കോഴിക്കോട്: മുസ്ലിം ലീഗിനോടും സിപിഎമ്മിനോടുമുള്ള സമീപനത്തിലെ ഭിന്നതകള്‍ സമസ്തയെ വീണ്ടും പിളര്‍പ്പിലേക്ക് എത്തിച്ചേക്കും. എണ്‍പതുകളുടെ ഒടുവില്‍ സമസ്തയില്‍ നിന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം വേറിട്ട സംഭവത്തിന് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ളതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
1926ലാണ് കേരളത്തിലെ സുന്നി മുസ്ലിങ്ങളുടെ പൊതുസംഘടനയെന്ന നിലയില്‍ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ രൂപീകൃതമായത്. കോഴിക്കോട് ടൗണ്‍ഹാളില്‍ ചേര്‍ന്ന ആദ്യ യോഗത്തില്‍ നിരവധി മുസ്ലിം ആത്മീയ നേതാക്കള്‍ പങ്കെടുത്തു. വരക്കല്‍ മുല്ലക്കോയ തങ്ങള്‍ ആദ്യ പ്രസിഡന്റായി 40 അംഗ മുശാവറ (ഉന്നതാധികാര സമിതി) രൂപീകരിച്ചു. എണ്‍പതുകളില്‍ ശരീഅത്ത് വിവാദം ഉണ്ടായപ്പോള്‍ മുസ്ലിം സംഘടനകളുടെ കൂട്ടായ്മയില്‍ സമസ്തയുടെ ജനറല്‍ സെക്രട്ടറി മറ്റ് സംഘടനകളുടെ നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ടതിന്റെ പേരിലുണ്ടായ കലാപമാണ് പിളര്‍പ്പിലേക്ക് നീങ്ങിയത്.
1989 ജനുവരിയില്‍ സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന് നേതാക്കള്‍ സമസ്ത മുശാവറയുടെ തീരുമാനം മറികടന്ന് എറണാകുളത്ത് സമ്മേളനം നടത്തി. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ ഉള്‍പ്പെടെ ആറ് പേര് മുശാവറ കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിപ്പോയി, സമസ്തയുടെ പേരില്‍ പുതിയ കീഴ്ഘടകങ്ങള്‍ രൂപീകരിച്ചു. ഇത് പിന്നീട് എപി സുന്നി വിഭാഗം എന്ന പേരില്‍ അറിയപ്പെട്ടു. രാഷ്ട്രീയമായി സമസ്ത മുസ്ലിം ലീഗുമായി ചേര്‍ന്നു നിന്നപ്പോള്‍ എപി സുന്നി വിഭാഗം ഇടതുപക്ഷത്തിനൊപ്പമായിരുന്നു എന്നും.
വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുസ്ലിം ലീഗിന്റെ നിലപാടിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുകയും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുകയും ചെയ്തതാണ് പുതിയ വിവാദങ്ങള്‍ ഉയര്‍ത്തിയത്. എന്നാല്‍ ഇതിന് മുമ്പ് തന്നെ സമസ്തയിലെ ഒരു വിഭാഗത്തിന്റെ ലീഗുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫും മുസ്ലിം ലീഗും നേരിട്ട പരാജയം ലീഗില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന വിഭാഗീയതയുടെ അടിയൊഴുക്കുകള്‍ സജീവമാക്കി. 40 വര്‍ഷമായി ലീഗ് ഫണ്ട് സ്വന്തമായി കൈകാര്യം ചെയ്യുന്നുവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയെക്കുറിച്ച് പലരും പറഞ്ഞു തുടങ്ങുകയും കുഞ്ഞാലിക്കുട്ടിക്കെതിരെ പാണക്കാട് കുടുംബത്തില്‍ നിന്ന് തന്നെ ആരോപണമുയരുകയും ചെയ്തു. ഇതിന്റെയെല്ലാം തുടര്‍ച്ചയായാണ് സമസ്തയുടെ നിലപാട് മാറ്റം പുറത്തുവന്നത്.
സംസ്ഥാനത്തെ കമ്യൂണിസ്റ്റ് സര്‍ക്കാരുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന സമസ്തയുടെ നിലപാട് പ്രതിപക്ഷത്തുള്ള മുസ്ലിം ലീഗിന് സ്വീകാര്യമാകാത്തത് സ്വാഭാവികം. കമ്മ്യൂണിസ്റ്റ് സര്‍ക്കാരുമായി സഹകരിക്കുന്നത് കമ്മ്യൂണിസവുമായി സഹകരിക്കുന്നതിന് തുല്യമാണെന്ന നിലപാടില്‍ അതിന് മതസംഘടനയായ സമസ്തയ്ക്ക് ഒരിക്കലും സാധിക്കില്ലെന്ന പ്രസ്താവനകളും ചില നേതാക്കള്‍ക്കിടയില്‍ നിന്നുണ്ടായി.
മതനിരാസവും മതവിശ്വ നിഷേധവുമാണ് കമ്യൂണിസമെന്നിരിക്കെ മതവിശ്വാസ അവകാശ ആചാരങ്ങളുടെ സംരക്ഷണത്തിനുള്ള സംഘടനയ്ക്ക് എങ്ങനെ കമ്യൂണിസ്റ്റ് സര്‍ക്കാരുമായും പാര്‍ട്ടിയുമായും സഹകരിക്കാനാകുമെന്ന ചോദ്യം വലിയ തര്‍ക്കവിഷയമാണ് സമസ്ത പണ്ഡിതര്‍ക്കിടയില്‍. അബ്ദുസമദ് പൂക്കോട്ടൂരിനെ പോലുള്ള ചിലര്‍ ലീഗ് യോഗങ്ങളിലടക്കം പ്രസംഗിക്കുന്നവരായതിനാല് ഇവരുടെയൊക്കെ പ്രസംഗങ്ങള്‍ ഒരോന്നും വിവാദത്തിലേക്ക് നീങ്ങുകയാണ്. ഈ വിവാദങ്ങള്‍ ഒടുവില്‍ വീണ്ടും ഒരു പിളര്പ്പിലേക്കെത്താനുള്ള സാധ്യത തള്ളാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: