കുന്നത്തൂര്‍: ഗ്രാമപഞ്ചായത്തുകള്‍ നടപ്പാക്കുന്ന ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപകക്രമക്കേടെന്ന് ആക്ഷേപം. പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് പഞ്ചായത്തുകള്‍ വിതരണം ചെയ്യുന്ന സാധനങ്ങള്‍ ഗുണനിലവാരം കുറഞ്ഞതെന്ന പരാതി ശക്തം.
പഞ്ചായത്ത് ഭരണസമിതിയുടെ അറിവോടെ തന്നെ ഈ ഇനത്തില്‍ വന്‍ക്രമക്കേടും ലക്ഷക്കണക്കിന് രൂപയുടെ വെട്ടിപ്പുമാണ് നടക്കുന്നത്. തനതുഫണ്ട് ഉപയോഗിച്ച് ഓരോ ഗ്രാമപഞ്ചായത്തുകളും വ്യത്യസ്തമായ പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. കാര്‍ഷികമേഖലയില്‍ പച്ചക്കറിവിത്ത്, വാഴ, തെങ്ങ്, ചേന, മഞ്ഞള്‍, ഇഞ്ചി പോലുള്ള നടീല്‍ വസ്തുക്കളുടെ വിതരണം ആട്, കോഴി, കോഴക്കൂട്, പോത്തുകുട്ടി, വയോധികര്‍ക്കും പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കും കട്ടില് തുടങ്ങിയവയുടെ വിതരണമാണ് ഒട്ടുമിക്ക ഗ്രാമപഞ്ചായത്തുകളിലും നടക്കുന്നത്. കാര്‍ഷിക മേഖലയില്‍ വിതരണം ചെയ്യേണ്ട സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നത് ഈ മേഖലയിലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാണങ്കിലും ഇടനിലക്കാര്‍ വഴി ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ ഗുണനിലവാരം കുറഞ്ഞ നടീല്‍ വസ്തുക്കളാണ് മിക്കപ്പോഴും എത്തിച്ച് നല്‍കുന്നതെന്ന് മുമ്പ് തന്നെ ആക്ഷേപമുയര്‍ന്നതാണ്.
ആട്, കോഴി, കോഴിക്കൂട്, പോത്തുകുട്ടി തുടങ്ങിയവയുടെ വിതരണത്തിലും വലിയ ക്രമക്കേടാണ് നടക്കുന്നത്. നിശ്ചിത പ്രായത്തിലും തൂക്കത്തിലും ഗുണനിലവാരത്തിലും ഉള്ളവ വിതരണം ചെയ്യണമെന്നാണ് വ്യവസ്ഥയെങ്കിലും ഇത് പലപ്പോഴും പാലിക്കപ്പെടാറില്ല. ഈ ഇനത്തിലും ലക്ഷക്കണക്കിന് രൂപയാണ് ഇടനിലക്കാര്‍ തട്ടിയെടുക്കുന്നത്. വയോജനങ്ങള്‍ക്കും ദുര്‍ബല വിഭാഗക്കാര്‍ക്കും കട്ടില് വിതരണം ചെയ്യുന്ന പദ്ധതി പ്രകാരം നിര്‍മിക്കുന്ന കട്ടിലുകളെ കുറിച്ച് വ്യാപകപരാതിയാണ്. യാതൊരു ഗുണനിലവാരവും ഇല്ലാത്ത പാഴ്തടികള്‍ കൊണ്ട് ഉണ്ടാക്കിയ കട്ടിലുകള്‍ പെയിന്റ് ചെയ്താണ് നല്‍കുന്നത്. ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ നശിക്കപ്പെടാന്‍ സാധ്യതയുള്ള ഇവയുടെ പേരിലും ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: