ലഖ്നോ: സമാജ് വാദി പാര്‍ട്ടിക്കുള്ളില്‍ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലിയുള്ള അസ്വാരസ്യം പുകയുന്നു. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സമാജ് വാദി പാര്‍ട്ടിയുടെ ഒരു നേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പക്ഷെ പൊലീസിന്റെ അവസരോചിതമായ ഇടപെടല്‍ കാരണം രക്ഷപ്പെട്ടു. ഈ സംഭവവും അഖിലേഷ് യാദവിന്റെ പ്രതിച്ഛായയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്.
സമാജ് വാദി പാര്‍ട്ടി നേതാവ് ആദിത്യ താക്കൂറാണ് സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സമാജ് വാദി പാര്‍ട്ടിയുടെ ലഖ്നോ ഓഫീസിന് മുന്നില്‍ വെച്ചാണ് ആദിത്യ താക്കൂര്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിമരിയ്ക്കാന് തുനിഞ്ഞത്. ആത്മാഹുതിയ്ക്ക് ഒരുങ്ങുംമുമ്പ് പൊലീസ് ഇടപെട്ട് രക്ഷിയ്ക്കുകയായിരുന്നു.
തന്റെ ജീവിതം മുഴുവന്‍ സമാജ് വാദി പാര്‍ട്ടിക്ക് വേണ്ടി ഹോമിച്ചതാണെന്നും പക്ഷെ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സമയമടുത്തപ്പോള്‍ ടിക്കറ്റ് നിഷേധിച്ചെന്നും ഉറക്കെ പൊട്ടിക്കരഞ്ഞുകൊണ്ട് ആദിത്യ താക്കൂര്‍ പറഞ്ഞു. അലിഗഡിലെ ചാറ മണ്ഡലത്തില്‍ നിന്നും മത്സരിക്കാനായിരുന്നു ശ്രമം.
‘കഴിഞ്ഞ അഞ്ച് വര്‍ഷമായി പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ ഒരുക്കാന്‍ പ്രവര്‍ത്തിച്ചിരുന്നു. പക്ഷെ മത്സരിക്കാന്‍ അവര്‍ ടിക്കറ്റ് നല്‍കിയില്ല. ഞാന്‍ തീര്‍ച്ചയായും ആത്മഹത്യ ചെയ്യും. നിങ്ങള്‍ക്കെന്നെ അറസ്റ്റ് ചെയ്യാം. പക്ഷെ ഞാന്‍ ആത്മഹത്യ ചെയ്യും,’- തറയില്‍ തലചുറ്റി വീഴുന്നതിന് മുന്‍പ് താക്കൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: