വിതുര: കമോന്‍ഡോ ആകണമെന്ന മനസ്സിലെ മോഹം സാക്ഷാത്കരിക്കാന്‍ രാജ്യത്തെ അഞ്ച് ദേശീയ ദുരന്തങ്ങളിലൂടെ സഞ്ചരിച്ച ഒരു ചെറുപ്പക്കാരനുണ്ട് വിതുരയില്‍. പേര് രഞ്ജിത്. ദുരന്തത്തില്‍ പെടുന്ന ഗ്രാമത്തെയും അവിടുത്തെ ജനങ്ങളെയും സ്വമേധയാ സഹാസികമായി ചിലര്‍ രക്ഷിക്കുന്നത് നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ ആരും വിളിക്കാതെ സ്വന്തം ജീവന് പണയം വച്ച്, ദുരന്തമുഖങ്ങളിലെല്ലാം ജീവന്റെ തുടിപ്പുകള്‍ തേടിയെത്തുന്ന ഒരു ചെറുപ്പക്കാരന്. തിരുവനന്തപുരം ജില്ലയിലെ വിതുര ഗോകുല്‍ എസ്റ്റേറ്റിലെ ജോര്‍ജ് ജോസഫ്-ഐവ ജോര്‍ജ് ദമ്പതികളുടെ മകന് രഞ്ജിത് ഇസ്രയേല്‍ എന്ന 33കാരനാണ് ആ ചെറുപ്പക്കാരന്.
ഭാരതത്തില്‍ എവിടെ ദുരന്തമുണ്ടായാലും അവിടെ തന്റെ സേവനപ്രവര്‍ത്തനത്തിന് സാധ്യതയുണ്ടോ എന്ന് അന്വേഷിക്കുന്ന ആളാണ് രഞ്ജിത്. എട്ടുവര്‍ഷത്തിനിടെ അഞ്ച് ദേശീയദുരന്തങ്ങളിലും രക്ഷാപ്രവര്‍ത്തനവുമായി രഞ്ജിത്ത് പങ്കാളിയായിട്ടുണ്ട്. നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സിന്റെ സംഘം ദുരന്തഭൂമിയിലെത്തുമ്പോള്‍ രക്ഷാപ്രവര്‍ത്തനവുമായി രഞ്ജിത്ത് മുമ്പിലുണ്ടാകും.
2013ല്‍ ഉത്തരാഖണ്ഡില്‍ നടന്ന മേഘവിസ്ഫോടനം, 2018ല്‍ കേരളത്തെ നടുക്കിയ പ്രളയദുരന്തം, 2019ലെ കവളപ്പാറയിലെ ഉരുള്‍പൊട്ടല്‍, 2020ലെ ഇടുക്കി പെട്ടിമുടി ഉരുള്‍പൊട്ടല്‍, തപോവന്‍ ടണല്ദുരന്തം ഇങ്ങനെ രാജ്യത്ത് നടന്ന പല ദുരന്തങ്ങളിലും പെട്ടവരെ രക്ഷിക്കാനും മറ്റും വിതുരയിലെ ഈ ചെറുപ്പക്കാരന് തന്റെ വിലപ്പെട്ട സേവനം കാഴ്ചവച്ചിട്ടുണ്ട്.
പ്രതിഫലം ആഗ്രഹിക്കാതെ രാഷ്ട്രസേവനം എന്നതാണ് രഞ്ജിത്തിന്റെ ആദര്‍ശം. എന്നാല്‍ പെട്ടിമുടിയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ ഒരാളെ പോലും രക്ഷിക്കാനാകാത്തത് തനിക്ക് നിരാശയും ദുഃഖവും സമ്മാനിച്ചെന്ന് രഞ്ജിത് പറയുന്നു. സൈനികനാകുകയായിരുന്നു രഞ്ജിത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. അതിനായി കുട്ടിക്കാലം മുതല്‍ കായികരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. പഞ്ചഗുസ്തി, നീന്തല്‍ തുടങ്ങിയവയില്‍ വലിയ ശ്രദ്ധയാണ് ആ കാലത്ത് നല്‍കിയത്.
മൂന്നുതവണ ജൂനിയര്‍ മിസ്റ്റര്‍ ഇന്ത്യയ്ക്കായി മധ്യപ്രദേശില്‍ നടന്ന ദേശീയ ബോഡി ബില്‍ഡിംഗില്‍ പങ്കെടുത്തു. പക്ഷേ സൈന്യത്തില്‍ ചേരാനായില്ല. ദുരന്തങ്ങള്‍ നടക്കുന്നിടത്ത് രക്ഷകനായി രഞ്ജിത്ത് ഓടിയെത്തും. ദുരന്തമുഖത്തെ മികച്ച രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ അറിവു നേടാനായി ഗോവ സേവിംഗ് ടെക്നിക്സ്, പര്‍വതാരോഹണം, ഫോറസ്റ്റ് സര്‍വൈവില്‍ ടെക്നോക്സ്, പവര്‍ ബോട്ട് ഓപ്പറേഷന്‍സ് എന്നിവയില്‍ രഞ്ജിത്ത് പരിശീലനവം നേടി.
സേവനരംഗത്ത് താന്‍ നല്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അതത് ജില്ലകളിലെ കളക്ടര്‍മാര്‍ നല്‍കിയിട്ടുള്ള അനുമോദന സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് രഞ്ജിത്തിന്റെ ആകെയുള്ള സമ്പാദ്യം. അടിമുടി ദുരന്തങ്ങളുണ്ടാകുന്ന നാടാണ് കേരളം. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ അനുഭവസമ്പത്തും സാങ്കേതികപരിജ്ഞാനവുമുള്ള തന്റെ അറിവുകള്‍ പ്രയോജനപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന പരാതി മാത്രമാണ് രഞ്ജിത്തിനുള്ളത്.
മറ്റ് സംസ്ഥാനങ്ങള്‍ ആദരിക്കുമ്പോള്‍ വേണ്ടവിധം ഉപയോഗിക്കുകപോലും ചെയ്യാതെ പൂര്‍ണമായി അവഗണിക്കുകയാണ് കേരളം. വിദേശത്ത് പല കമ്പനികളും തന്റെ സേവനം അഭ്യര്‍ഥിച്ച് വിളിച്ചിട്ടുണ്ട്. പക്ഷേ പ്രകൃതിദുരന്തങ്ങള്‍ കേരളത്തെ വിട്ടുമാറാതെ പിന്തുടരുമ്പോള് എങ്ങനെ സംസ്ഥാനം വിട്ടുപോകാനാകുമെന്ന് രഞ്ജിത്ത് ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: