തിരുവനന്തപുരം: കൊവിഡ് വ്യാപനം കണക്കിലെടുത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ പൊതുപരിപാടികള്‍ മാറ്റിവച്ചിട്ടും ജില്ലാസമ്മേളനങ്ങളുമായി സിപിഎം മുന്നോട്ട് പോകുന്നത് വിവാദമാകുന്നു. വിവിധ ജില്ലകളില്‍ പൂര്‍ത്തിയായ സിപിഎം സമ്മേളനങ്ങളില്‍ പങ്കെടുത്ത നൂറോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരില്‍ ഏറെയും തിരുവനന്തപുരം, എറണാകുളം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. എന്നിട്ടും കാസര്‍കോട്, തൃശ്ശൂര്‍, ആലപ്പുഴ സമ്മേളനങ്ങള്‍ നടത്താനാണ് സിപിഎമ്മിന്റെ തീരുമാനം. പാര്‍ട്ടി നിലപാടിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്.
മന്ത്രി വി. ശിവന്‍കുട്ടി, എംഎല്‍എമാരായ ഐ.ബി. സതീഷ്, കടകംപള്ളി സുരേന്ദ്രന്‍, ജി. സ്റ്റീഫന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവ് ആയി. മുന്‍ മന്ത്രിയും ഏരിയാ സെക്രട്ടറിയും ലോക്കല്‍ സെക്രട്ടറിമാരും നല്ലൊരു ശതമാനം റെഡ് വോളണ്ടിയര്‍മാരും അടക്കം രോഗബാധിതരാണ്. തിരുവനന്തപുരത്ത് കൊവിഡ് കുതിച്ചുകയറാന്‍ കാരണം സിപിഎം ജില്ലാ സമ്മേളനമായിരുന്നു. തിരുവനന്തപുരത്തെ 35 കൊവിഡ് ക്ലസ്റ്ററുകളില്‍ ഒന്നായി അറുനൂറിലേറെ പേര്‍ പങ്കെടുത്ത സമ്മേളനം മാറി. ടിപിആര്‍ 30 കടന്ന ജില്ലയില്‍ ഒരുതരത്തിലുള്ള പൊതുപരിപാടികളും നടത്തരുതെന്ന ചീഫ് സെക്രട്ടറിയുടെയും കളക്ടറുടെയും ഉത്തരവ് കാറ്റില്‍ പറത്തിയാണ് തിരുവാതിരയും ഗാനമേളയും അടക്കം സംഘടിപ്പിച്ചത്.
കാസര്‍കോട് മടിക്കൈയിലാണ് 21 മുതല്‍ 23 വരെ ജില്ലാ സമ്മേളനം നടക്കുന്നത്. മടികൈ പഞ്ചായത്തില്‍ നിലവില്‍ 30 ശതമാനത്തോളമാണ് ടിപിആര്‍. തൃശ്ശൂരിലും നിലവിലെ ടിപിആര്‍ 30 ശതമാനത്തിന് മുകളിലാണ്. ഇതുവരെ 28 ക്ലസ്റ്ററുകളാണ് രൂപപ്പെട്ടിരിക്കുന്നത്. 500ലധികം പേര്‍ക്ക് ഇരിക്കാവുന്ന ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ 175 പേര്‍ മാത്രമാണ് പങ്കെടുക്കുന്നതെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.
അതേസമയം പ്രതിനിധികള്‍ക്ക് പുറമേ 11 ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും മറ്റു മേല്‍കമ്മിറ്റികളില്‍ നിന്നുള്ള അംഗങ്ങളും റെഡ് വോളണ്ടിയര്‍മാരും സമ്മേളനത്തില്‍ പങ്കെടുക്കുന്നതോടെ മറ്റൊരു ക്ലസ്റ്ററിനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. ആലപ്പുഴയിലേയും സ്ഥിതി സമാനമാണ്.
സമ്മേളനങ്ങള്‍ വെര്‍ച്വലിലേക്ക് മാറ്റുകയാണെന്നാണ് സിപിഎം ഔദ്യോഗികമായി പ്രതികരിച്ചിട്ടുള്ളത്. എന്നാല്‍ വെര്‍ച്വലായി നടത്തുമെന്ന് പറഞ്ഞ കഴിഞ്ഞ ജില്ലാസമ്മേളനങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നൂറുകണക്കിനു പേരാണ് പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: