അന്തിക്കാട് (തൃശൂർ): ടൺ കണക്കിന് തക്കാളി ചൊരിഞ്ഞ് സ്പെയിനിലെ പ്രസിദ്ധമായ തക്കാളി ഉൽസവത്തെ അനുസമരിപ്പിക്കും വിധം നയന മനോഹര ദൃശ്യങ്ങളൊരുക്കിയുള്ള സിനിമാ ചിത്രീകരണം അന്തിക്കാട് നിവാസികൾക്ക് വേറിട്ട കാഴ്‌ച്ചയായി. സജീവൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ലാ ടൊമാറ്റിന എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് പതിനായിരം കിലോയിലധികം തക്കാളി ഉപയോഗിച്ചത്.
യുട്യൂബ് ചാനൽ നടത്തുന്ന മുതിർന്ന മാധ്യമ പ്രവർത്തകനു നേരെയുള്ള പീഡന ദൃശ്യത്തിന് മനോഹാരിത പകരാനാണ് തക്കാളി കൊണ്ടുള്ള രംഗം സജ്ജീകരിച്ചത്. ഇതിനായി അന്തിക്കാട് സിവിൽ സ്റ്റേഷനു മുകളിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തായിരുന്നു ചിത്രീകരണം. ഇതിനു വേണ്ട പത്ത് ടൺ ചുവന്ന തക്കാളി മൈസൂരിൽ നിന്നാണ് എത്തിച്ചത്. കലാസംവിധായകൻ എ.വി. ശ്രീവത്സന്റെ നേതൃത്വത്തിൽ ഇരുപതോളം പേർ 6 മണിക്കൂർ സമയം കൊണ്ടാണ് തക്കാളി പൾപ്പാക്കി മാറ്റിയത്.
ചിത്രത്തിലെ ക്ലൈമാക്സ് രംഗമാണ് ഇവിടെ ചിത്രീകരിച്ചത്. നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജോയ് മാത്യുവിനെ കോട്ടയം നസീർ, ശ്രീജിത്ത് രവി, ലണ്ടൻ സ്വദേശി മരിയ, രമേഷ് രാജ് എന്നിവർ ചേർന്ന് ആക്രമിക്കുന്ന രംഗമാണ് തക്കാളികൾക്കിടയിൽ സംവിധായകൻ സജീവൻ അന്തിക്കാടിന്റെ നേതൃത്വത്തിൽ ചായാഗ്രാഹകൻ മഞ്ജുലാൽ ക്യാമറയിൽ പകർത്തിയത്. ഷൂട്ടിങ്ങിനാവശ്യമായ തക്കാളി മുഴുവൻ എത്തിച്ചു നൽകിയത് അന്തിക്കാട് സ്വദേശിയായ ഉമ്മറാണ്.
തൃപ്രയാറും അന്തിക്കാടുമായിരുന്നു ലാ ടൊമാറ്റിനയുടെ ലൊക്കേഷനുകൾ. വിനയ് ഫോർട്ട് നായകനായ പ്രഭുവിന്റെ മക്കൾ, ടോൾഫ്രീ എന്നിവയാണ് സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങൾ. നടൻ ടോവിനോ തോമസിന്റെ ആദ്യ ചിത്രം കൂടിയാണ് പ്രഭുവിന്റെ മക്കൾ. എം.സിന്ധുവാണ് ലാ ടൊമാറ്റിനയുടെ നിർമ്മാതാവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: