാദി സിയ മുസ്തഫ കൊല്ലപ്പെട്ട സംഭവത്തിലാണ് നിയമസ്ഥാപനം അറസ്റ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. 2003ല്‍ കശ്മീരിലെ നദീമാര്ഗില് കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത സംഭവത്തിലെ മുഖ്യസൂത്രധാരനാണ് ലഷ്കര്‍ ഇ ത്വയിബ നേതാവായ സിയ മുസ്തഫ. പിന്നീട് സിയ മുസ്തഫയെ അറസ്റ്റ് ചെയ്തു. പൂഞ്ച് ജില്ലയിലെ കാടുകളിലെ തീവ്രവാദികളുടെ ഒളികേന്ദ്രം കണ്ടെത്താന്‍ സേന സിയാ മുസ്തഫയെ കൊണ്ടുപോകും വഴി ഉണ്ടായ ഏറ്റുമുട്ടലിലാണ് സിയ മുസ്തഫ കൊല്ലപ്പെട്ടത്.
പൂഞ്ചിലെ കാട്ടില്‍ തീവ്രവാദികളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് സിയ മുസ്തഫ കൊല്ലപ്പെട്ടത്. എനനാല്‍ സിയ മുസ്തഫയുടെ കൊലപാതകം ഇന്ത്യന്‍ സേനയുടെ ബോധപൂര്‍വ്വമായ നീക്കമാണെന്ന് വരുത്തിതീര്‍ത്ത് കശ്മീരിലെ തീവ്രവാദികള്‍ക്കെതിരായ നീക്കം ദുര്‍ബ്ബലപ്പെടുത്താനാണ് സ്റ്റോക് വൈറ്റ് വഴി ശ്രമിക്കുന്നത്. ഒപ്പം ജയിലില്‍ കഴിയുന്ന തീവ്രവാദികള്‍ക്ക് ഭാവിയില്‍ യാതൊരു കോട്ടം തട്ടാതിരിക്കാനും മനുഷ്യാവകാശത്തിന്റെ കവചം അണിയിക്കാന്‍ സ്റ്റോക് വൈറ്റ് എന്ന വിദഗ്ധ നിയമസ്ഥാപനം അതിനിഗൂഢമായ നീക്കം നടത്തുകയാണ്.
യുകെയിലെ മെട്രോപൊളിറ്റന്‍ പൊലീസിന്റെ കീഴിലുള്ള യുദ്ധ കുറ്റക്യത്യങ്ങളുടെ യൂണിറ്റിനാണ് തെളിവുകളടക്കം 40 പേജുള്ള രേഖ സ്റ്റോക് വൈറ്റ് സമര്‍പ്പിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കരസേനാമേധാവി നരവനെയ്ക്കും എതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള ശക്തമായ നടപടികളാണ് സ്റ്റോക് വൈറ്റ് ആവശ്യപ്പെട്ടുന്നത്. എട്ട് ഉന്നത സൈനികോദ്യോഗസ്ഥര്ക്കെതിരെയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ആക്ടിവിസ്റ്റുകള്‍, പത്രപ്രവര്‍ത്തകര്‍, സാധാരണ പൗരന്മാര് എന്നിവര്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ കശ്മീരില്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇവരെയൊന്നും അറസ്റ്റ് ചെയ്യാനല്ല.
ഇന്ത്യാ സര്‍ക്കാരിന്റെ അധിനിവേശത്തെ എതിര്‍ക്കുന്ന മുസ്ലിങ്ങള്‍ അധിക്ഷേപത്തിന് വിധേയമാകുന്നു എന്നാണ് സ്റ്റോക്ക് വൈറ്റ് ആരോപിക്കുന്നത്. ഈ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ തങ്ങളും സഹകരിച്ചതായി ലീഗല്‍ ഫോറം ഓഫ് കശ്മീരും അവകാശപ്പെടുന്നു. പാകിസ്ഥാന് ഈ തീവ്രവാദികളുടെ മേല്‍ യാതൊരു നിയന്ത്രണവുമില്ലെന്നും ജമ്മു കശ്മീരിലെ മുസ്ലിങ്ങളെ ചോദ്യം ചെയ്യാന്‍ ഇസ്രയേലിലെ രഹസ്യപ്പൊലീസ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതായും ആരോപിക്കുന്നു. എന്തായാലും കശ്മീരിലെ തീവ്രവാദപ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയും അതിനെ എതിര്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ നിര്‍വ്വീര്യമാക്കാനും ഉള്ള പാകിസ്ഥാന്റെ അജണ്ടയാണ് സ്റ്റോക് വൈറ്റ് എന്ന സ്ഥാപനത്തിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: