കൊല്ലം: കൊവിഡ് രോഗികളെ ചികിത്സിക്കുന്നതുമായി ബന്ധപ്പെട്ട ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ ഡിഎംഒയ്‌ക്ക് എതിരെ ശീതസമരത്തില്‍. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ഡോക്ടര്‍മാരും ജീവനക്കാരും പ്രതിഷേധവുമായി രംഗത്തുള്ളത്.
ആശുപത്രിയില്‍ കൊവിഡ് രോഗികള്‍ക്കും അല്ലാത്തവര്‍ക്കുമായി രണ്ട് ഒപണ്ടി കൗണ്ടറും തുടര്‍ചികിത്സാ സംവിധാനവും നടപ്പാക്കണമെന്ന് ഡിഎംഒ ആവശ്യപ്പെട്ടതാണ് ആശുപത്രി ജീവനക്കാരെ പ്രകോപിപ്പിച്ചത്. ഡിഎംഒ ഓഫീസില്‍ നിന്നും വന്ന ഉത്തരവ് നടപ്പാക്കാന്‍ കഴിയില്ലെന്നും പ്രക്ഷോഭത്തിലേക്ക് തങ്ങള്‍ തിരിയുമെന്നും ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാര്‍ പരസ്യമായി അറിയിച്ചുകഴിഞ്ഞു.
നിലവിലുള്ള സംവിധാനത്തില്‍ പോലും ആവശ്യത്തിന് ജീവനക്കാരില്ല. ഡിഎംഒ ആവശ്യപ്പെട്ടതനുസരിച്ച് കൊവിഡ്, നോണ്‍ കൊവിഡ് ഒപികള്‍ തുടങ്ങിയാല്‍ ഡോക്ടര്‍മാരടക്കം 50 ജീവനക്കാരെ അധികമായി നിയമിക്കേണ്ടി വരും. അതിന് ജില്ലാ മെഡിക്കല്‍ ഓഫീസ് തയ്യാറുമല്ല. വിക്ടോറിയ ആശുപത്രിയില്‍ 18 ഡോക്ടര്‍മാരും നൂറോളം ജീവനക്കാരുമാണുള്ളത്. കൊവിഡിന്റെ അടിസ്ഥാനത്തില്‍ ചികിത്സാ സംവിധാനം വേര്‍തിരിച്ചാല്‍ ഇപ്പോഴുള്ള സ്റ്റാഫ് പാറ്റേണ്‍ തികയാതെ വരും.
ഒരു ലേബര്‍ റൂമും തിയറ്ററുമാണ് നിലവിലുള്ളത്. പുതിയ സംവിധാനത്തില്‍ ലേബര്‍ റൂമും തിയറ്ററും വീണ്ടും വേണ്ടിവരും. കൂടാതെ കിടക്കകളുടെ എണ്ണം കൂട്ടി വേര്‍തിരിക്കണം. ചികിത്സാസംവിധാനം എല്ലാം അടിമുടി മാറണം. ഇതൊന്നും തയ്യാറാക്കാതെ രണ്ട് കൗണ്ടര്‍ തുടങ്ങണമെന്ന് ആവശ്യപ്പെട്ടാല്‍ അത് നടപ്പാക്കാന്‍ ബുദ്ധിമുട്ടാണെന്ന് ജില്ലാ ആശുപത്രി ജീവനക്കാര്‍ കഴിഞ്ഞ ദിവസം ഡിഎംഒ ഓഫീസിലെത്തി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ ആഴ്ച തന്നെ ആശുപത്രിയില്‍ രണ്ട് കൗണ്ടര്‍ തുടങ്ങണം എന്ന പിടിവാശിയിലാണ് ഡിഎംഒ. അങ്ങനെയെങ്കില്‍ ഉത്തരവിനെതിരെ ശക്തമായി രംഗത്തുവരുമെന്ന് ജീവനക്കാരും മുന്നറിയിപ്പ് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: