Categories: Kerala

കുമാരനാശാന്‍ നോബല്‍ സമ്മാനത്തിനര്‍ഹനായ വിശ്വമഹാകവിയെന്ന് സ്വാമി സച്ചിദാനന്ദ, ആശാൻ ഒരേസമയം സാമൂഹ്യപരിഷ്‌കര്‍ത്താവായും വിപ്ലവകാരിയായും ശോഭിച്ചു

കുമാരനാശാന്‍ മലയാളത്തിലെഴുതിയ 'വീണുപൂവ്' നോബല്‍സമ്മാന കമ്മിറ്റിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നുവെങ്കില്‍ ആ കൃതിക്കും നോബല്‍ സമ്മാനം ലഭിക്കുമായിരുന്നുവെന്ന് ബംഗാളി എഴുത്തുകാരന്‍ ഡോ. ശിവരാമ കാരന്ത് പറഞ്ഞിരുന്നു

Published by

വര്‍ക്കല: മഹാകവി കുമാരനാശാന്‍ നോബല്‍ സമ്മാനത്തിനര്‍ഹനായ വിശ്വമഹാകവിയാണെന്ന് ശ്രീനാരായണ ധര്‍മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. കുമാരനാശാന്റെ 98-ാമത് നിര്‍വാണദിനാചരണത്തിന്റെ ഭാഗമായി ശിവഗിരി മഠത്തില്‍ അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.

‘ഗീതാഞ്ജലി’ക്ക് രബീന്ദ്രനാഥടാഗോറിന് നോബല്‍ സമ്മാനം ലഭിച്ചതുപോലെ കുമാരനാശാന്‍ മലയാളത്തിലെഴുതിയ ‘വീണുപൂവ്’ നോബല്‍സമ്മാന കമ്മിറ്റിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നുവെങ്കില്‍ ആ കൃതിക്കും നോബല്‍ സമ്മാനം ലഭിക്കുമായിരുന്നുവെന്ന് ജ്ഞാനപീഠം അവാര്‍ഡ് ജേതാവായ ബംഗാളി എഴുത്തുകാരന്‍ ഡോ. ശിവരാമ കാരന്ത് 1982 ല്‍ ശിവഗിരി തീര്‍ഥാടനത്തില്‍ പങ്കെടുക്കവെ പറഞ്ഞിരുന്നു. ഗുരുദേവന്റെ ശിഷ്യത്വം, ബംഗാള്‍വാസം, എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി എന്നിവയൊക്കയാണ് ആശാന്റെ അഭ്യുന്നതിക്ക് നിദാനമായത്. കേരളം കണ്ട വിശ്വമഹാകവിയും കുമാരനാശാന്‍ തന്നെ.

 ഒരേസമയം മഹാകവിയും സാമൂഹ്യപരിഷ്‌കര്‍ത്താവും വിപ്ലവകാരിയുമായി ശോഭിക്കാന്‍ ആശാന് സാധിച്ചു. ഗുരുദേവ ശിഷ്യന്മാരില്‍ ശ്രീനാരായണപ്രസ്ഥാനത്തെ കെട്ടിപ്പെടുക്കാന്‍ കുമാരനാശാനെപ്പോലെ ത്യാഗം സഹിച്ച മറ്റൊരാളില്ലെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു.

ആശാന്റെ നിര്‍വാണം പ്രമാണിച്ച് പ്രാര്‍ഥനയും ആശാന്‍ കൃതികളുടെ പാരായണവും ശിവഗിരിയില്‍ നടന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക