ചുറ്റമ്പലത്തിനുള്ളില്‍ ഭക്തര്‍ക്ക് പ്രവേശനമില്ലാത്ത ഏക ക്ഷേത്രമാണ് കോലത്തുകര മഹാദേവ ക്ഷേത്രം. തിരുവനന്തപുരത്ത് കഴക്കൂട്ടത്തിനടുത്ത് കുളത്തൂരിലാണ് ഈ ക്ഷേത്രമുള്ളത്.
പ്രതിഷ്ഠ മഹാദേവന്റെയാണെങ്കിലും ദേവീ ചൈതന്യവും ഒരുപോലെ വിളങ്ങുന്നതാണ് ക്ഷേത്ര പശ്ചാത്തലം. മഹാദേവനും ഭദ്രകാളിയും ചേര്‍ന്നു വാഴുന്ന ഈ തിരുനടയിലെത്തി പ്രാര്‍ത്ഥിച്ചാല്‍ ഫലസിദ്ധിയുണ്ടാകുമെന്നാണ് ഭക്തരുടെ വിശ്വാസം.
മുമ്പ് ഇത് ഭദ്രകാളി ക്ഷേത്രം മാത്രമായിരുന്നുവെന്ന് ചരിത്രം പറയുന്നു. രൗദ്രഭാവത്തിലുള്ള ഭദ്രകാളീ പ്രതിഷ്ഠയായിരുന്നു അന്നുണ്ടായിരുന്നത്. പിന്നീട് ഈ പ്രതിഷ്ഠ മാറ്റി മഹാദേവ വിഗ്രഹം പ്രതിഷ്ഠിച്ചു. 1893 ല്‍ ശ്രീനാരായണ ഗുരുവാണ് പ്രതിഷ്ഠ നടത്തിയത്. ഗുരുദേവന് പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളില്‍ മൂന്നാമത്തേതാണ് കോലത്തുകര.
അക്കാലത്ത് ഭദ്രകാളി ക്ഷേത്രങ്ങളില്‍ നിലനിന്നിരുന്ന ജന്തു ബലിക്കെതിരെയുള്ള ഗുരുദേവന്റെ നിലപാടുകളുടെ പ്രതിഫലനമായിരുന്നു കോലത്തുകരയിലെ മഹാദേവ പ്രതിഷ്ഠ. ആറ് നൂറ്റാണ്ടിലേറെ പഴമക്കമുണ്ട് ഇവിടുത്തെ ദേവീചൈതന്യത്തിനെന്നാണ് ഐതിഹ്യം. വനപ്രദേശമായിരുന്ന ഇവിടം ഇഴജന്തുക്കളുടെ ശല്യം കൊണ്ട് വിഷക്കാട് എന്നാണ് അറിയപ്പെട്ടിരുന്നത്. കോലത്തുനാട്ടില്‍ (ഇന്നത്തെ മലബാര്‍) നിന്നും കുടിയേറിയവരാണ് ഇവിടെ ക്ഷേത്രം നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു. നെയ്ത്തു കേന്ദ്രങ്ങളായിരുന്ന ഈ പ്രദേശത്ത് നെയ്ത്ത് പഠിക്കാനായാണ് കോലത്തുനാട്ടില്‍ നിന്നും ആളുകളെത്തിയത്. കോലത്ത് നാട്ടിലുള്ളവര്‍ ക്ഷേത്രം നിര്‍മ്മിച്ചതോടെ വിഷക്കാട് പിന്നീട് കോലത്തുകര എന്നറിയപ്പെട്ടു. നെയ്ത്തു പഠിച്ച് കോലത്തുനാട്ടുകാര്‍ മടങ്ങിപ്പോയതോടെ ക്ഷേത്രം സമീപ വാസികളുടെ ആധിപത്യത്തിലായി.
വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ക്ഷേത്രത്തിലെ ജന്തു ബലി തുടങ്ങിയ അനാചാരങ്ങള്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. കുളത്തൂര്‍ ദേശത്തെ ഗുരുക്കള്‍ എന്നറിയപ്പെട്ടിരുന്ന മഠത്തില്‍ ആശാന് വഴിയാണ് ശ്രീനാരായണ ഗുരു കോലത്തുകരയിലെ ഭദ്രകാളി ക്ഷേത്രം സന്ദര്‍ശിച്ചത്. തുടര്‍ന്ന് ഗുരുദേവന് ഇവിടെ നിത്യ സന്ദര്‍ശകനായി മാറി. ആനന്ദവല്ലീശ്വര ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് ശേഷം ഗുരുവും ശിഷ്യനായ കുമാരനാശാനും ചേര്‍ന്ന് ക്ഷേത്രത്തില്‍ തുടര്‍ന്നു കൊണ്ടിരുന്ന അനാചാരങ്ങള്‍ നി
ര്‍ത്തലാക്കാന്‍ വഴി കണ്ടെത്തി. ഭദ്രകാളി വിഗ്രഹം പ്രതിഷ്ഠ സ്ഥാനത്ത് നിന്നും മാറ്റി മഹാദേവനെ പ്രതിഷ്ഠിച്ചു. എന്നാല്‍ ദേവീ വിഗ്രഹം നിമജ്ജനം ചെയ്യാന്‍ അദ്ദേഹം തയ്യാറായില്ല. പകരം, വിഗ്രഹത്തിന്റെ മുഖം മൂടിക്കെട്ടി ചുറ്റമ്പലത്തിനുള്ളില്‍ വടക്ക് പടിഞ്ഞാറ് ഭാഗത്തായി വയ്ക്കാന്‍ നിര്‍ദ്ദേശം നല്കി. അന്ന് മുതലാണ് ഭക്തര്‍ക്ക് ചുറ്റമ്പലത്തിനുള്ളില്‍ പ്രവേശനം നിഷേധിച്ചതായി പറയുന്നത്. അശുദ്ധിയുണ്ടായാല്‍ ദോഷങ്ങളുണ്ടായേക്കാമെന്ന ഗുരുവിന്റെ നിര്‍ദ്ദേശത്താലായിരുന്നു വിലക്ക്.
1960 കളില്‍ ഈ ദേവീ വിഗ്രഹം വെള്ളായണി മുടിപ്പുര ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്കായി കൊണ്ടുപോയി. വെള്ളായണിയിലെ വിഗ്രഹം മോഷണം പോയതിനെതുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ക്ഷേത്രത്തില്‍ നടന്ന പൂജാ ചടങ്ങില്‍ അഷ്ടബന്ധത്തില് വിഗ്രഹം ഉറപ്പിക്കാന്‍ കര്‍മ്മികള്‍ ശ്രമിച്ചെങ്കിലും വിഗ്രഹം ചരിഞ്ഞ് പോകുന്ന അവസ്ഥയാണുണ്ടായത്. തുടര്‍ന്ന് നടന്ന ദേവപ്രശ്നത്തില്‍ തമിഴ്നാട് ഇട്ടകവേലിക്കര ദേശത്തെ ചൈതന്യമാണ് വെള്ളായണി ക്ഷേത്രത്തില്‍ കുടികൊള്ളുന്നതെന്നും കോലത്തുകരയിലെ ഭദ്രകാളി വിഗ്രഹം പകരമാകില്ലെന്നും കണ്ടെത്തി. ഇതോടെ ഭദ്രകാളി വിഗ്രഹം തിരികെ കോലത്തുകരയില്‍ എത്തുകയായിരുന്നു.
അന്നു മുതല്‍ മഹാദേവനൊപ്പം ഭദ്രകാളീ ചൈതന്യവും കോലത്തുകരയുടെ പ്രതീകമായി. ഇന്നും ദേവീ വിഗ്രഹം പ്രതിഷ്ഠിക്കാതെ ചുറ്റമ്പലത്തിനുള്ളിലെ വടക്ക് പടിഞ്ഞാറ് മൂലയില്‍, മാറ്റി വച്ചിരിക്കുകയാണ്.
ദീപക്കാഴ്ചയോ പൂജയോ ചെയ്യാറില്ല. ഉത്സവത്തിന്റെ തുടക്കത്തില്‍ മാത്രമാണ് വിഗ്രഹത്തിന്റെ മുഖം മൂടി മാറ്റി വൃത്തിയാക്കുന്നത്. ക്ഷേത്ര പൂജാരിക്ക് പുറമെ ക്ഷേത്ര ഭരണസമിതിയുടെ തീരുമാനപ്രകാരമുള്ള ഭക്തരെ, നാല്പത്തിയൊന്നു ദിവസത്തെ വ്രതശുദ്ധിയോടെ നിയോഗിച്ചാണ് ദേവീവിഗ്രഹം ശുചിയാക്കുന്നത്.
മഹാദേവ പ്രതിഷ്ഠ നടത്തിയ ശേഷം ഗുരു മൂന്ന് ആല്‍മരവും ഇവിടെ നട്ടു. ആല്‍മരങ്ങളുടെ ഇലകൊഴിയുന്ന വേളയില്‍ ഇവിടെ എല്ലാ മരങ്ങളും ഒരുമിച്ച് കൊഴിയാറില്ല. ഏതെങ്കിലും ഒന്നില്‍ നിറയെ തളിര്‍ത്ത ഇലകള്‍ ഉണ്ടായിരിക്കും. ഇത് ക്ഷേത്ര ചൈതന്യത്തിന്റെ വൈഭവമായാണ് ഭക്തര്‍ കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: