തിരുവനന്തപുരം : സംസ്ഥാനത്തെ പോലീസ് സേനയ്ക്കിടയിലും കോവിഡ് കേസുകള്‍ ഉയരുന്നു. രണ്ടാഴ്ച്ചയ്ക്കിടെ സംസ്ഥാനത്തെ അറുനൂറോളം പോലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മൂന്നാം തരംഗത്തില്‍ സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ ഫലപ്രദമല്ലെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത് ശരിവെയ്ക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
കോവിഡില്‍ സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ പോലെ തന്നെ അവശ്യ സേവന വിഭാഗമാണ് പോലീസും. അവര്‍ക്കിടയില്‍ തന്നെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് സംസ്ഥാനത്തെ ഏറെ പ്രതിസന്ധിയിലാക്കുന്നുണ്ട്. രണ്ടാഴ്ചക്കിടെ 610 പോലീസുകാര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 80 പേര്‍ക്ക് മാത്രമാണ് രോഗം ഭേദമായത്. 530 പേര് ഇപ്പോഴും ചികിത്സയിലാണ്.
രോഗബാധയെ തുടര്‍ന്ന് സംസ്ഥാനത്തെ മുപ്പതോളം പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ പ്രതിസന്ധി. വേണ്ട വിധത്തില്‍ ഡ്യൂട്ടി ക്രമീകരിക്കാന്‍ സാധിക്കാതിരുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം. ഗുണ്ടാവിളയാട്ടവും ക്രമസമാധാന പ്രശ്നങ്ങളും സംസ്ഥാനത്ത് ഇപ്പോള്‍ രൂക്ഷമാണ്. ഇത് കൂടാതെ കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനും പോലീസിന്റെ തന്നെ ആവശ്യമുണ്ട്.
സംസ്ഥാനത്തെ എട്ട് സ്റ്റേഷനില്‍ സിഐമാരടക്കം രോഗബാധിതരാണ്. ആദ്യ രണ്ട് തരംഗ സമയത്തും സമ്പര്‍ക്ക വ്യാപനം ഒഴിവാക്കാന്‍ ഡ്യൂട്ടി ക്രമീകരണവും ജോലിയില്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും ഡിജിപി നല്‍കിയിരുന്നു. സാനിറ്റൈസറും മാസ്കും കയ്യുറകളുമെല്ലാം വിതരണവും ചെയ്തിരുന്നതാണ്. എന്നാല്‍ മൂന്നാം തരംഗം എത്തിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥരില്‍ തന്നെ കോവിഡ് വ്യാപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: