പാലക്കാട്: മലമ്പുഴയിലെ ആശുപത്രി മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീ അണയാന്‍ സമയമെടുക്കുമെന്ന് അഗ്നിശമനസേന. രണ്ടാംദിനവും രണ്ടു യൂണിറ്റ് അഗ്നിശമനസേനാംഗങ്ങളാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഇമേജ് പ്ലാന്റിലെ തീ അണക്കാന്‍ ഉണ്ടായിരുന്നത്. കൂട്ടിയിട്ടിരിക്കുന്ന ടണ്‍ കണക്കിന് ആശുപത്രിമാലിന്യം കത്തി തീരാതെ പൂര്‍ണമായും അണക്കാന്‍ സാധിക്കില്ലെന്നും, തീ മറ്റു സ്ഥലങ്ങളിലേക്ക് പടരാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
40,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഇരുനില ബാര്‍കോഡ് പ്രോസസിങ് പ്ലാന്റിനാണ് ഞായറാഴ്ച രാവിലെ പത്തുമണിയോടെ തീപിടിച്ചത്. ഈ പ്ലാന്റില്‍ ടണ്‍ കണക്കിന് മാലിന്യമാണ് സൂക്ഷിച്ചിരുന്നത്. ഇവയെല്ലാം കത്തിതീര്‍ന്നാല്‍ മാത്രമെ തീ പൂര്‍ണതോതില്‍ അണയുകയുള്ളൂ. അഗ്നിശമന സേന ഇന്നലെ രാവിലെയോടെ ഈ കെട്ടിടത്തിന്റെ നാലു ഭാഗങ്ങളിലെയും മാലിന്യങ്ങളുള്‍പ്പെടെ വൃത്തിയാക്കി. കെട്ടിടത്തിന്റെ അഞ്ചു കിലോമീറ്റര്‍ അകലെ വനമേഖലയാണ്. തീ ആളിപ്പടര്ന്നാല് കാട് കത്തിനശിക്കും. ഇത് ഒഴിവാക്കുന്നതിനുള്ള മുന്‍കരുതലെന്ന നിലയിലാണ് കെട്ടിടത്തിന്റെ ചുറ്റും വൃത്തിയാക്കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.
തീ പൂര്‍ണമായി അണയുന്നതുവരെ അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യും. രണ്ട് ദിവസത്തിനകം തീ പൂര്‍ണമായും അണയുമെന്നാണ് അവര്‍ പറയുന്നത്. അതേസമയം തീപിടുത്തത്തില്‍ ദുരുഹതയില്ലെന്നാണ് ഇമേജ് അധികൃതരുടെ വാദം. പ്ലാന്റിന് സമീപമുള്ള വനമേഖലയില്‍ നിന്ന് തീ പടര്‍ന്നതാകാം ദുരന്തത്തിന് കാരണമെന്ന് അധികൃതര്‍ പറയുന്നു.
കൊവിഡ് കാലത്ത് 30 ടണ്‍ മാലിന്യം വരെ ഓരോ ദിവസം പ്ലാന്റിലേക്ക് വരുന്നുണ്ട്. ഇവ ശ്രദ്ധയോടെ വേര്‍തിരിച്ച് സുരക്ഷിതമായാണ് കൈകാര്യം ചെയ്യുന്നത്. കൊവിഡ് മാലിന്യം ഉടന്‍ സംസ്കരിക്കും. മറ്റു മാലിന്യവും എത്താറുണ്ടെങ്കിലും കുന്നുകൂടി കിടക്കാതെ സംസ്കരിക്കുകയാണ് പതിവ്. ആദ്യമായാണ് ഇത്തരം അനുഭവമെന്നും ഇമേജ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: