തൃശൂര്‍: മാരക മയക്കുമരുന്നുമായി ഡോക്ടര്‍ പിടിയില്‍. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്ജന് അഖില്‍ മുഹമ്മദ് ഹൂസൈന് ആണ് എംഡിഎംഎയുള്‍പ്പെടെയുള്ള സിന്തറ്റിക് ലഹരിമരുന്നുകളുമായി പിടിയിലായത്. മെഡിക്കല്‍ കോളേജിന് സമീപത്തുള്ള ഹോസ്റ്റലില്‍ താമസിച്ച് വരികയായിരുന്നു ഇയാള്‍. ഇവിടെ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നുമായി അഖില്‍ പിടിയിലായത്.
അഖിലിനെ നിലവില്‍ മെഡിക്കല്‍ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇയാളില്‍ നിന്ന് രണ്ടര ഗ്രാം എംഡിഎംഎയും ലഹരി സ്റ്റാംപുകളും പിടികൂടി. ബംഗളൂരുവില്‍ നിന്നാണ് ഇയാള്‍ ലഹരി എത്തിച്ചത് എന്നാണ് പൊലീസ് നല്കുന്ന വിവരം.അഖിലിനെ കസ്റ്റഡിയില്‍ എടുത്ത സമയത്ത് നിരവധി പേര് ലഹരി മരുന്ന് ആവശ്യപ്പെട്ട് ഇയാളുടെ ഫോണിലേക്ക് വിളിച്ചിരുന്നതായും പൊലീസ് പറയുന്നു. മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കൂടുതല്‍ ഡോക്ടര്‍മാര്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് പിടിയിലായ അഖില്‍ മൊഴി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. 15 ഓളം ഡോക്ടര്‍മാര്‍ സ്ഥിരമായി ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് വെളിപ്പെടുത്തല്‍. ഹാഷിഷ് ഓയിലിന്റെ ഒഴിഞ്ഞ കുപ്പിയും പിടിച്ചെടുത്തിട്ടുണ്ട്.
തൃശൂര്‍ ഷാഡോ പൊലീസിന്റെയും മെഡിക്കല്‍ കോളേജ് പൊലീസും സംയുക്തമായാണ് നടപടിയെടുത്തത്. മെഡിക്കല്‍ കോളേജും പരിസരവും അടുത്തിടെയായി പൊലീസിന്റെ നീരീക്ഷണത്തിലായിരുന്നു എന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: